ലഖ്നൗ: മാലിന്യം നീക്കം ചെയ്യുന്നതിൽ വീഴ്ച്ച വരുത്തിയ മുൻസിപ്പിലാറ്റിക്കെതിരെ വേറിട്ട പ്രതിഷേധവുമായി യുവാവ്. ലഖ്നൗ സ്വദേശിയായ അഷുതോഷ് സിങ് എന്ന മുപ്പത്തിരണ്ടുകാരനാണ് വ്യത്യസ്ത രീതിയിൽ പ്രതിഷേധം നടത്തിയത്. യുവാവ് താമസിക്കുന്ന ഇന്ദിര നഗറിൽ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്ന നിലയിലായിരുന്നു.
മാലിന്യം കൂമ്പാരത്തിനടുത്ത് ബാർബിക്യൂ ഗ്രിൽ വെച്ച് മാലിന്യം ഉപയോഗിച്ച് ബാർബിക്യൂ ഉണ്ടാക്കിയാണ് യുവാവ് പ്രതിഷേധിച്ചത്. സ്ഥലത്ത് മാലിന്യം കുമിഞ്ഞുകൂടിയിട്ടും നീക്കം ചെയ്യാൻ അധികൃതർ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് യുവാവിന്റെ പ്രതിഷേധം. മാലിന്യം കത്തിച്ച് യുവാവുണ്ടാക്കിയ ചായയും പച്ചക്കറിയും സുഹൃത്തുക്കൾക്കും വിതരണം ചെയ്തു.
വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. മൂന്ന് മണിക്കൂറോളം പ്രതിഷേധം തുടർന്ന്. സ്ഥലത്ത് കൂടി നിന്നവരിൽ ചിലർ എടുത്ത വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആകുകയായിരുന്നു. ഓരോ വീടുകളിലുമെത്തി മാലിന്യം നീക്കം ചെയ്യുന്നതിൽ മുനിസിപ്പാലിറ്റി അധികൃതകർ വീഴ്ച്ച വരുത്തിയതോടെ ഏറെ നാളായി ജനങ്ങൾ പൊതു സ്ഥലത്താണ് മാലിന്യം നിക്ഷേപിച്ചു കൊണ്ടിരുന്നത്.
You may also like:ഭിന്നശേഷിക്കാരെ വിവാഹം ചെയ്യുന്നവർക്ക് രണ്ടരലക്ഷം രൂപ പാരിതോഷികം; പുതിയ പ്രഖ്യാപനവുമായി ഒഡീഷ സർക്കാർ
രാവിലെ ഉണർന്നെണീറ്റാൽ ആദ്യം കാണുന്നത് മാലിന്യ കൂമ്പാരവും സഹിക്കുന്നത് കടുത്ത ദുർഗന്ധവുമാണ്. നിരവധി തവണ പരാതിപ്പെട്ടെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ല. ഇതിനെ തുടർന്നാണ് ഇങ്ങനെയൊരു പ്രതിഷേധം നടത്താൻ തയ്യാറായതെന്ന് അഷുതോഷ്.
എന്തായാലും അഷുതോഷിന്റെ പ്രതിഷേധത്തിന് നാട്ടുകാരും പൂർണ പിന്തുണ നൽകിയിട്ടുണ്ട്. അധികൃതർ ഇനിയും നടപടിയെടുത്തില്ലെങ്കിൽ ഇതുപോലുള്ള വ്യത്യസ്തമായ പ്രതിഷേധങ്ങൾ ഇനിയുമുണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ നവംബറിൽ മാലിന്യം നീക്കം ചെയ്യാത്തതിനെ തുടർന്ന് ലഖ്നൗവിൽ തന്നെ സമാന രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നു. മാലിന്യ കൂമ്പാരത്തിന് മുകളിൽ നിൽക്കുന്ന കോളേജ് വിദ്യാർത്ഥിയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് അധികൃതർ മാലിന്യം നീക്കിയത്.
അതേസമയം, അഷുതോഷിന്റെ പ്രതിഷേധം വൈറലായതോടെ രണ്ട് ദിവസത്തിനുള്ളിൽ മാലിന്യം നീക്കം ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.