• HOME
 • »
 • NEWS
 • »
 • buzz
 • »
 • Boring Job | 'മടുപ്പിക്കുന്ന ജോലി' ഏൽപ്പിച്ചതിന് തൊഴിലുടമയ്‌ക്കെതിരെ കേസ്; 33 ലക്ഷം രൂപ നഷ്ടപരിഹാരം നേടി ജീവനക്കാരൻ

Boring Job | 'മടുപ്പിക്കുന്ന ജോലി' ഏൽപ്പിച്ചതിന് തൊഴിലുടമയ്‌ക്കെതിരെ കേസ്; 33 ലക്ഷം രൂപ നഷ്ടപരിഹാരം നേടി ജീവനക്കാരൻ

ജോലിയിലെ മടുപ്പ് കാരണം തൊഴിലുടമയ്‌ക്കെതിരെ കേസ് കൊടുത്ത് നഷ്ടപരിഹാരം നേടിയെടുത്ത ഒരു ജീവനക്കാരൻ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  ഇഷ്ടപ്പെട്ട ജോലി (Jobs) ചെയ്യാനാണ് എല്ലാവര്‍ക്കും താല്‍പര്യം. പക്ഷെ ബഹുഭൂരിപക്ഷം ആളുകള്‍ക്കും അതിനുള്ള ഭാഗ്യമുണ്ടാവാറില്ല. ഭൂരിഭാഗവും ആളുകളും അവരവരുടെ ജോലിയില്‍ തൃപ്തരല്ലെന്നത് വാസ്തവമാണ്. പലപ്പോഴും 'ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെപ്പച്ച' എന്ന തോന്നൽ കൊണ്ടാവാം ഈ തൃപ്തിക്കുറവെങ്കിലും ചിലരുടെ കാര്യത്തിൽ വിരസതയാവാം ജോലിയോടുള്ള താൽപ്പര്യക്കുറവിന്റെ കാരണം. മടുപ്പിക്കുന്നുവെന്ന് തോന്നുന്ന ഒരു ജോലിയില്‍ (Boring Job) ഉറച്ചുനില്‍ക്കാന്‍ ആരും ആഗ്രഹിക്കില്ല. അപ്പോള്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യം പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് മാറാന്‍ ശ്രമിക്കുക എന്നതാണ്.

  എന്നാൽ ജോലിയിലെ വിരസത മൂലം തൊഴിലുടമയ്‌ക്കെതിരെ (Employer) കേസ് കൊടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്തു മണ്ടൻ ചോദ്യമാണെന്ന് കരുതാന്‍ വരട്ടെ. ജോലിയിലെ മടുപ്പ് കാരണം തൊഴിലുടമയ്‌ക്കെതിരെ കേസ് കൊടുത്ത് നഷ്ടപരിഹാരം നേടിയെടുത്ത ഒരു ജീവനക്കാരനുണ്ട്. പാരിസിലെ (Paris) ഒരു കമ്പനിയില്‍ മാനേജരായി ജോലി നോക്കിയിരുന്ന വ്യക്തിയാണ് ജോലിയിലെ മടുപ്പിന് നഷ്ടപരിഹാരം വാങ്ങിച്ചെടുത്തത്.

  പാരിസില്‍ നിന്നുള്ള ഫ്രെഡറിക് ഡെസ്നാര്‍ഡ് 2015 വരെ പെര്‍ഫ്യൂം, കോസ്മെറ്റിക്സ് കമ്പനിയായ ഇന്റര്‍പാര്‍ഫംസില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജോലിനിർവഹണത്തിൽ സംഭവിച്ച ഒരു തെറ്റ് മൂലം നാലു വര്‍ഷത്തേക്ക് അദ്ദേഹത്തെ തരംതാഴ്ത്തി. പുതിയ ജോലി ഫ്രെഡറികിനെ സംബന്ധിച്ചടത്തോളം വളരെ വിരസവും മടുപ്പിക്കുന്നതുമായ ഒന്നായിരുന്നു. എന്നാല്‍ അദ്ദേഹം അതിനെക്കുറിച്ച് അനാവശ്യമായി ചിന്തിച്ച് കൂടുതല്‍ സമയം കളയാന്‍ മിനക്കെട്ടില്ല. പകരം മടുപ്പിക്കുന്ന ആ ജോലിയുടെ പേരിൽ അടുത്ത വര്‍ഷം കമ്പനിക്കെതിരെ അദ്ദേഹം കേസു കൊടുത്തു. കേസില്‍ ഫ്രെഡറികിന് അനുകൂലമായിട്ടായിരുന്നു കോടതി വിധി പ്രസ്താവിച്ചത്. കമ്പനിയ്ക്ക് ഫ്രെഡറിക്കിന് 40,000 യൂറോ (ഏകദേശം 33 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കേണ്ടി വരുകയും ചെയ്തു.

  "ഒരു പ്രധാന ക്ലയന്റിനെ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പാരീസ് ആസ്ഥാനമായുള്ള കമ്പനി നാല് വര്‍ഷത്തേക്ക് എനിക്ക് ചെറിയ ജോലികൾ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. അത് എന്റെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിച്ചു. കമ്പനിയുടെ പ്രസിഡന്റിന് വേണ്ടി ചെയ്യേണ്ട വ്യക്തിപരമായ ചില ജോലികളിലേക്ക് ഞാൻ ചുരുങ്ങിപ്പോയി", ഫ്രഞ്ച് ദിനപത്രമായ ലെ മോണ്ടെ (Le Monde)യോട് പ്രതികരിച്ചുകൊണ്ട് ഫ്രെഡറിക് പറഞ്ഞു. ''എനിക്ക് ഒന്നിനും ഊര്‍ജം ഇല്ലായിരുന്നു. വെറുതെ ശമ്പളം വാങ്ങുന്നതില്‍ എനിക്ക് കുറ്റബോധവും ലജ്ജയും തോന്നി. കമ്പനിയില്‍ ഞാന്‍ അദൃശ്യനാണെന്ന ധാരണ എനിക്കുണ്ടായി.'', അദ്ദേഹം പറഞ്ഞു.

  പിന്നീട് വാഹനാപകടത്തെത്തുടര്‍ന്ന് ഏഴ് മാസമായി അസുഖ അവധിയിലായിരുന്നതിനാല്‍ കമ്പനി അദ്ദേഹത്തെ പിരിച്ചുവിടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കമ്പനിയ്‌ക്കെതിരെ, 'മടുപ്പിക്കുന്ന ജോലി' ഏല്‍പ്പിച്ചതിന് ഫ്രെഡറിക് കേസ് കൊടുത്തത്. ലേബര്‍ റിലേഷന്‍സ് ട്രൈബ്യൂണലില്‍ അദ്ദേഹം നല്‍കിയ പരാതി പരിഗണിച്ച കോടതി 'ബോര്‍ ഔട്ട്' എന്നത് മറ്റൊരു തരത്തിലുള്ള ഉപദ്രവമാണെന്ന് തറപ്പിച്ചു പറഞ്ഞു. തുടർന്ന് അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിയോട് ഉത്തരവിടുകയും ചെയ്തു. തന്റെ കക്ഷിയുടെ ആരോഗ്യനില വഷളായതിനും ജോലിയിലെ മടുപ്പിനും തമ്മില്‍ ബന്ധമുണ്ടെന്ന് ഫ്രെഡറികിന്റെ അഭിഭാഷകന്‍ ട്രൈബ്യൂണലില്‍ പറഞ്ഞതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
  Published by:user_57
  First published: