നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Smart Employee | അഞ്ച് വർഷക്കാലം ജോലിയിൽ ഇരുന്ന് 'ഒരു പണിയും ചെയ്യാത്ത' ജീവനക്കാരന് സ്ഥാനക്കയറ്റവും ശമ്പളവർദ്ധനവും

  Smart Employee | അഞ്ച് വർഷക്കാലം ജോലിയിൽ ഇരുന്ന് 'ഒരു പണിയും ചെയ്യാത്ത' ജീവനക്കാരന് സ്ഥാനക്കയറ്റവും ശമ്പളവർദ്ധനവും

  അഞ്ച് വര്‍ഷത്തോളം ജോലിയില്‍ ഇരുന്ന് 'ഒന്നും ചെയ്യാതെ' സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും നേടിയത് എങ്ങനെയെന്ന് റെഡ്ഡിറ്റിലൂടെ വിശദീകരിച്ചിരിക്കുകയാണ് അദ്ദേഹം

  Image Credits: iStock Images

  Image Credits: iStock Images

  • Share this:
   എത്ര നല്ല പ്രകടനം കാഴ്ചവെച്ചാലാണ് ജോലിസ്ഥലത്ത് ഒരു സ്ഥാനക്കയറ്റമോ (Promotion) ശമ്പള വർധനയോ (Salary Hike) നമ്മളെ തേടി എത്തുക! ഏറെ നാൾ കാത്തിരുന്നാലും പലരെയും സംബന്ധിച്ചിടത്തോളം അത് വെറുമൊരു സ്വപ്നം മാത്രമായി അവശേഷിക്കാറുണ്ട്. എല്ലാ ദിവസവും നന്നായി പണിയെടുത്തിട്ടും ജോലിയില്‍ പ്രത്യേകിച്ച് മാറ്റം ഒന്നും സംഭവിക്കാതെ മുന്നോട്ട് പോകുന്നവരാണ് കൂടുതൽ പേരും. എന്നാൽ, അഞ്ച് വര്‍ഷത്തോളം ജോലിയില്‍ ഒന്നും ചെയ്യാതെ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും നേടിയെടുത്തിരിക്കുകയാണ് ഒരു ജീവനക്കാരൻ.

   കഠിനമായി പണി എടുക്കുന്നതിന് പകരം സമര്‍ത്ഥമായി പണിയെടുത്തതാണ് തന്റെ ഈ നേട്ടത്തിന് കാരണം എന്ന് ആ ജീവനക്കാരൻപറയുന്നു. അഞ്ച് വര്‍ഷത്തോളം ജോലിയില്‍ ഇരുന്ന് 'ഒന്നും ചെയ്യാതെ' സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും നേടിയത് എങ്ങനെയെന്ന് റെഡ്ഡിറ്റിലൂടെ വിശദീകരിച്ചിരിക്കുകയാണ് അദ്ദേഹം. ഈ വ്യക്തിയ്ക്ക് 2015 ല്‍ നൈറ്റ് ഷിഫ്റ്റില്‍ ഒരു ഡാറ്റാ എന്‍ട്രി ജോലി ലഭിച്ചു. "ഇതൊരു ഡാറ്റാ എന്‍ട്രി തസ്തികയായിരുന്നു. അതായത്, ഓര്‍ഡറിന്റെ വിശദാംശങ്ങള്‍ അടങ്ങുന്ന ഒരു ഇമെയില്‍ എനിക്ക് ലഭിക്കും. ഇതിലെ വിവരങ്ങള്‍ സിസ്റ്റത്തിലേക്ക് നല്‍കുക എന്നതായിരുന്നു എന്റെ ജോലി", അദ്ദേഹം പറയുന്നു.

   പരിശീലനത്തിന് ശേഷം, ഒരു പ്രത്യേക കോഡ് ഉപയോഗിച്ച് ഈ ജോലി ചെയ്യാമെന്ന് അദ്ദേഹം മനസിലാക്കി. എന്നാല്‍, കോഡിങ്ങ് അറിയാത്തതിനാല്‍, തനിക്ക് വേണ്ടി കോഡ് വികസിപ്പിക്കാനുള്ള ദൗത്യം അദ്ദേഹം ഒരു ഫ്രീലാന്‍സറെ ഏൽപ്പിച്ചു. ഇതിന് രണ്ട് മാസത്തെ ശമ്പളം മാറ്റിവെയ്‌ക്കേണ്ടി വന്നു. എന്നാല്‍, കോഡ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ മണിക്കൂറില്‍ എത്ര ഓര്‍ഡറുകള്‍ എൻട്രിചെയ്യണം എന്നതിന്റെ വിവരങ്ങള്‍ നല്‍കുക മാത്രമാണ് അദ്ദേഹത്തിന് ചെയ്യേണ്ടി വന്നത്.

   "ആദ്യ ദിവസം മുതല്‍ ഞാന്‍ വീട്ടില്‍ ഇരുന്നാണ് ജോലി ചെയ്തിരുന്നത്. കാരണം രാത്രി ഷിഫ്റ്റിന് യാത്ര സൗകര്യങ്ങളോ മറ്റ് ചെലവുകൾക്കുള്ള പണമോ നല്‍കാന്‍ കമ്പനി തയ്യാറായിരുന്നില്ല", അദ്ദേഹം പറയുന്നു.

   "ആദ്യത്തെ രണ്ട് വര്‍ഷക്കാലം എന്റെ ജോലിയില്‍ കോഡ് ഉപയോഗിച്ച് ചെയ്യാന്‍ കഴിയാത്ത എന്തെങ്കിലും കാര്യങ്ങൾ ഉണ്ടോ എന്ന് ഞാന്‍ പരിശോധിക്കുമായിരുന്നു. സാധാരണയായി ഇതിന് 5 മിനിറ്റില്‍ താഴെ മാത്രമാണ് സമയമെടുത്തിരുന്നത്. അതിന്‌ ശേഷം ഞാന്‍ ജോലിസമയം കമ്പ്യൂട്ടര്‍ നോക്കാനും സിനിമകള്‍ കാണാനും ഉറങ്ങാനും മറ്റുമായി ചെലവഴിച്ചു. ചിലപ്പോള്‍ ഞാന്‍ പുറത്തു പോവുക പോലും ചെയ്തിരുന്നു. പിന്നീട് ജോലിയുടെ ഭാഗമായുള്ള എല്ലാ പ്രവർത്തനങ്ങളും ഞാന്‍ കോഡില്‍ ഉൾപ്പെടുത്തി", അദ്ദേഹം വിശദീകരിച്ചു.

   തന്റെ 'സ്തുത്യര്‍ഹ സേവനം' പരിഗണിച്ച് കമ്പനി പല തവണ സ്ഥാനക്കയറ്റം നൽകിയതായി അദ്ദേഹം പറഞ്ഞു. മികച്ച ജോലികള്‍ക്കായി മറ്റ് നിരവധി ഓഫറുകള്‍ അദ്ദേഹത്തിന് ഇതിനിടയില്‍ ലഭിച്ചിരുന്നു. എന്നാല്‍, നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് പുറത്തുപോകാന്‍ ഒരു കാരണവുമില്ലാത്തതിനാല്‍ അദ്ദേഹം പുതുതായി ലഭിച്ച ജോലി വാഗ്ദാനങ്ങളെല്ലാംനിരസിച്ചു.

   "ചിലപ്പോഴൊക്കെ സഹപ്രവര്‍ത്തകര്‍ എന്നോട് മത്സരിക്കാന്‍ വരാറുണ്ട്. അത് എന്നെ കോഡ് തുറക്കാനും എന്റെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും എപ്പോഴും ഒന്നാമതായിരിക്കാനും ആവശ്യമായ മാറ്റങ്ങള്‍ കോഡിങ്ങിൽ വരുത്താനും എന്നെ പ്രേരിപ്പിക്കും. ഞാന്‍ പതിവായി നമ്പറുകള്‍ മാറ്റാറുണ്ടെങ്കിലും ആരും അത് ശ്രദ്ധിക്കാറുണ്ടായിരുന്നില്ല", അദ്ദേഹം പറഞ്ഞു. ഇതിനിടെ, അവധികള്‍ എടുക്കാത്തതിന് അദ്ദേഹത്തിന് രണ്ടു തവണ ശമ്പളം കൂട്ടി കിട്ടുകയും ചെയ്തു.

   അദ്ദേഹത്തെ മാറ്റി പകരം ഒരു പ്രോഗ്രാം വികസിപ്പിച്ചെടുക്കുന്നതിന് തൊഴിലുടമകള്‍ക്ക് നാല് വര്‍ഷം വേണ്ടി വന്നു. "ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഞാൻ ജോലി ഉപേക്ഷിച്ചു. എനിക്ക് ലാപ്ടോപ്പും മറ്റ് ഓഫീസ് ഉപകരണങ്ങളും കൈവശം വെയ്ക്കാമെന്നും താല്‍പ്പര്യമുള്ള ഏത് സ്ഥാനത്തേക്കും വീണ്ടും അപേക്ഷിക്കാന്‍ സ്വാഗതം ചെയ്യുന്നുവെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ ആരോടും, എന്റെ കുടുംബത്തോടു പോലും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല, ആ കമ്പനിയിലെ എന്റെ ജോലി എന്താണെന്ന് ഭാര്യക്ക് പോലും അറിയില്ലായിരുന്നു. ഇപ്പോള്‍ ആ ജോലിയ്ക്ക് വിരാമമായിരിക്കുന്നു. നിങ്ങള്‍ക്ക് വേണ്ടി എന്റെ ജോലിയുടെ ഇരുണ്ട രഹസ്യം ഞാന്‍ ഇവിടെ വെളിപ്പെടുത്തുകയാണ്", അദ്ദേഹം വ്യക്തമാക്കി. അതേസമയം തന്റെ ജോലിയെ സംബന്ധിക്കുന്ന രഹസ്യം വെളുപ്പെടുത്തിയ സമർത്ഥനായ ഈ വ്യക്തിയ്ക്ക് മികച്ച പിന്തുണയാണ് റെഡ്ഡിറ്റില്‍ ലഭിക്കുന്നത്. ഇത് സംബന്ധിച്ച് രസകരമായ പ്രതികരണങ്ങളാണ് പലരും പങ്കുവെയ്ക്കുന്നത്.

   "ഒരു ജോലി ചെയ്യാനാണ് നിങ്ങള്‍ക്ക് പണം ലഭിക്കുന്നത്. നിങ്ങള്‍ അത് എങ്ങനെ ചെയ്യുന്നുവെന്ന് ആര് ശ്രദ്ധിക്കുന്നു! എന്തായാലും എനിക്ക് ഇത് ഇഷ്ടപ്പെട്ടു", എന്നായിരുന്നു ഇതേ കുറിച്ച് ഒരു റെഡിറ്റ് ഉപയോക്താവിന്റെപ്രതികരണം.

   "അതെ. അഞ്ച് വര്‍ഷത്തിനിടയില്‍ അയാൾ ജോലിസമയം എങ്ങനെ ചെലവഴിക്കുന്നുവെന്ന് കണ്ടെത്താന്‍ ആരും പരിശോധന നടത്തിയിട്ടില്ലെങ്കിൽ, അത് ആ സ്ഥാപനത്തിന്റെ പ്രശ്‌നമാണ്. ഡാറ്റ രേഖപ്പെടുത്തുന്നതിന് അയാള്‍ക്ക് പണം ലഭിച്ചു, അയാള്‍ ആ ജോലി കൃത്യമായി നിർവഹിച്ചു. ജോലിയുടെ കരാര്‍ പാലിക്കുകയും ചെയ്തു" എന്നാണ് മറ്റൊരാള്‍ കമന്റായി എഴുതിയത്.

   "ഒരു കമ്പനിക്ക് വേണ്ടി എന്തെങ്കിലും ഓട്ടോമേറ്റ് ചെയ്താൽ പ്രതിഫലം ഒരിക്കൽ മാത്രമാണ് ലഭിക്കുക. എന്നാൽ, ആരും അറിയാതെ നിങ്ങളുടെ സ്വന്തം ജോലി ഓട്ടോമേറ്റ് ചെയ്യുക, എന്നിട്ട് ഒരു പണിയുംചെയ്യാതെ അഞ്ച് വര്‍ഷത്തോളം ശമ്പളം കൃത്യമായി വാങ്ങുക. ആ ജോലി അവസാനിച്ചെങ്കിലും നിങ്ങള്‍ക്ക് അുമോദനങ്ങള്‍", എന്ന് മറ്റൊരാൾ ജീവനക്കാരന്റെ സാമർഥ്യത്തെ അഭിനന്ദിച്ചുകൊണ്ട് കുറിച്ചു.

   "എനിക്ക് എപ്പോഴും ഉള്ളിൽ കുറ്റബോധം തോന്നിയിരുന്നു. എന്നാല്‍ റെഡിറ്റില്‍ പിന്തുണ ലഭിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ റെഡ്‌ഡിറ്റിൽ ഇതേക്കുറിച്ച് പറയണമെന്ന് പല ഘട്ടങ്ങളിലും ആഗ്രഹിച്ചിരുന്നെങ്കിലും അതിനുവേണ്ടി ആത്മാർത്ഥമായിശ്രമിച്ചില്ല", സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമിലെ നിരവധി ഉപയോക്താക്കളിൽ നിന്നും ലഭിച്ച പിന്തുണയ്ക്ക് മറുപടിയായി അദ്ദേഹം പ്രതികരിച്ചു.
   Published by:Naveen
   First published: