നല്ല ശമ്പളമുള്ള ഒരു ജോലി നേടുക എന്നത് ഇക്കാലത്ത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ 34കാരനായ ഒരു യുവാവ് തന്റെ സ്ഥിരതയുള്ള ജോലിയും ഉയർന്ന ശമ്പളവും ഉപേക്ഷിച്ച് ലോകം ചുറ്റിക്കറങ്ങാൻ പോയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സംഗതി ശരിയാണ് കേട്ടോ! 55,000 പൗണ്ട് (ഏകദേശം 56 ലക്ഷം രൂപ) സമ്പാദിച്ചിരുന്ന സ്റ്റാൻലി ആര്യാന്റോ യാത്രകളോടുള്ള ഇഷ്ടം കാരണം 2018-ൽ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ലോകം ചുറ്റാൻ ഇറങ്ങി.
മെക്കാനിക്കൽ എഞ്ചിനീയറായ സ്റ്റാൻലി ഒന്നിലധികം ഭൂഖണ്ഡങ്ങളിലെ പല രാജ്യങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയ, അമേരിക്ക, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നിവയുൾപ്പെടെ 26 രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ടെന്ന് മെട്രോ യുകെ റിപ്പോർട്ടിൽ പറയുന്നു. അന്നു മുതൽ തന്റെ ജീവിതം ഒരു സ്യൂട്ട്കേസിലാണ് എന്ന് അദ്ദേഹം പറയുന്നു. യാത്രയ്‌ക്കൊപ്പം, ഫോട്ടോഗ്രാഫിയും സ്റ്റാൻലിയുടെ ഇഷ്ടവിനോദമാണ്.
ഇൻസ്റ്റാഗ്രാമിൽ wickedhunt എന്ന പേരിലാണ് സ്റ്റാൻലിയുടെ അക്കൗണ്ട്. അവസാനം വന്ന ഒരു പോസ്റ്റിൽ ഫോട്ടോഗ്രാഫിയോടുള്ള തന്റെ ഇഷ്ടം പ്രകടിപ്പിച്ച് കൊണ്ട് അദ്ദേഹം എഴുതിയത് ഇങ്ങനെ ആയിരുന്നു; നാടോടിയായി മാറിയ എൻജിനീയർ, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമങ്ങളിൽ ഒന്ന് എന്റെ ജീവിതത്തിന്റെ തുടക്കം മുതൽ തന്നെ എന്റെ ആഗ്രഹങ്ങളെ ഞാൻ പിന്തുടർന്നില്ല എന്നതാണ്. ഒടുവിൽ അതിനുള്ള ധൈര്യം നേടിയെടുക്കാൻ എനിക്ക് 30 വർഷം വേണ്ടി വന്നു. നിങ്ങൾ എന്ത് ചെയ്യാൻ ഇഷ്ട്ടപെടുന്നു എന്നത് നിങ്ങൾ എത്രയോ പ്രാവശ്യം ആലോചിച്ചിട്ടുണ്ടാകാം പക്ഷെ നിങ്ങളതിനെ പിന്തുടർന്ന് പോയോ? ആ ആഗ്രഹ നിവർത്തിക്കായി ഇറങ്ങി പുറപ്പെട്ടോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അങ്ങനെ പിൻതുടരാതിരിക്കുന്നത് പിന്നീട് വലിയ വിഷമമായി മാറും, പക്ഷെ അപ്പോഴേക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരിക്കും.
ലോകയാത്രയ്‌ക്കായി ജോലി ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചും സ്റ്റാൻലി ആര്യാന്റോ പറഞ്ഞു; “തിരിഞ്ഞ് നോക്കുമ്പോൾ, ഇത് ഒരു ഭ്രാന്തൻ തീരുമാനമായിരുന്നു എന്ന് തോന്നും, പക്ഷേ ഈ ജീവിതശൈലി എനിക്ക് ലോകത്തെയും ലോകത്തിന്റെ സൗന്ദര്യത്തെയും കാണാൻ വളരെയധികം അവസരങ്ങൾ നൽകി. അത്തരത്തിൽ ഒരു ഭ്രാന്തൻ തീരുമാനം എടുത്തിരുന്നില്ലെങ്കിൽ ലോകമെമ്പാടുമുള്ള ഈ സൗന്ദര്യം എനിക്ക് നഷ്ടമാകുമായിരുന്നു.
Also Read-കരിമ്പിന്‍ ജ്യൂസ് ഉണ്ടാക്കാൻ ‘ഹൈടെക്ക് മെഷീന്‍’; വൈറല്‍ വീഡിയോ
തന്റെ സാഹസിക യാത്രകളിൽ ഏറ്റവും പ്രിയപ്പെട്ട നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി 6,800 വർഷങ്ങൾക്ക് ശേഷം മാത്രം ഇനി കാണാൻ സാധിക്കുന്ന നിയോവൈസ് എന്ന ധൂമകേതുവിനെ കണ്ടതാണെന്ന് സ്റ്റാൻലി വെളിപ്പെടുത്തി. അതുപോലെ ബാലിയിലെ അഗ്നിപർവ്വതത്തിന്റെ മുകളിൽ നിന്ന് ക്ഷീരപഥം കണ്ടതും അതുപോലെ നോർത്തേൺ ലൈറ്റ്‌സ് കണ്ടതും അവിസ്മരണീയമായ നിമിഷങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.