പാലാ: തെരഞ്ഞെടുപ്പുകളിൽ തോറ്റു തോറ്റാണ് ഒടുവിൽ പാലായിൽ നിന്ന് മാണി സി കാപ്പൻ വിജയിച്ചത്. എന്നാൽ, പാലാ ഉപതെരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് ജയിച്ചെത്തിയ മാണി സി കാപ്പന് ഇപ്പോൾ സങ്കടം മറ്റൊന്നാണ്. എം എൽ എ ആകുന്നതിനു മുമ്പ് മാണിച്ചായാ എന്നും കാപ്പാ എന്നും വിളിച്ചുകൊണ്ടിരുന്ന പ്രിയപ്പെട്ടവർ ഇപ്പോൾ വിളിക്കുന്നത് 'സാർ' എന്നാണ്. ഫേസ്ബുക്ക് പോസ്റ്റിലാണ് മാണി സി കാപ്പൻ തന്‍റെ സങ്കടം തുറന്നു പറഞ്ഞത്.
ഔപചാരികതയുടെ പദപ്രയോഗം ആണ് 'സാർ' വിളി എന്ന് താൻ വിശ്വസിക്കുന്നെന്നും മാണിച്ചനോ, കാപ്പനോ, മാണിചേട്ടനോ ആയി തന്നെ തുടരാൻ അനുവദിക്കുകയെന്നും പാലായുടെ പുതിയ എം എൽ എ പ്രിയപ്പെട്ടവരോട് സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു.
മാണി സി കാപ്പന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,
പ്രിയ സുഹൃത്തുക്കളെ,
എംഎൽ എ ആയി എന്‍റെ പ്രവർത്തനം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഈ ചുരുങ്ങിയ കാലയളവിൽ ധാരാളം ആളുകളെ കാണുകയും അടുത്ത് ഇടപഴകുകയും ചെയ്തു. അതിനിടയിൽ എന്‍റെ ശ്രദ്ധയിൽപെടുകയും എന്നെ ഏറെ ദുഃഖിപ്പിക്കുകയും ചെയ്ത ഒരു കാര്യം ഇവിടെ പങ്കുവെക്കുന്നു. മാണിച്ചാ അല്ലെങ്കിൽ കാപ്പാ എന്ന് വിളിച്ചുകൊണ്ടിരുന്ന എന്‍റെ ഗുരുക്കന്മാർ, വൈദിക ശ്രേഷ്‌ഠർ, മുതിർന്നവർ, സുഹൃത്തുക്കൾ അടക്കം പലരും അത് മാറ്റി 'സാർ' എന്ന് വിളിച്ചു തുടങ്ങിയിരിക്കുന്നു. ഔപചാരികതയുടെ പദപ്രയോഗം ആണ് 'സാർ' വിളി എന്ന് ഞാൻ വിശ്വസിക്കുന്നു.
മാണിച്ചനോ, കാപ്പനോ, മാണിചേട്ടനോ ആയി എന്നെ തുടരാൻ അനുവദിക്കുക.
നിങ്ങളുടെ സ്വന്തം
മാണി സി കാപ്പൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.