• HOME
 • »
 • NEWS
 • »
 • buzz
 • »
 • Horse | പെട്രോളിന്റെ വില താങ്ങാൻ വയ്യ; ജോലിയ്ക്ക് പോകാൻ കുതിരയെ വാങ്ങി ഉദ്യോഗസ്ഥൻ

Horse | പെട്രോളിന്റെ വില താങ്ങാൻ വയ്യ; ജോലിയ്ക്ക് പോകാൻ കുതിരയെ വാങ്ങി ഉദ്യോഗസ്ഥൻ

പ്രദേശത്തെ കുട്ടികള്‍ക്ക് കുതിരസവാരിയും അദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ട്

ഷെയ്ഖ് യൂസഫ്

ഷെയ്ഖ് യൂസഫ്

 • Share this:
  രാജ്യത്തെ ഇന്ധനവില വർദ്ധനവ് (Rise in Fuel Price) മൂലം ജനങ്ങള്‍ നട്ടംതിരിയുകയാണ്. ഇന്ധന വിലക്കയറ്റത്തെ തുടര്‍ന്ന് പലരും യാത്രയ്ക്കായി ബദൽ മാർഗങ്ങൾ തിരയാൻ തുടങ്ങിയിട്ടുണ്ട്. ഏറ്റവുമൊടുവിലിതാ പെട്രോൾ വിലക്കയറ്റത്തിൽ വലഞ്ഞ ഒരു ഔറംഗബാദ് (Aurangabad) സ്വദേശി ജോലിക്ക് പോകാനായി ഒരു കുതിരയെ (Horse) വാങ്ങിയിരിക്കുകയാണ്. ഔറംഗബാദിലെ ഒരു ഫാര്‍മസി കോളേജിൽ ലാബ് അസിസ്റ്റന്റായ ഷെയ്ഖ് യൂസഫ് ആണ് പെട്രോളില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് പകരമായി കുതിരയെ വാങ്ങിയത്. എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, 15 കിലോമീറ്റര്‍ അകലെയുള്ള തന്റെ ജോലിസ്ഥലത്തേക്ക് പോകാനാണ് യൂസഫ് 'ജിഗര്‍' എന്ന കുതിരയെ വാങ്ങിയത്.

  യൂസഫിന് പഴയ ഒരു ബൈക്ക് ഉണ്ട്. എന്നാല്‍ പെട്രോള്‍ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ കോളേജിലേക്കുള്ള യാത്രയ്ക്ക് കുതിരയാണ് ഭേദമെന്ന് അദ്ദേഹത്തിന് തോന്നി. 40,000 രൂപ മുടക്കിയാണ് അദ്ദേഹം നാല് വയസ്സുള്ള ജിഗര്‍ എന്ന കറുത്ത കത്തിയവാരി കുതിരയെ വാങ്ങിയത്. ഇന്ധനവിലയും ബൈക്കിന്റെ അറ്റകുറ്റപ്പണിയുടെ ചെലവും കാരണം വിഷമസന്ധിയിലായെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല കുതിര സവാരി ആരോഗ്യത്തിന് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  പ്രദേശത്തെ കുട്ടികള്‍ക്ക് കുതിരസവാരിയും അദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ട്. സംഭവം വൈറലായെങ്കിലും കുതിരപ്പുറത്തുള്ള യാത്രയ്ക്ക് ചെലവ് കുറവാണെന്ന് നെറ്റിസണ്‍മാര്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല. അവർ ഈ സംശയം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഒരു ഉപയോക്താവ് കുറിച്ചത്, ''പെട്രോള്‍ വാങ്ങുന്നതിനേക്കാള്‍ ചിലവാണ് മൃഗങ്ങളെ പരിപാലിക്കാൻ. കുതിരയുടെ ഭക്ഷണത്തിനും പരിപാലത്തിനുമായി പ്രതിമാസം കുറഞ്ഞത് 10000-15000 രൂപയെങ്കിലും ആവശ്യമായി വരും. അതിനെ അപേക്ഷിച്ച് നോക്കുമ്പോൾ പെട്രോളിന്റെ ചെലവ് ഇപ്പോഴും കുറവാണ്,'' എന്നാണ്.

  മറ്റ് ചില ഉപയോക്താക്കള്‍ പരിഹാസച്ചുവയോടെ ചോദിച്ചത് ഇങ്ങനെയാണ്: ''ബൈക്ക് ചെലവേറിയതാണെന്ന് പറയുന്നു, പക്ഷെ 40,000 രൂപയ്ക്ക് വാങ്ങിയ കുതിരയുടെ ഭക്ഷണത്തിനുള്ള ചെലവോ? കണക്കുകള്‍ അങ്ങോട്ട് ശരിയാവുന്നില്ലല്ലോ''. ''കുതിരകള്‍ക്ക് വായു മാത്രം ശ്വസിച്ചുകൊണ്ട് ജീവിക്കാന്‍ കഴിയുമെന്ന് വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അറിയൂ. ഭക്ഷണവും കാലിത്തീറ്റയും ഒന്നും വേണ്ട!'' എന്നും തമാശരൂപേണ ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചിട്ടുണ്ട്.

  കഴിഞ്ഞ മാസം കുതിരകള്‍, കുതിരകള്‍ വലിക്കുന്ന ബഗ്ഗികള്‍, സമാനമായ മൃഗങ്ങളുടെ സഹായത്തോടെ യാത്ര ചെയ്യാവുന്ന വാഹനങ്ങള്‍ തുടങ്ങിവ ഉപയോഗിക്കുന്നതിന് ഉടമകള്‍ക്കും പരിപാലകര്‍ക്കും സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാഹനങ്ങളുടേതിന് സമാനമായ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിരുന്നു. ഈ മൃഗങ്ങള്‍ വ്യക്തിപരമോ വാണിജ്യപരമോ ആയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ജീവഹാനി, വസ്തുവകളുടെ നാശനഷ്ടങ്ങള്‍ തുടങ്ങിയ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ നഷ്ടപരിഹാരം ഉറപ്പാക്കാന്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിലൂടെ സാധിക്കും. മൂന്ന് നാല് വര്‍ഷം മുമ്പ് സിവില്‍ ലൈനില്‍ ഒരാള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ രണ്ട് മൃഗങ്ങള്‍ വലിച്ച സവാരി വാഹനം ഇടിച്ച് മരിച്ചതായി സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കം തീര്‍പ്പാക്കാന്‍ കോടതിയെ സമീപിക്കേണ്ടി വന്നിരുന്നു.
  Published by:user_57
  First published: