വളരെയധികം കഠിനാധ്വാനത്തിലൂടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ സിവില്‍ സര്‍വീസ് എന്ന സ്വപ്നം നേടിയെടുക്കുന്നത്. അത്രയും കഠിനമായ പരീക്ഷയാണിത്. അതുകൊണ്ട് തന്നെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ എന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രചോദനമാണ്. അത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായ ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ ജീവിതമാണ് ഇന്ന് പറയുന്നത്. വിജയ് വര്ധന് എന്ന ഐഎഎസുകാരനാണ് ആ വ്യക്തി. വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ട ജീവിതമാണ് ഇദ്ദേഹത്തിന്റേത്. നിലവില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം തന്റെ സിവില്‍ സര്‍വീസ് എന്ന സ്വപ്നം നേടിയെടുത്തതിന് പിന്നിൽ കഠിനാധ്വാനത്തിന്റെ ഒരു വലിയ കഥയുണ്ട്.
പരാജയം വിജയത്തിന്റെ ചവിട്ടു പടിയാണ് എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കും വിധമാണ് അദ്ദേഹം തന്റെ ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചത്. ഹരിയാന സ്വദേശിയായ ഇദ്ദേഹം നിരവധി തവണ പരാജയപ്പെട്ടിട്ടും തന്റെ ലക്ഷ്യമുപേക്ഷിക്കാന് തയ്യാറായിരുന്നില്ല. മത്സര പരീക്ഷകളില്‍ നിരവധി തവണ അദ്ദേഹം പരാജയപ്പെട്ടിരുന്നു. ഏകദേശം 35 പരീക്ഷകളിലാണ് അദ്ദേഹം പരാജയത്തിന്റെ കയ്പ്പറിഞ്ഞത്. എന്നാല്‍ ഒടുവില്‍ സിവില്‍ സര്‍വീസ് എന്ന സ്വപ്നം നേടിയെടുക്കുക തന്നെ ചെയ്തു. നിരന്തരമായ പരാജയം അദ്ദേഹത്തെ ഒരിക്കലും തളര്‍ത്തിയിരുന്നില്ല.
Also read-കോളിഫ്ളവർ പക്കോഡ വെറും 50 പൈസയ്ക്ക്! വാങ്ങാൻ തിക്കിത്തിരക്കി ജനം
തന്റെ തെറ്റുകളില്‍ നിന്ന് വീണ്ടും പഠിക്കാനുള്ള ഒരു അവസരമായിട്ടാണ് ഓരോ പരാജയത്തെയും അദ്ദേഹം കണ്ടത്. സിവില്‍ സര്‍വീസില്‍ ഐപിഎസ് പദവിയാണ് ഇദ്ദേഹത്തിന് ആദ്യം ലഭിച്ചത്. എന്നാല്‍ ഇപ്പോൾ ഐഎഎസ് ലഭിച്ച് പരിശീലനത്തിലാണ് ഇദ്ദേഹം. ഹരിയാനയിലെ സിര്‍സയിലാണ് ഇദ്ദേഹം ജനിച്ച് വളര്‍ന്നത്. അവിടെയുള്ള സ്കൂളില്‍ തന്നെയായിരുന്നു പ്രാഥമിക പഠനവും. സ്കൂള്‍ പഠനത്തിന് ശേഷം അദ്ദേഹം ബിടെക് ബിരുദം കരസ്ഥമാക്കി. പിന്നീട് യുപിഎസ്സി പരീക്ഷാ പരിശീലനത്തിനായി ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു.
ഇതിനിടെ എസ്എസ്സി , പിഎസ്സി, യുപിപിഎസ്സി തുടങ്ങിയ നിരവധി പരീക്ഷകള്‍ അദ്ദേഹം എഴുതിയിരുന്നു. എന്നാല്‍ ഒന്നില്‍ പോലും വിജയം നേടാന്‍ അദ്ദേഹത്തിനായില്ല. വളരെയധികം നിരാശ തോന്നിയെങ്കിലും വീണ്ടും ശ്രമിക്കാന്‍ തന്നെയായിരുന്നു തീരുമാനം. 2014ലാണ് അദ്ദേഹം ആദ്യമായി യുപിഎസ്സി പരീക്ഷ എഴുതുന്നത്. എന്നാല്‍ ആദ്യ ശ്രമത്തില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് 4 തവണ തുടര്‍ച്ചയായി പരീക്ഷ എഴുതിയെങ്കിലും അതിലും തോല്‍വിയായിരുന്നു ഫലം. എന്നാല്‍ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന് ഫലം ലഭിച്ചത് 2018ലാണ്.
2018ലെ യുപിഎസ് സി പരീക്ഷാ വിജയികളുടെ പട്ടികയില്‍ 104ാം റാങ്ക് നേടിയാണ് വിജയ് വര്ധന് വിജയിച്ചത്. തുടര്‍ന്ന് ഐപിഎസ് പദവി അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. എന്നാല്‍ ഐപിഎസിനോട് താല്‍പ്പര്യമില്ലാതിരുന്ന വിജയ് ഐഎഎസ് ലഭിക്കുന്നതിനായി വീണ്ടും പരീക്ഷയെഴുതി. 2021ല്‍ തന്റെ സ്വപ്ന പദവി അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. ഈയടുത്ത് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി ചില ടിപ്സുകളും അദ്ദേഹം പറഞ്ഞിരുന്നു.
നിങ്ങളായിരിക്കണം നിങ്ങളുടെ അധ്യാപകന് എന്നാണ് അദ്ദേഹം ഉദ്യോഗാര്‍ത്ഥികളോട് പറഞ്ഞത്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ തങ്ങളുടെ കഴിവില്‍ വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രായമേറി വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി അദ്ദേഹം മറ്റൊരു ഉപദേശവും നല്കി. ” നിങ്ങള്‍ നിലവില്‍ തുടര്‍ന്നുവരുന്ന പ്രക്രിയ വീണ്ടും ആവര്‍ത്തിക്കാന്‍ പറ്റിയ സമയമല്ല. നിങ്ങളുടെ രീതികളില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കണം,” എന്നാണ് അദ്ദേഹം പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IAS, UPSC Civil Service