മഞ്ജു വാര്യരുടെ 'എന്നും എപ്പോഴും' എന്ന സിനിമ ജീവിതത്തെ മാറ്റിമറിച്ച കഥ പറയുകയാണ് സംഗീത സനൂപ് എന്ന യുവതി. വിവാഹ ശേഷം തുടർ പഠനം പൂർത്തിയാക്കി അഭിഭാഷകയായ യുവതി നന്ദി പറയുന്നത് നടി മഞ്ജു വാര്യർക്ക്. സംഗീത സനൂപ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറലാണ്. കുട്ടി നഴ്സറിയിലായതോടെയാണ് തുടർപഠനത്തെ കുറിച്ച് സംഗീത ചിന്തിക്കുന്നത്. പ്രൈവറ്റായി ബിരുദം ചെയ്യാമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി എന്നും എപ്പോഴും എന്ന സിനിമ തിയറ്ററിൽ പോയി കാണുന്നത്. ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച അഡ്വക്കേറ്റ് ദീപ എന്ന കഥാപാത്രത്തിന്റെ സ്വാധീനത്താൽ അന്നു തന്നെ എൽഎൽബിക്കു ചേരാനുള്ള ശ്രമം സംഗീത ആരംഭിച്ചു.
സംഗീത സനൂപിന്റെ ഫേസ്ബുക്ക് പൂർണരൂപം
2015 ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായ തീരുമാനങ്ങളെടുത്ത വർഷമാണ്. അമ്മ എന്ന നിലയിൽ മൂന്നു വയസ്സു വരെ കുഞ്ഞിനൊപ്പം പൂർണ്ണ സമയം ഉണ്ടാവണം എന്ന തീരുമാനം നിറവേറ്റിക്കഴിഞ്ഞ് മോൻ നഴ്സറിയിൽ പോയിത്തുടങ്ങിയപ്പോഴാണ് തുടർ പഠനം എന്ന ചിന്ത വന്ന് തുടങ്ങിയത്. പിന്നീട് ഓരോ ദിവസവും എന്ത് പഠിക്കണം എന്നാലോചിച്ച് ദിവസങ്ങൾ നീങ്ങിത്തുടങ്ങി. 2010 മുതൽ തന്നെ പി. എസ്. സി എഴുതിത്തുടങ്ങിയിരുന്നെങ്കിലും ഉയർന്ന യോഗ്യതാ പരീക്ഷകൾ എഴുതാൻ കഴിയാത്തത് നിരാശയായി. വരുന്ന അക്കാദമിക്ക് ഇയർ ഏതെങ്കിലും ഒരു ബിരുദം നേടിയെടുക്കാം എന്നൊരുദ്ദേശം മനസ്സിൽ ഉറപ്പിച്ചു കൊണ്ട് പ്രൈവറ്റ് കോളജുകളെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരുന്നു.
തൃശ്ശൂരിലെ ഏറ്റവും മികച്ച സ്ഥാപനമായ ശക്തൻ തമ്പുരാൻ കോളജിൽ BA ഇംഗ്ലീഷ് ലിറ്ററേച്ചർ ചെയ്യാം എന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് ചെറുപ്പം മുതൽ ഏറ്റവും ആരാധന തോന്നിയിട്ടുള്ള ലേഡി സൂപ്പർ സ്റ്റാർ മഞ്ജു ചേച്ചിയുടെ തിരിച്ചു വരവിലെ രണ്ടാമത്തെ ചിത്രം 'എന്നും എപ്പോഴും ' കാണാൻ കുടുംബസമേതം തിയറ്ററിലെത്തുന്നത്. സ്വതവേ ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാത്ത എന്റെ മനസ്സിൽ പതിഞ്ഞത് മുഴുവൻ കറുത്ത കോട്ടണിഞ്ഞ അഡ്വക്കേറ്റ് ദീപ മാത്രമായിരുന്നു സ്ക്രീനിൽ തിരശ്ശീല വീഴുമ്പോൾ വക്കീൽ ആയാൽ കൊള്ളാലോ എന്ന ആഗ്രഹത്തിന് മനസ്സിൽ തിരശ്ശീല ഉയർന്നു. സെക്കൻഡ് ഷോ കഴിഞ്ഞ് പുറത്തിറങ്ങി ആ പാതിരാത്രിയിൽ ആദ്യം ചെയ്തത് എങ്ങനെ LLB നേടാം എന്ന് ഗൂഗിൾ സെർച്ച് ആയിരുന്നു. വീട്ടിൽ എത്തി ഏകദേശം 2 മണി വരെ കുത്തിയിരുന്ന് കേരള Law എൻട്രൻസിനെക്കുറിച്ച് മനസ്സിലാക്കി.
കഴിഞ്ഞ വർഷങ്ങളിലെ എൻട്രൻസ് തിയ്യതികൾ നോക്കിയപ്പോൾ ഏറെ താമസിയാതെ നോട്ടിഫിക്കേഷൻ വരും എന്നും മനസ്സിലായി. ഒരു തവണ എഴുതി നോക്കാം അടുത്ത വർഷം നന്നായി പഠിച്ചെഴുതാം എന്ന ഉദേശത്തോടെ ഓൺലൈൻ അപേക്ഷ അയച്ചു നേരെ ബുക്സ്റ്റാളിൽ പോയി അവർ CLAT ൻ്റെ ഒരു book എടുത്തു തന്നു എന്തൊക്കേയോ വായിച്ചു. കോച്ചിംഗ് ക്ലാസ്സുകളെക്കുറിച്ച് കേട്ടറിവ് പോലും ഉണ്ടായിരുന്നില്ല. എൻട്രൻസ് എഴുതി കിട്ടുമെന്ന് ഉറപ്പില്ലാത്തതു കൊണ്ട് നേരെ ശക്തൻ തമ്പുരാൻ കോളജിൽ ചേർന്നു യൂണിഫോം ഒക്കെ ഇട്ട് ക്ലാസ്സിൽ പോയിത്തുടങ്ങി. അതിനിടക്ക് എൻട്രൻസ് റിസൾട്ട് വന്നു അലോട്ട്മെൻറിനായി തൃശ്ശൂർ ലോ കോളേജ് മാത്രമാണ് ഓപ്ഷൻ ആയി കൊടുത്തത് ആഗ്രഹിച്ച പോലെ അവിടെത്തന്നെ അഡ്മിഷൻ കിട്ടി പിന്നീടങ്ങോട്ട് ഒരു ഓട്ടമായിരുന്നു...
വൈകി കോളേജിൽ എത്തി ലാസ്റ്റ് ക്ലാസ്സ് കട്ട് ചെയ്ത് മോൻ എത്തുന്നതിനൊപ്പം വീട്ടിൽ എത്തി, അമ്മയായും ഭാര്യയായും മകളായും മരുമകളായും വിദ്യാർത്ഥിയായും ഓടി നടന്ന അഞ്ചു വർഷങ്ങൾ, പത്തു സെമസ്റ്ററുകൾ, അസൈൻമെൻറുകൾ, ഇന്റേണൽ എക്സാംസ്, മാനേജ്മെന്റ് പ്രൊജക്റ്റ്, സെമസ്റ്റർ എക്സാംസ്, ADR, മൂട്ട് കോർട്ട് ,VIVA, ഇന്റേൺഷിപ്പ്.....
ആ യാത്ര ഇവിടം വരെ എത്തി നിൽക്കുമ്പോൾ ഇതിനെല്ലാം കാരണമായ എന്റെ എക്കാലത്തേയും ആരാധനാ പാത്രമായ മലയാളത്തിന്റെ പ്രിയ നടിയെ ഓർക്കാതെ പോകുന്നത് എങ്ങനെയാണ്
Thank you Manju Warrier ചേച്ചീ എൻ്റെ സ്വപ്നങ്ങൾക്ക് കാരണമായതിന്...
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.