24 മണിക്കൂറിനുള്ളില്‍ 56 പബ്ബുകളില്‍ നിന്ന് പാനീയങ്ങള്‍ കുടിച്ച് ലോക ഗിന്നസ് റെക്കോര്‍ഡ് (Guinness world record) സ്വന്തമാക്കി യുവാവ്. വെയില്‍സില്‍ നിന്നുള്ള ഗാരെത് മര്‍ഫി(29) എന്ന ഐടി ജീവനക്കാരനാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. 24 മണിക്കൂറിനുള്ളില്‍ കാര്‍ഡിഫിലെ മൊത്തം 56 പബ്ബുകളാണ് (56 pubs) ഇദ്ദേഹം കയറിയിറങ്ങിയത്. ഓരോ പബ്ബില്‍ നിന്നും കുറഞ്ഞത് ഒരു പാനീയമെങ്കിലും (beverages) ഇദ്ദേഹം കുടിച്ചിട്ടുണ്ട്.
പബ്ബിൽ നിന്ന് മദ്യമല്ല ഇദ്ദേഹം കഴിച്ചതെന്നതും ശ്രദ്ധേയമാണ്. ആൽക്കഹോളിന്റെ അംശം ഇല്ലാത്ത മറ്റ് പാനീയങ്ങളാണ് മർഫി തിരഞ്ഞെടുത്തത്. ദിവസവും ചെറിയ അളവില്‍ ബിയര്‍ കഴിക്കുന്ന വ്യക്തിയാണ് മർഫി. ഇതുകൂടാതെ, ഓറഞ്ച് ജ്യൂസ്, ആപ്പിള്‍ ജ്യൂസ്, നാരങ്ങാവെള്ളം, കൊക്ക കോള, ഡയറ്റ് പെപ്സി എന്നീ പാനീയങ്ങളാണ് അദ്ദേഹം കഴിച്ചത്. റെക്കോർഡിനായി മർഫി കഴിച്ച പാനീയങ്ങൾ ഇവയാണ്:
4,915 മില്ലി (8.6 പൈന്റ്) ഓറഞ്ച് ജ്യൂസ്
2,845 മില്ലി (5 പൈന്റ്) ആപ്പിള്‍ ജ്യൂസ്
1,023 മില്ലി (1.8 പൈന്റ്) ബിയര്‍
500 മില്ലി (0.8 പൈന്റ്) നാരങ്ങാവെള്ളം
284 മില്ലി (0.5 പൈന്റ്) ഡയറ്റ് പെപ്സി
250 മില്ലി (0.4 പിന്‍സ്) ടാംഗോ
189 മില്ലി (0.33 പൈന്റ്) ബ്ലാക്കറന്റ് കോര്‍ഡിയല്‍
125 മില്ലി (0.2 പൈന്റ്) കൊക്കകോള
125 മില്ലി (0.2 പൈന്റ്) ഗിന്നസ്
125 മില്ലി (0.2 പൈന്റ്) ക്രാന്‍ബെറി ജ്യൂസ്
വര്‍ഷങ്ങളായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള ശ്രമത്തിലായിരുന്നു മര്‍ഫി. ഈ നേട്ടം കരസ്ഥമാക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കാര്ഡിഫാണെന്ന് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാരണം യുകെയില്‍ ഏറ്റവും കൂടുതല്‍ പബ്ബുകളും ബാറുകളും ക്ലബ്ബുകളും ഉള്ളത് കാര്‍ഡിഫ് സിറ്റിയിലാണ്.
''വളരെയധികം ക്ഷീണിച്ച ഒരു ദിവസമായിരുന്നു അത്. എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും പ്രയാസമേറിയ കാര്യമായിരുന്നു അത്'', അദ്ദേഹം പറഞ്ഞു. രാവിലെ 10 മണിക്ക് 125 മില്ലി നാരങ്ങാവെള്ളമാണ് ആദ്യം കുടിച്ചത്. താന്‍ എന്ത് കുടിക്കും എന്നതിനെ കുറിച്ചുള്ള ചിന്തയൊന്നും ഉണ്ടായിരുന്നില്ല. ഏറ്റവും എളുപ്പമുള്ളത് കുടിക്കാം എന്ന് മാത്രമായിരുന്നു ചിന്ത. എത്ര തവണ ടോയ്ലറ്റില് പോയി എന്ന് ഇപ്പോള്‍ അറിയില്ലെന്നും അദ്ദേഹം പറയുന്നു.
2021ല്‍ യുകെ സ്വദേശിയായ മാറ്റ് എല്ലിസിന്റെ റെക്കോര്‍ഡാണ് മര്‍ഫി മറികടന്നത്. 51 പബ്ബുകള്‍ സന്ദര്‍ശിച്ചായിരുന്നു എല്ലിസ് ഗിന്നസ് റെക്കോര്‍ഡ് നേടിയത്. എല്ലിസ് ഒരു വൈന്‍ വ്യാപാരിയാണ്. 8 മണിക്കൂറും 52 മിനിറ്റും 37 സെക്കന്‍ഡും കൊണ്ട് 51 പബ്ബുകളിലെ പാനീയങ്ങള്‍ കുടിച്ചുകൊണ്ടായിരുന്നു എല്ലിസിന്റെ നേട്ടം. കാംബ്രിഡ്ജിലെ 46 പബ്ബുകളും സെന്റ് നിയോട്ട്സിലെ 5 പബ്ബുകളുമാണ് അദ്ദേഹം സന്ദര്‍ശിച്ചത്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.