വൈദ്യുതി മുടക്കവും (power disruption) ലോഡ് ഷെഡ്ഡിംഗും നമ്മുടെ രാജ്യത്ത് പുതിയ കാര്യമല്ല. ഗ്രാമീണ ജനതയാണ് ഇതിന്റെ ദുരിതം ഏറെ അനുഭവിക്കുന്നത്. പക്ഷേ, ഇവിടെ ഒരാൾ അതിനൊരു പരിഹാരം കണ്ടെത്തി, തികച്ചും വിചിത്രമായ ഒന്ന്. ശിവമോഗ ജില്ലയിലെ മാങ്കോട് ഗ്രാമവാസിയായ എം ഹനുമന്തപ്പ മിക്കവാറും എല്ലാ ദിവസവും അടുത്തുള്ള മെസ്കോം ഓഫീസിൽ (വൈദ്യുതി ബോർഡ് ഓഫിസ്) എത്താറുണ്ട്.
മിക്സിയും ജാറും ഒന്നുരണ്ട് മൊബൈൽ ചാർജറുകളും പിടിച്ച് അയാൾ ദിവസവും മെസ്കോം ഓഫീസിൽ പോകുന്നത് കാണാൻ കഴിയും. ചിലപ്പോൾ, ആരെങ്കിലും അയാളെ അവരുടെ വാഹനത്തിൽ ലിഫ്റ്റ് നൽകാറുണ്ട്. അല്ലെങ്കിൽ അയാൾ അവിടെ വരെ നടന്ന് പോയി, അവരുടെ വൈദ്യുതി ഉപയോഗിച്ച് അന്നത്തെ ദിവസം സ്വന്തം അടുക്കളയിൽ ആവശ്യമായ മസാല പൊടിക്കുന്നു. അയാൾ അവിടെ തന്റെ ഒന്നിലധികം ഫോണുകൾ ചാർജ് ചെയ്യുകയും എല്ലാ ഉപകരണങ്ങളുമായി മടങ്ങുകയും ചെയ്യുന്നു. ഇതെല്ലാം പകൽ വെളിച്ചത്തിൽ നടക്കുന്നതിനാൽ ആ ഓഫീസിൽ ഉള്ള ഉദ്യോഗസ്ഥർ ആരും തന്നെ ഇതിനെ എതിർക്കുന്നില്ല.
ഇപ്പോൾ 10 മാസത്തോളമായി ഇത് തുടരുന്നു. തുടക്കത്തിൽ, ഹനുമന്തപ്പ മെസ്കോമിന് ഒരു അഭ്യർത്ഥന സമർപ്പിച്ചു. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും തന്റെ വീടിന് ശരിയായ വൈദ്യുതി വിതരണം ചെയ്യണമെന്ന് ചിന്തിക്കാൻ അതുകൊണ്ടു കഴിഞ്ഞേക്കും എന്നദ്ദേഹം കരുതി.
നിലവിൽ, അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു ദിവസം പരമാവധി 3-4 മണിക്കൂർ വൈദ്യുതി വിതരണം ആസ്വദിക്കാനാകും. മാസങ്ങൾ നീണ്ട അഭ്യർത്ഥനകളും വഴക്കുകളും തുടർനടപടികളും ഒന്നും സഹായിച്ചില്ല. അയൽക്കാർക്ക് വൈദ്യുതി ലഭിച്ചിട്ടും ഇദ്ദേഹത്തിന്റെ കുടുംബം അക്ഷരാർത്ഥത്തിൽ ഇരുട്ടിൽ കഴിയുകയാണ്. പ്രദേശത്തെ ജനപ്രതിനിധിയോടും എം.എൽ.എ.യോടും അഭ്യർഥിച്ചിട്ടും ഇതുവരെ ഒന്നും ഫലവത്തായില്ല.
വീഡിയോ ചുവടെ കാണാം:
ഇതെല്ലാം കണ്ട് മടുത്ത ഹനുമന്തപ്പ ഒരു ദിവസം മെസ്കോമിലെ മുതിർന്ന ഉദ്യോഗസ്ഥനെ വിളിച്ച് അതിനെക്കുറിച്ച് ചോദിച്ചു. ഇരുവരും തമ്മിലുള്ള വാക്കുതർക്കം രൂക്ഷമായി. “ഞങ്ങൾ മസാല പൊടിച്ച് വീട്ടിൽ ഭക്ഷണം പാകം ചെയ്യുമെന്നറിയാമോ? ഫോണുകൾ എങ്ങനെ ചാർജ് ചെയ്യണം? അതൊരു അടിസ്ഥാന ആവശ്യമാണ്. ഇവയ്ക്കായി എനിക്ക് എല്ലാ ദിവസവും എന്റെ അയൽവാസിയുടെ വീട്ടിൽ കയറാൻ കഴിയില്ല, ” ഹനുമന്തപ്പ പറഞ്ഞു. “എങ്കിൽ മെസ്കോം ഓഫീസിൽ പോയി മസാല പൊടിക്കൂ,” എന്ന് ഉദ്യോഗസ്ഥൻ ദേഷ്യത്തോടെ പറഞ്ഞു.
ഹനുമന്തപ്പ ആ ഉപദേശം വളരെ ഗൗരവത്തോടെ എടുത്തു! തുടർന്ന് അദ്ദേഹം മെസ്കോം ഓഫീസിലേക്കുള്ള തന്റെ ദൈനംദിന യാത്രകൾ ആരംഭിച്ചു. ഇത് അവരുടെ തന്നെ മുതിർന്ന ഉദ്യോഗസ്ഥൻ തന്നെ പറഞ്ഞതിനാൽ, മറ്റ് ജീവനക്കാർ എതിർത്തില്ല.
ഇതേക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ, കനത്ത മഴയെത്തുടർന്ന് ഐപി സെറ്റുകൾ ചാർജ് ചെയ്യാൻ കഴിയില്ലെന്ന് മെസ്കോമിലെ ജൂനിയർ എഞ്ചിനീയർ വിശ്വനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു. മല്ലപ്പുര വിതരണ കേന്ദ്രത്തിൽ നിന്ന് വൈദ്യുതി ലൈൻ വലിച്ചാൽ ഹനുമന്തപ്പയ്ക്ക് താത്കാലിക വൈദ്യുതി ലഭിക്കും. ഹനുമന്തപ്പയുടെ വീടിന് ഒരു മാസത്തിനകം വൈദ്യുതി കണക്ഷൻ നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ഈ സംഭവം വെളിച്ചത്ത് വരികയും അദ്ദേഹത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തതോടെ മുതിർന്ന മെസ്കോം ഉദ്യോഗസ്ഥർ വിഷയം കൈയിലെടുക്കുകയും പത്തോളം ജൂനിയർ ജീവനക്കാർക്ക് സ്വകാര്യ ആവശ്യത്തിനായി ഒരാൾക്ക് സർക്കാർ ഓഫീസ് ഉപയോഗിക്കാൻ അനുമതി നൽകിയതിന് നോട്ടീസ് നൽകുകയും ചെയ്തു. എന്നാൽ ഹനുമന്തപ്പയുടെ വീട്ടിലേക്ക് ഇതുവരെ വൈദ്യുതി എത്തിയിട്ടില്ല. എന്നാൽ, മെസ്കോമിലേക്കുള്ള അദ്ദേഹത്തിന്റെ മിക്സി മസാല യാത്ര തൽക്കാലം അവസാനിച്ചിരിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.