• HOME
 • »
 • NEWS
 • »
 • buzz
 • »
 • McDonald's | ബര്‍ഗറില്‍ പല്ലി; മക്ഡൊണാള്‍ഡ്സിനെതിരെ പരാതിയുമായി യുവതി

McDonald's | ബര്‍ഗറില്‍ പല്ലി; മക്ഡൊണാള്‍ഡ്സിനെതിരെ പരാതിയുമായി യുവതി

സംഭവത്തെ തുടര്‍ന്ന് ഞങ്ങള്‍ ജീവനക്കാര്‍ക്കിടയില്‍ അന്വേഷണം നടത്തിയെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നുമാണ് മക്ഡൊണാള്‍ഡ്സ് മാനേജ്മെന്റ് പ്രതികരിച്ചത്.

 • Last Updated :
 • Share this:
  മക്ഡൊണാള്‍ഡ്‌സില്‍ നിന്ന് വാങ്ങിയ ബര്‍ഗറില്‍ നിന്ന് പല്ലിയെ കിട്ടിയെന്ന പരാതിയുമായി ഉപഭോക്താവ്. സംഭവത്തെ തുടര്‍ന്ന് യുവതി കമ്പനിക്കെതിരെ കേസ് കൊടുത്തതായി ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. യഥാര്‍ത്ഥ പേര് വെളിപ്പെടുത്താത്ത യുവതിക്ക് പമേല എന്ന് പേര് നല്‍കിയാണ് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

  പമേല തന്റെ സുഹൃത്ത് ക്രിസ്റ്റെല്ലിനൊപ്പം സെന്റ്-വിറ്റ്സിലെ മക്ഡൊണാള്‍ഡ്‌സ് ഔട്ട്ലെറ്റില്‍ നിന്നാണ് ബര്‍ഗര്‍ വാങ്ങിയത്. ആദ്യം ബര്‍ഗര്‍ കടിച്ചപ്പോള്‍ തന്നെ യുവതിക്ക് എന്തോ രുചി വ്യത്യാസം അനുഭവപ്പെടുകയായിരുന്നു. സംശയം തോന്നിയ പമേല ബര്‍ഗറിനുള്ളിൽ നോക്കിയപ്പോഴാണ് പല്ലിയെ കണ്ടത്.

  പ്രകോപിതയായ യുവതി സംഭവത്തെക്കുറിച്ച് ജീവനക്കാരോട് പരാതിപ്പെട്ടു. എന്നാല്‍ അടുത്ത ഓര്‍ഡറില്‍ 10% കിഴിവ് നല്‍കാമെന്നായിരുന്നു ജീവനക്കാരന്റെ മറുപടി. തങ്ങളെ കാണാനോ സംഭവം അറിയാനോ പാചകക്കാരനോ സൂപ്പര്‍വൈസറോ എത്തിയില്ലെന്നും യുവതി ദി മിററിനോട് പറഞ്ഞു.

  പല്ലിയെ സോസ് പുരട്ടിയാണ് ബര്‍ഗറില്‍ വെച്ചതെന്ന് ക്രിസ്റ്റെല്ലെ പറഞ്ഞു. അതിനാല്‍ തന്നെ അടുക്കളയിലെ ജീവനക്കാര്‍ ഇക്കാര്യം അറിഞ്ഞിട്ടുണ്ടാകുമെന്നാണ് അവര്‍ പറയുന്നത്.

  അതേസമയം, ബര്‍ഗര്‍ കഴിച്ചതിനെ തുടര്‍ന്ന് സാല്‍മൊണല്ല പോലുള്ള അണുബാധകള്‍ തന്റെ കുട്ടിയിലേക്ക് പകരുമോ എന്ന് യുവതി ഭയപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് അവര്‍ തന്റെ എട്ട് മാസം മാത്രം പ്രായമുള്ള മകന് മുലയൂട്ടുന്നത് നിര്‍ത്തുയും ചെയ്തു. സംഭവത്തിന് ശേഷം ഉറങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ടായതായും ഇതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടെന്നും യുവതി പറഞ്ഞു. മുന്‍കരുതല്‍ എന്ന നിലയില്‍ ഡോക്ടര്‍ ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതായി യുവതി പറഞ്ഞു.

