പല കമ്പനികളും സ്ത്രീകൾക്ക് മെറ്റേണിറ്റി ലീവ് എന്ന പേരിൽ പ്രസവാവധി നൽകുന്നുണ്ടെങ്കിലും അച്ഛൻമാർക്കുള്ള പറ്റേണിറ്റി ലീവ് നൽകുന്ന സ്ഥാപനങ്ങൾ വളരെ വിരളമാണ്. മലേഷ്യയിൽ പറ്റേണിറ്റി ലീവ് ചോദിച്ച ജീവനക്കാരന് അയാളുടെ ജോലി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ഇയാൾ തന്റെ അനുഭവം പങ്കുവെച്ചത്. പറ്റേണിറ്റി ലീവിന് താൻ അപേക്ഷിച്ചിരുന്നു എന്നും ഫോൺ കോൾ പോലും ചെയ്യാതെ ഒരു മെസേജിലൂടെ തന്നെ പിരിച്ചുവിട്ട കാര്യം മേലുദ്യോഗസ്ഥൻ അറിയിക്കുകയായിരുന്നു എന്നും ഇയാൾ പറയുന്നു.
ഡോക്ടർമാർ പറഞ്ഞതിലും നേരത്തെയാണ് തന്റെ ഭാര്യ പ്രസവിച്ചതെന്നും ഇത് തങ്ങളുടെ ആദ്യത്തെ കുട്ടിയാണെന്നും ഇയാൾ പോസ്റ്റിൽ പറയുന്നുണ്ട്. ഡ്യൂ ഡേറ്റിന്റെ സമയത്ത് ലീവ് എടുക്കാൻ ഇയാൾ നേരത്തെ തന്നെ പ്ലാൻ ചെയ്തിരുന്നു. എന്നാൽ, കാര്യങ്ങളെല്ലാം മാറിമറിഞ്ഞെന്നും പറഞ്ഞതിലും നേരത്തെ ലീവ് എടുക്കേണ്ടി വരികയായിരുന്നു എന്നും ഇയാൾ ചൂണ്ടിക്കാട്ടി. ജോലിയിൽ നിന്ന് പിരിച്ചു വിട്ട മേലുദ്യോഗസ്ഥൻ ഈ ജീവനക്കാരനെ മടിയൻ എന്നു പോലും വിശേഷിപ്പിച്ചു. എന്തുകൊണ്ടാണ് ഇയാളുടെ ഭാര്യ നേരത്തെ പ്രസവിച്ചത് എന്നു പോലും ബോസ് ചോദിച്ചതായി ഇയാൾ പറയുന്നു.
Also Read-‘ഇറച്ചി വേവിക്കുന്ന മണം സഹിക്കാൻ വയ്യ’; അയൽക്കാരന് അയച്ച കത്ത് വൈറൽ
ഇയാളുടെ പോസ്റ്റിനു താഴെ വരുന്ന കമന്റുകളിൽ ഭൂരിഭാഗവും മേലുദ്യോഗസ്ഥനെ വിമർശിച്ചു കൊണ്ടുളളതാണ്. മേലുദ്യോഗസ്ഥൻ ആ സ്ഥാനത്തു നിന്നും രാജി വെയ്ക്കണം എന്നും പലരും ആവശ്യപ്പെടുന്നുണ്ട്. ഇതിനായി പത്തു കാരണങ്ങളും ചിലർ കമന്റ് ബോക്സിൽ പങ്കുവെച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.