അസാധ്യമെന്ന് തോന്നുന്ന പല കാര്യങ്ങളും അനായാസം ചെയ്ത് തീർത്ത് ഓരോ വർഷവും ഗിന്നസ് വേൾഡ് റെക്കോർഡിൽ (Guinness World Record) ഇടം പിടിക്കുന്ന നിരവധി പേരുണ്ട്. അടുത്തിടെ പോളണ്ടിൽ (Poland) നിന്നുള്ള ഒരാൾ ഐസ് നിറച്ച ബോക്സിനുള്ളിൽ മൂന്ന് മണിക്കൂറിലധികം (3 Hours) സമയം ചെലവഴിച്ചാണ് റെക്കോർഡ് (Record) സൃഷ്ടിച്ചിരിക്കുന്നത്.
ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ 3 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. വീഡിയോയിൽ പോളണ്ടിൽ നിന്നുള്ള വാലർജൻ റൊമാനോവ്സ്കി (Valerjan Romanovski) എന്നയാൾ ഐസ് നിറച്ച ഒരു പെട്ടിക്കുള്ളിൽ ഇരിക്കുന്നത് കാണാം. ശേഷം സംഘാടകർ അയാളെ മൂടുന്ന വിധം ഐസുകൾ നിറയ്ക്കുന്നു. പുറത്തെ കാലാവസ്ഥ 8 ഡിഗ്രിയും കാറ്റും ഉണ്ടായിരുന്നിട്ടും ഐസ് നിറച്ച ബോക്സിൽ ഇരുന്ന് റൊമാനോവ്സ്കി റെക്കോർഡ് സൃഷ്ടിച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തി.
ഈ ശ്രമം അമ്പരപ്പോടെ നോക്കിനിൽക്കുന്ന ആളുകളെയും വീഡിയോയിൽ കാണാം. ഇതേ ശ്രമത്തിന്റെ അവസാന റെക്കോർഡ് 2 മണിക്കൂർ, 35 മിനിറ്റ്, 33 സെക്കൻഡ് ആയിരുന്നു. എന്നാൽ 3 മണിക്കൂർ 28 സെക്കൻഡ് പിന്നിട്ടുകൊണ്ട് റൊമാനോവ്സ്കി അതിനെ മറികടന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്.
താൻ വർഷങ്ങളായി മനുഷ്യ ശരീരത്തിന്റെ അസാധ്യ കഴിവുകളെക്കുറിച്ച് ഗവേഷണം നടത്തുകയാണ്. ശരീരത്തിന്റെയും മനസ്സിന്റെയും സാധ്യതകൾ നമ്മൾരും കരുതുന്നതിനേക്കാൾ അപ്പുറമാണെന്ന് തന്റെ റെക്കോർഡിനെക്കുറിച്ച് സംസാരിക്കവെ റൊമാനോവ്സ്കി ജിഡബ്ല്യുആറിനോട് പറഞ്ഞു. തന്റെ മനസ്സിനും ശരീരത്തിനും വേണ്ടിയാണ് താൻ ഇപ്പോൾ പ്രവർത്തിക്കുന്നത് എന്നും അത് തനിക്ക് വലിയ സംതൃപ്തി നൽകുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഈ ലോക റെക്കോർഡ് കൈവരിക്കാനുള്ള പരിശീലനത്തിനായി അദ്ദേഹം ആറു മാസമാണ് ചെലവഴിച്ചത്. മാത്രമല്ല നിരവധി വർഷങ്ങളായി അദ്ദേഹം തണുപ്പ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. "ഞാൻ മഞ്ഞിലും മഞ്ഞുമൂടിയ വെള്ളത്തിലും തണുത്തുറഞ്ഞ വായുവിലും പരിശീലനം നേടി. വീട്ടിൽ ഞാൻ തണുത്ത വെള്ളത്തിലാണ് കുളിക്കുന്നത്. പരിശീലന സമയത്ത് ഞാൻ 90 മിനിറ്റ് വരെ ഐസിൽ ചെലവഴിച്ചിരുന്നു," റൊമാനോവ്സ്കി ജിഡബ്ല്യുആറിനോട് പറഞ്ഞു.
ഈ കഴിവിൽ പ്രാവീണ്യം നേടിയതിന്റെ അടയാളമാണ് തന്റെ ലോക റെക്കോർഡ് എന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, തന്റെ ഓരോ റെക്കോർഡുകളും ക്യാൻസർ ബാധിച്ച ആളുകൾക്ക് വേണ്ടി അദ്ദേഹം സമർപ്പികുകയും ചെയ്തു. നിലവിൽ റൊമാനോവ്സ്കി ഡികെഎംഎസ് ഫൗണ്ടേഷന്റെ അംബാസഡറാണ്. ബ്ലഡ് കാൻസർ രോഗികൾക്ക് വേണ്ടിയുള്ള ഫൗണ്ടേഷൻ ആണിത്.
" അസ്ഥി വരെ മരവിപ്പിക്കുന്ന സഹനശക്തിയുമായി പോളണ്ടിൽ നിന്നുള്ള വാലർജാൻ റൊമാനോവ്സ്കി" എന്നാണ് വീഡിയോ പങ്കിടുമ്പോൾ ജിഡബ്ല്യുആർ കുറിച്ചത് . 20 മണിക്കൂർ മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ 9000 ത്തിലധികം ലൈക്കുകൾ നേടുകയും 89000 പേർ കാണുകയും ചെയ്തിട്ടുണ്ട്. റൊമാനോവ്സ്കിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമെന്റ് ചെയ്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.