  ഇതേതുടര്‍ന്ന് കമ്പനിക്കെതിരെ കേസ് നല്‍കുന്നതിനായി യുവതി ഫ്രെഡറിക് പെറ്റിറ്റ്പെര്‍മോണ്‍ എന്ന അഭിഭാഷകനെ സമീപിച്ചു. സംഭവത്തിന്റ ഗൗരവും മനസിലാക്കിയ ഇദ്ദേഹം എന്തെങ്കിലും പരിശോധനകള്‍ നടത്തേണ്ടി വരുമോ എന്ന് കരുതി പല്ലിയെ ആഴ്ചകളോളം ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു.

  അതേസമയം, ഭക്ഷ്യ സുരക്ഷാ അധികൃതർ ഈ വിഷയം വേണ്ട വിധത്തില്‍ കൈകാര്യം ചെയ്തില്ലെന്ന് ഫ്രെഡറിക് പറഞ്ഞു. ഇതേതുടര്‍ന്ന് മക്‌ഡൊണാള്‍ഡിനെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

  എന്നാല്‍ സംഭവത്തെ തുടര്‍ന്ന് ഞങ്ങള്‍ ജീവനക്കാര്‍ക്കിടയില്‍ അന്വേഷണം നടത്തിയെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നുമാണ് മക്ഡൊണാള്‍ഡ്സിന്റെ മാനേജ്മെന്റ് പ്രതികരിച്ചത്.

  ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, മക്ഡൊണാള്‍ഡ്സിലെ ഒരു ഔട്ട്‌ലെറ്റില്‍ നിന്ന് സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള മക്ഡൊണാള്‍ഡ് ഔട്ട്ലെറ്റില്‍ നിന്നും വാങ്ങിയ കോളയില്‍ നിന്നും പല്ലിയെ കണ്ടെത്തുകയായിരുന്നു. ഇതോടെ ഔട്ട്ലൈറ്റ് സീല്‍ ചെയ്തതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭാര്‍ഗവ് ജോഷി എന്നയാളാണ് കോളയില്‍ ചത്ത പല്ലിയെ കണ്ടെത്തിയ സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

  കപ്പിലെ കോളയില്‍ പല്ലി പൊങ്ങിക്കിടക്കുന്നതും വ്യക്തമായി കാണാം. എന്നാല്‍ തങ്ങളുടെ പരാതി ആരും മുഖവിലക്കെടുത്തില്ലെന്നും അവര്‍ പറയുന്നു. അതേസമയം, ഔട്ട്ലെറ്റില്‍ നിന്നും പാനീയത്തിന്റെ 300 രൂപ റീഫണ്ട് നല്‍കാമെന്ന് പറഞ്ഞുവെന്നും യുവാക്കള്‍ പറഞ്ഞു.

  വീഡിയോ പുറത്തുവന്നതോടെ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എഎംസി) ഉടനടി നടപടിയെടുക്കുകയായിരുന്നു. എഎംസി ഫുഡ് സേഫ്റ്റി ഓഫീസര്‍ ദേവാങ് പട്ടേല്‍ മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റില്‍ നിന്ന് ശീതളപാനീയത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് അഹമ്മദാബാദിലെ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഭാര്‍ഗവ് ജോഷിയുടെ പരാതിയെത്തുടര്‍ന്ന് എഎംസി ഔട്ട്‌ലെറ്റ് സീല്‍ ചെയ്യുകയും ചെയ്തു. കോര്‍പ്പറേഷനില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെ ഔട്ട്‌ലെറ്റ് തുറക്കരുതെന്നും എഎംസി നിര്‍ദേശിച്ചിരുന്നു.
  Published by:Arun krishna
  First published: