• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'ഇതാണോ നമ്മൾ അഹങ്കരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്'; നായയുടെ ജഡം റോഡിൽനിന്ന് മാറ്റിയ ആളുടെ അനുഭവക്കുറിപ്പ്

'ഇതാണോ നമ്മൾ അഹങ്കരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്'; നായയുടെ ജഡം റോഡിൽനിന്ന് മാറ്റിയ ആളുടെ അനുഭവക്കുറിപ്പ്

നായയുടെ ജഡം തിരികെ കിടന്നിടത്തുകൊണ്ടിടുകയോ, സമീപത്തുള്ള 'പണക്കാരന്‍റെ' കടയ്ക്കു മുന്നിലോ ഇടണമെന്നായിരുന്നു ഓട്ടോ ഡ്രൈവർമാർ ആവശ്യപ്പെട്ടത്

parippally police

parippally police

 • Share this:
  തിരുവനന്തപുരം: ദേശീയപാതയ്ക്ക് നടുവിൽ കിടന്ന നായയുടെ ജഡം നീക്കം ചെയ്തതയാളെ ഓട്ടോ ഡ്രൈവർമാരുടെ സംഘം ഭീഷണിപ്പെടുത്തി. നായയുടെ ജഡം തിരികെ കിടന്നിടത്തുകൊണ്ടിടുകയോ, സമീപത്തുള്ള 'പണക്കാരന്‍റെ' കടയ്ക്കു മുന്നിലോ ഇടണമെന്നായിരുന്നു ഓട്ടോ ഡ്രൈവർമാർ ആവശ്യപ്പെട്ടത്. അല്ലെങ്കിൽ നീക്കം ചെയ്തയാൾ 500 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. കൊല്ലം പാരിപ്പള്ളി ജങ്ഷനടുത്താണ് സംഭവം. കൊല്ലത്തുനിനന് തിരുവനന്തപുരത്തേക്കുപോയ മാത്യൂ ഏലിയാസ് എന്നയാൾക്കാണ് ഈ ദുര്യോഗമുണ്ടായത്. ഇരുചക്രവാഹനക്കാർ നായയുടെ ജഡത്തിനുമുകളിൽ കയറി അപകടത്തിൽപ്പെടേണ്ടെന്ന് മാത്രമാണ് താൻ കരുതിയതെന്ന് മാത്യു ഏലിയാസ് പറയുന്നു. ഏതായാലും ഓട്ടോഡ്രൈവർമാരിൽനിന്ന് ഏലിയാസിന്‍റെ രക്ഷയ്ക്ക് എത്തിയത് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാരാണ്. പിന്നീട് പാരിപ്പള്ളി സ്റ്റേഷനിലേക്കു വിളിച്ചു തന്നെ രക്ഷിച്ച പൊലീസുകാർക്ക് ഇദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഈ അനുഭവം മാത്യൂ ഏലിയാസ് ഫേസ്ബുക്കിൽ എഴുതി.

  മാത്യു ഏലിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

  കഴിഞ്ഞ ദിവസം രസകരമായ ഒരനുഭവമുണ്ടായി.
  ഞാൻ പാരിപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഒരു നന്ദി പ്രകടിപ്പിക്കാനുണ്ട് , SI യെ ഒന്നു കണക്ട് ചെയ്യാമോ എന്നു ചോദിച്ചു. ഫോണെടുത്ത വനിതാ ഓഫീസർ, SI സ്ഥലത്തില്ലാത്തതിനാൽ എന്റെ സന്ദേശം എഴുതിയെടുക്കാമെന്നു നിർദ്ദേശിച്ചു. കഥയെല്ലാം കേട്ടതിനുശേഷം അവർ എന്നോടു പറഞ്ഞത് ഇതാദ്യമായാണ് ഒരാൾ പോലീസ്‌ സ്റ്റേഷനിൽ വിളിച്ച് നന്ദി പ്രകടിപ്പിക്കുന്നതെന്നാണ്.
  അതുകൊണ്ടു തന്നെ എന്നെ സഹായിച്ച പേരറിയാത്ത ആ രണ്ടു പോലീസ് ഓഫീസർമാരുടെ കഥ ഇവിടെ പറയേണ്ടതുണ്ട് എന്നു തോന്നി. കഥയിങ്ങനെയാണ്.
  ഈ ഇരുപത്തിയഞ്ചാം തീയതി ഞാൻ കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് നാഷണൽ ഹൈവേയിലൂടെ വരുമ്പോൾ പാരിപ്പള്ളി ജങ്ഷന് തൊട്ടുമുൻപ് റോഡിന്റെ നടുവിൽ ഒരു പട്ടിയുടെ ജഡം കിടക്കുന്നു.
  തിരക്കുള്ള ഹൈവേയിൽ ഏതെങ്കിലും ഇരുചക്ര വാഹനം അതിനു മുകളിൽ കയറിയാൽ അപകടമുണ്ടാകുമെന്ന് നന്നായറിയാവുന്നത് കൊണ്ട് കാറു നിറുത്തി അടുത്തുള്ള ചവറുകൂനയിലേക്ക് അതിനെ വലിച്ചു നീക്കിയിട്ടു. അപ്പോൾ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയായിട്ടുണ്ടാവും.
  കൈകൾ വൃത്തിയാക്കി വണ്ടിയെടുക്കാൻ തുടങ്ങിയപ്പോഴേക്കും അടുത്ത ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർ വന്ന് എന്നെ വളഞ്ഞു. അവരുടെ ആവശ്യം വളരെ വിചിത്രമായിരുന്നു.
  ഒന്നുകിൽ പട്ടിയെ ഞാൻ റോഡിന്റെ നടുവിൽ തിരികെ കൊണ്ടിടണം. കാരണം റോഡിന്റെ നടുക്കു കിടന്നാൽ അത് വൃത്തിയാക്കേണ്ടത് മുനിസിപ്പാലിറ്റിക്കാരുടെ ജോലിയാണ്.
  അതല്ലെങ്കിൽ അതിനടുത്തുള്ള കടയുടെ മുൻപിൽ കൊണ്ടിടണം . അതിനവർ പറഞ്ഞ കാരണം കടക്കാരൻ കോടികളുടെ ആസ്തിയുള്ളയാളാണ്. അയാൾ പണം മുടക്കി അതിനെ മറവു ചെയ്തു കൊള്ളും.
  ഇതു രണ്ടും പറ്റില്ലയെങ്കിൽ ഞാൻ 500 രൂപ കൊടുത്താൽ ഇവർ തന്നെ അതിനെ മറവു ചെയ്തു കൊള്ളാം.
  മൂന്നു നിർദ്ദേശങ്ങളും സാദ്ധ്യമല്ല എന്നു ഞാൻ തീർത്തു പറഞ്ഞപ്പോൾ അവർ എന്നെ വണ്ടിയെടുക്കാൻ അനുവദിക്കില്ലയെന്നായി.
  നിവർത്തിയില്ലാതെ ഞാൻ പാരിപ്പള്ളി ജങ്ഷന് തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ എത്തി വിവരം പറഞ്ഞു.
  ഉടനെ തന്നെ രണ്ട് പോലീസ് ഓഫീസർമാർ സ്ഥലത്തെത്തി കാര്യം മനസ്സിലാക്കി അവരെ താക്കീത് ചെയ്ത് വിട്ടു.
  ഇതോടൊപ്പം കുറച്ച് ചിന്തകൾ നിങ്ങളോട് പങ്ക് വെക്കാൻ ഞാൻ ആഗ്രഹിക്കയാണ്.
  അന്ന് രാവിലെ മുതൽ ആ പട്ടിയുടെ ശരീരം നടുറോഡിൽ കിടക്കുകയായിരുന്നു. ഏതൊക്കെയോ രക്ഷകർത്താക്കളുടെ ഭാഗ്യത്തിന് ഇരുചക്ര വാഹനങ്ങളിൽ മിന്നുന്ന നമ്മുടെ മക്കളാരും അന്നതിൽ കയറി അപകടമുണ്ടാക്കിയില്ല.
  ടാക്സി ബാഡ്ജ് ഉള്ള , നമ്മേക്കാൾ നല്ല പ്രവർത്തി പരിചയമുള്ള ആ ഡ്രൈവർമാർക്ക് ഈ അപകട സാദ്ധ്യത നന്നായറിയാമെങ്കിലും അത് കേൾക്കാൻ അവർക്ക് തീരെ താൽപര്യമില്ലായിരുന്നു.
  എന്നോടു കയർത്ത ഡ്രൈവർമാരിൽ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ മുതൽ നല്ല ലോക പരിചയമുള്ള മദ്ധ്യവയസ്കർ വരെയുണ്ടായിരുന്നു. രണ്ടു കൂട്ടരോടും ഞാനപേക്ഷിച്ചു. ഒരു തൂമ്പ കിട്ടിയാൽ ഞാനതിന്നെ മറവു ചെയ്തു കൊള്ളാം.
  പക്ഷേ എല്ലാവരും ഒരേ സ്വരത്തിൽ എന്നെയെതിർത്തു.
  ഞാൻ ചെയ്തതിലെ നന്മ കാണാൻ അവരിലൊരാൾ പോലുമില്ലായിരുന്നു.
  ഇവരുടെ കൂട്ടത്തിൽ തീർച്ചയായും നന്മയുള്ളവർ ഉണ്ടായിരുന്നിരിക്കും. പക്ഷേ ഒരാളും മുമ്പോട്ടു വന്നില്ല.
  മഹാനായ ഐൻസ്റ്റീനിന്റെ വാക്കുകളോർമ്മ വരുന്നു.
  “The world is a dangerous place, not because of those who do evil, but because of those who look on and do nothing.”
  നാട്ടിൽ ഇതൊക്കെ സാധാരണയാണെങ്കിലും
  കഴിഞ്ഞ മുപ്പത് വർഷത്തിനു മുകളിൽ വിദേശത്തായിരുന്ന എനിക്ക് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടുള്ള ചില ചോദ്യങ്ങളുണ്ട്.
  ഞങ്ങളുടെയൊക്കെ ചെറുപ്പത്തിൽ ഇങ്ങനെയൊന്നു കണ്ടാൽ അതിനെയാരെങ്കിലും ഉടനെ മറവു ചെയ്യുമായിരുന്നു. അതു ചെയ്യേണ്ടത് ഏതൊരാളുടെയും കടമയാണെന്ന നല്ല ബോദ്ധ്യത്തോടെ തന്നെ.
  മൃതദേഹം മൃഗത്തിന്റേതായാലും ആദരവ് കാണിക്കുന്നത് മനുഷ്യത്വത്തിന്റെ ഭാഗമായിരുന്നു. ഇന്ന് നമ്മുടെ നാടിനെന്താണ് സംഭവിച്ചിരിക്കുന്നത് ?
  ഈ മഹാമാരിയും പ്രളയവും നമ്മളെ ഒന്നും പഠിപ്പിച്ചില്ലേ ?
  ഇതാണോ നമ്മൾ അഹങ്കരിക്കുന്ന "ദൈവത്തിന്റെ സ്വന്തം നാട്. "
  ഇതോടൊപ്പം ഒന്നുകൂടി പറയാതെ വയ്യ. അവിടെ ഓടിയെത്തി എനിക്ക് നീതിയുറപ്പാക്കിയ പോലീസ് ഓഫീസർമാർ എന്നോട് വളരെ മാന്യമായാണ് പെരുമാറിയത്. എന്റെ പോലീസ് ഭയമെല്ലാം മാറ്റിയ ഏറ്റം മാന്യമായ പെരുമാറ്റം. പരിഭ്രമത്തിനിടയിൽ അവരുടെ പേര് ചോദിക്കാൻ വിട്ടു പോയി എങ്കിലും അവർക്ക് ഹൃദയത്തിൻ ഭാഷയിൽ ഒരു വല്യ സല്യൂട്ട്.
  You may also like:ആലുവയിൽ 1600 കോടിയുടെ ഗിഫ്റ്റ് സിറ്റി; 540 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ [NEWS]കാശ് കൊടുത്തു പേടിക്കണോ? പ്രേതഭവനത്തിൽ ഒരു രാത്രി കഴിയാൻ 'ഓഫർ' [NEWS] 'സാഹചര്യങ്ങള്‍ മാറിയേക്കാം, ലക്ഷ്യങ്ങളല്ല'; വൈറലായി വിരാട് കോഹ്‌ലിയുടെ വര്‍ക്ക്‌ഔട്ട് വീഡിയോ [NEWS]
  ഇത് വായിക്കുന്ന ആർക്കെങ്കിലും ഈ സ്റ്റേഷനുമായി ബന്ധമുണ്ടെങ്കിൽ ദയവായി അവരെ എന്റെ സ്നേഹം അറിയിക്കുക 🙏
  Published by:Anuraj GR
  First published: