• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral | കുത്തൊഴുക്കിൽ പെട്ട് ജീവനായി പിടഞ്ഞ് നായ; രക്ഷകനായത് വിവാഹ ചടങ്ങിനെത്തിയയാൾ; വീഡിയോ വൈറൽ

Viral | കുത്തൊഴുക്കിൽ പെട്ട് ജീവനായി പിടഞ്ഞ് നായ; രക്ഷകനായത് വിവാഹ ചടങ്ങിനെത്തിയയാൾ; വീഡിയോ വൈറൽ

കുത്തിയൊഴുകുന്ന വെള്ളത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു നായയുടെ പരിശ്രമമാണ് വീഡിയോയിലുള്ളത്.

 • Share this:
  മനുഷ്യനും നായയും തമ്മിലുള്ള സ്നേഹബന്ധം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മനുഷ്യൻെറ ഏറ്റവും വിശ്വസ്തനായ സഹചാരികളിൽ ഒന്നാണ് നായ. ഇത് വ്യക്തമാക്കുന്ന നിരവധി മുഹൂർത്തങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാവും. യജമാനനോട് വല്ലാത്ത സ്നേഹവും സത്യസന്ധതയും നായ്ക്കൾ പുലർത്താറുണ്ട്. തിരിച്ച് മനുഷ്യർ നായ്ക്കളെ വളരെ സ്നേഹത്തോടെയാണ് വീട്ടിൽ വളർത്താറുള്ളതും പരിചരിക്കാറുള്ളതും. നൂറ്റാണ്ടുകളായി മനുഷ്യനും നായും തമ്മിലുള്ള ഈ അടുപ്പം വെളിവാക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. കാണുന്നവരുടെ ഹൃദയത്തെ സ്പർശിക്കുന്നതും കണ്ണ് നനയിക്കുന്നതുമാണ് ഈ വീഡിയോ.

  കുത്തിയൊഴുകുന്ന വെള്ളത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു നായയുടെ പരിശ്രമമാണ് വീഡിയോയിലുള്ളത്. രക്ഷകനായി ആദ്യം ഒരാളും പിന്നീട് മറ്റൊരാളും എത്തുന്നു. വെള്ളത്തിൻെറ ഒഴുക്കിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന നായ അതിർത്തിയിൽ കെട്ടിയിരിക്കുന്ന തിട്ടയിൽ പിടിച്ച് നിൽക്കുകയാണ്. ആരുടെയെങ്കിലും സഹായം ലഭിച്ചെങ്കിൽ മാത്രമേ അതിന് മുകളിലേക്ക് കയറാൻ സാധിക്കുകയുള്ളൂവെന്ന് ഉറപ്പാണ്. കൈവരിയിലെ പിടിത്തം കൈവിട്ടാൽ വെള്ളത്തിൻെറ ഒഴുക്കിലേക്ക് വീണ് പോവുകയും ചെയ്യും.

  ഈ പ്രദേശത്ത് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയയാളാണ് നായയുടെ രക്ഷകനായത്. വിവാഹവും ആഘോഷവും പിന്നെയാക്കാം ആദ്യം നായയെ രക്ഷിക്കണമെന്ന മനോഭാവത്തോടെയാണ് അയാളെത്തിയത്. കോട്ട് ഒരുഭാഗത്ത് അഴിച്ച് വെച്ച് അയാൾ കരയിലെ ചെറിയ മതിലിന് മുകളിൽ കിടന്നു. കൈനീട്ടി താഴെയുള്ള നായയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. എന്നാൽ നായയുടെ ചെവിയിലേ അയാൾക്ക് പിടിക്കാൻ സാധിക്കുന്നുള്ളൂ. കൂടുതൽ ഏന്തി ശ്രമിച്ചാൽ ചിലപ്പോൾ ആളും വെള്ളത്തിലേക്ക് വീണുപോവുമെന്ന അവസ്ഥ.

  Also Read-Tiger Cub |കടുവാക്കുട്ടിക്കു ദയയില്ലാതെ കല്ലേറ്; പതുങ്ങിയിരുന്ന് കുട്ടിക്കടുവ; video viral

  കുത്തിയൊഴുകുന്ന വെള്ളത്തിൻെറ മറുഭാഗത്ത് നിന്ന ഒരാളാണ് ഈ പരാക്രമങ്ങളെല്ലാം വീഡിയോയിൽ പകർത്തിയിരിക്കുന്നത്. എത്ര ഏന്തിവലിഞ്ഞ് നോക്കിയിട്ടും നായയെ രക്ഷിക്കാൻ സാധിക്കില്ലെന്ന് വന്നതോടെ മറ്റൊരാൾ കൂടി രംഗത്തെത്തുകയാണ്. അയാളും കോട്ടൊക്കെ അഴിച്ച് സിമൻറ് കൊണ്ടുണ്ടാക്കിയ ചെറിയ മതിലിന് മുകളിൽ ഇരുന്നു. ആദ്യത്തെയാളുടെ കാലിന് പിടിച്ച് ബാലൻസ് പോവാതിരിക്കാൻ രണ്ടാമത്തെയാണ് സഹായിച്ചു. ഇതോടെ ആദ്യത്തെയാൾക്ക് കുറേക്കൂടി താഴേക്ക് കൈ എത്തിക്കാൻ സാധിച്ചു. നായയുടെ കാലിൽ ഒരുവിധം പിടികിട്ടിയതോടെ അതിനെ മുകളിലേക്ക് എടുക്കാൻ തുടങ്ങി. ഭയന്ന് വിറച്ചിരിക്കുകയായിരുന്ന നായയും ഇവരോട് സഹകരിച്ചു. ഒടുവിൽ രണ്ടാമതെത്തിയ ആളാണ് പിന്നിൽ നിന്ന് നായയെ കോരിയെടുത്ത് കരയിലെത്തിച്ചത്.


  വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. സഹജീവിയെ രക്ഷിക്കാനായി തുനിഞ്ഞിറങ്ങിയ രണ്ട് പേരുടെ മനസ്സിനെ അഭിനന്ദിക്കുകയാണ് എല്ലാവരും. വീഡിയോയുടെ അവസാനഭാഗത്ത് നായ തന്നെ രക്ഷിച്ചയാളെ പിന്തുടരുന്നതും കാണാം. നായയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം വെളിവാക്കുന്ന ഈ മനോഹരമായ വീഡിയോ എടുത്തയാളോടും പങ്കുവെച്ചയാളോടും കടപ്പാടുണ്ടെന്ന് നിരവധി പേർ പറയുന്നു. ഇത്തരത്തിൽ മനസ്സിന് സന്തോഷം പകരുന്ന വീഡിയോകൾ കാണുന്നത് വലിയ ആശ്വാസമാണെന്നും സോഷ്യൽ മീഡിയ ലോകം പറയുന്നു.
  Published by:Jayesh Krishnan
  First published: