• HOME
  • »
  • NEWS
  • »
  • buzz
  • »
  • MAN STAYING ALONE IN AN ISLAND EVACUATED TO ANOTHER PLACE MM

32 വർഷമായി ദ്വീപിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഇറ്റാലിയൻ സ്വദേശിയെ കുടിയൊഴിപ്പിച്ച് അധികൃതർ

ദ്വീപിലെ താമസം മതിയാക്കണമെന്ന അധികൃതരുടെ നോട്ടീസിനും സമ്മർദ്ദത്തിനും വഴങ്ങിയാണ് തീരുമാനം

മൗരോ മൊറാണ്ടി

മൗരോ മൊറാണ്ടി

  • Share this:
    32 വർഷമായി ദ്വീപിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഇറ്റാലിയൻ സ്വദേശി മൗരോ മൊറാണ്ടി ഒടുവിൽ ദ്വീപ് വിടുന്നു. ദ്വീപിലെ താമസം മതിയാക്കണമെന്ന അധികൃതരുടെ നോട്ടീസിനും സമ്മർദ്ദത്തിനും വഴങ്ങിയാണ് തീരുമാനം. ല മഡലീന ദ്വീപിലെ അപ്പാർട്ട്മെന്റിലായിരിക്കും 82 കാരനായ ഇദ്ദേഹം ഇനിയുള്ള ജീവിതം നയിക്കുക എന്നാണ് 'ദ ഗാർഡിയൻ' മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

    1989 മുതലാണ് നോർത്തേൺ സർഡെനിയയിലെ ഇസ്ലേ ഓഫ് ബുഡേലി എന്ന ദ്വീപിൽ ഏകനായി മൗരോ മൊറാണ്ടി ജീവതം തുടങ്ങിയത്. ഇറ്റലിയുടെ റോബിൻസൺ ക്രൂസോ എന്നും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്. ഇറ്റാലിയൻ സർക്കാർ ദ്വീപിനെ ദേശീയ പാർക്കായി മാറ്റാനുള്ള ശ്രമത്തിന് പിന്നാലെയാണ് അധികൃതർ ഇദ്ദേഹത്തിന് ഒഴിഞ്ഞ് പോകാനുള്ള നിർദേശം നൽകി തുടങ്ങുന്നത്. വൈകാരികമായ ഫെയ്സ്ബുക്ക് കുറിപ്പോടെയാണ് താൻ ദ്വീപ് വിടുകയാണെന്ന കാര്യം മൊറാണ്ടി അറിയിച്ചത്.

    ”32 വർഷമായി ഞാൻ സംരക്ഷിച്ച ദ്വീപ് ഇനിയും സംരക്ഷിക്കപ്പെടും എന്ന പ്രതീക്ഷയോടെ ഞാൻ പോകുന്നു“ എന്നാണ് ഏപ്രിൽ 25 ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.

    ഇറ്റലിയിലെ രാഷ്ട്രീയ സാഹചര്യങ്ങളിലും ഉപഭോക്തൃസംസ്ക്കാരത്തിലും മനം മടുത്താണ് മൊറാണ്ടിയും സുഹൃത്തുക്കളും വർഷങ്ങൾക്ക് മുമ്പ് ദ്വീപ് തേടി പുറപ്പെട്ടത്. നാഗരികതയിൽ നിന്നും മാറി പ്രകൃതിയോടിണങ്ങി ജീവിക്കുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യം. പിങ്ക് ബീച്ചിന് പേരു കേട്ട ബുഡേലി ദ്വീപിലാണ് മൊറാണ്ടി എത്തിച്ചേർന്നത്. വിരമിക്കാറായ ദ്വീപിന്റെ സംരക്ഷകനെ അദ്ദേഹം കണ്ടു മുട്ടി. പിന്നാലെ തൻ്റെ ബോട്ട് വിറ്റ് ദ്വീപിനെ സംരക്ഷിച്ച് അവിടെ തന്നെ താമസമാക്കാൻ മൊറാണ്ടി തിരുമാനിക്കുകയായിരുന്നു.



    32 വർഷത്തിനിടയൽ പല തവണ ദ്വീപിലെ താമസം മതിയാക്കണം എന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് അധികൃതർ അദ്ദേഹത്തിന് നൽകുക ഉണ്ടായി. 2020 ൽ താമസ സ്ഥലത്ത് അനധികൃത നിർമ്മാണം മൊറാണ്ടി നടത്തിയെന്ന് ല മഡലീന ദേശീയ പാർക്കിന്റെ പ്രസിഡന്റ് ഫാബ്രിസോ ഫൊനേസു സിഎൻഎൻ ടിവിയോട് പറഞ്ഞിരുന്നു. രണ്ടാം ലോക മഹായുദ്ധ സമയത്തുള്ള ഒരു റേഡിയോ സ്റ്റേഷൻ താമസസ്ഥലത്ത് സ്ഥാപിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. അനുമതി ഇല്ലാതെയാണ് ഇത് സ്ഥാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഹൃദയഭേദകം എന്നാണ് മടങ്ങിപ്പോക്കിനെ മൊറാണ്ടി വിശേഷിപ്പിച്ചത്. “ബുഡേലി ദ്വീപിന് അടുത്ത് തന്നെയുള്ള ല മഡലീനയിലേക്കാണ് താമസം മാറുന്നത് എന്നതിനാൽ തന്നെ ജീവിതം വലിയ രീതിയിൽ മാറില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. എനിക്ക് അപ്പോഴും കടൽ കണ്ട് കൊണ്ടിരിക്കാൻ പറ്റും” മൊറാണ്ടി പറഞ്ഞു. നേരത്തെ മൊറാണ്ടിയെ ദ്വീപിൽ തന്നെ തുടരാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് 70,000 ത്തോളം ആളുകൾ ഒപ്പിട്ട ഒരു ഹർജിയും സർക്കാരിന് മുന്നിൽ സമർപ്പിക്കപ്പെട്ടിരുന്നു.

    മൂന്ന് പതിറ്റാണ്ടായി ദ്വീപിൽ ഒറ്റക്ക് താമസിക്കുന്ന മൊറാണ്ടി പല ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പങ്കുവെക്കാറുണ്ട്. ദ്വീപിലെ മരങ്ങളും, മൃഗങ്ങളും, കല്ലുകളും, വഴികളും എല്ലാം അദ്ദേഹത്തിന് പരിചിതമാണ്. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്കും അദ്ദേഹം പ്രിയങ്കരനായിരുന്നു.

    Keywords: Italy, Island, Evicted, Lived alone, ദ്വീപ്, മൗരോ മൊറാണ്ടി, Mauro Morandi, La Maddalena Island, ബുഡേലി ദ്വീപ്
    Published by:user_57
    First published:
    )}