• HOME
 • »
 • NEWS
 • »
 • buzz
 • »
 • Shehan Karunatilaka | ബുക്കർ നേടിയ എഴുത്തുകാരൻ ഷെഹാൻ കരുണതിലകെ തിരുവനന്തപുരത്ത് നിന്ന് ഭാര്യയ്ക്ക് വാങ്ങിയ സമ്മാനമെന്ത്?

Shehan Karunatilaka | ബുക്കർ നേടിയ എഴുത്തുകാരൻ ഷെഹാൻ കരുണതിലകെ തിരുവനന്തപുരത്ത് നിന്ന് ഭാര്യയ്ക്ക് വാങ്ങിയ സമ്മാനമെന്ത്?

ഒരു ദശകത്തിനും മുൻപ് കനകക്കുന്ന് കൊട്ടാരത്തിലെ തിണ്ണയിലൊന്നിൽ ബുക്കർ ജേതാവ് ഷെഹാൻ കരുണതിലകെ. മാധ്യമപ്രവർത്തകൻ ആദർശ് ഓണാട്ട് എഴുതുന്നു

ഷെഹാൻ കരുണതിലകെ

ഷെഹാൻ കരുണതിലകെ

 • Share this:
  ബുക്കർ പ്രൈസ് നേടുന്ന രണ്ടാമത് ശ്രീലങ്കൻ വംശജൻ. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ട ഒരു ഫോട്ടോഗ്രഫറിന്റെ ആത്മാവിനെക്കുറിച്ചുള്ള കഥ പറയുന്ന 'ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ഡ' (The Seven Moons of Maali Almeida) എന്ന നോവലാണ് ഷെഹാൻ കരുണതിലകെയെ ബുക്കർ പുരസ്കാരത്തിന് അർഹനാക്കിയത്. 2010-ലാണ് അദ്ദേഹത്തിന്റെ ആദ്യ നോവലായ 'ചൈനമാൻ: ദി ലെജൻഡ് ഓഫ് പ്രദീപ് മാത്യു' പ്രസിദ്ധീകരിച്ചത്. ഈ നോവലിന് 2012-ലെ കോമൺവെൽത്ത് ബുക്ക് പ്രൈസ് ലഭിച്ചിരുന്നു.

  ഇന്നുകാണുന്ന വിധം തിരിച്ചറിയപ്പെടുന്നതിനും മുൻപ് അദ്ദേഹത്തെ പരിചയപ്പെട്ട മാധ്യമപ്രവർത്തകൻ ആദർശ് ഓണാട്ട്, ഒരു ദശകത്തിനും മുൻപുള്ള അദ്ദേഹവുമായുള്ള ഓർമ്മ പങ്കിടുന്നു. ആദർശിന്റെ ഫേസ്ബുക്ക് കുറിപ്പിലേക്ക്:

  ഷെഹാൻ കരുണതിലകയും ഞാനും
  2011 ലോ മറ്റോ ആണ്. ഉച്ചക്ക് തൊട്ടുമുൻപാണ്. കനകക്കുന്ന് കൊട്ടാരത്തിലെ തിണ്ണയിലൊന്നിൽ കുത്തിയിരിക്കുകയായിരുന്നു ഷെഹാൻ കരുണത്തിലകെ. ഞാൻ അന്ന് ഒരു കുഞ്ഞു ക്യാമറയും തൂക്കി ആ പ്രദേശമാകെ നടന്ന് പടമെടുക്കുക്കായിരുന്നു. പുതിയതായി തുടങ്ങുന്ന ഒരു മാസികയിലായിരുന്നു അന്ന് പണി. പടവുമെടുക്കും വല്ലതും എഴുതുകയും ചെയ്യുന്ന കാലം. അന്നത്തെ എഡിറ്ററും പിന്നീട് പ്രിയ കൂട്ടുകാരനുമായ സബീൻ ഇക്ബാൽ പറഞ്ഞിട്ടാണ് കരുണത്തിലകെയുടെ അടുക്കലെത്തുന്നത്. അയാളുടെ ആദ്യ നോവൽ ചൈനമാനുമായി കോവളം ലിറ്റററി ഫെസ്റ്റിവലിന് എത്തിയതായിരുന്നു. പുസ്തകം ഒരെണ്ണം ഞാനും വാങ്ങിച്ചു. അതിന് പൈസ തന്ന പ്രിയകൂട്ടുകാരിക്ക് അത് തിരികെ ഇതുവരെയും കൊടുത്തിട്ടില്ല എന്നാണ് ഓർമ്മ. സബീൻ എടുത്ത ഇന്റർവ്യൂവിന് ഒപ്പം ചേർക്കാൻ മൂപ്പരുടെ ഒരു പടം വേണം. കനകക്കുന്ന് കൊട്ടാരത്തിന് താഴെ ഒരു ആൽമരം നിൽപ്പുണ്ട്. അതിന് താഴെ ഇരുന്നുള്ള ഒരു പടമാണ് വേണ്ടത്. ഞാൻ അദ്ദേഹത്തിന് അടുക്കൽ ചെന്ന് കാര്യം പറഞ്ഞു.
  മൂപ്പരങ്ങേരുടെ പതിഞ്ഞ ശൈലിയിൽ എഴുന്നേറ്റ് എന്റെ കൂടെ വന്നു. പടം എങ്ങനെയാണ് വേണ്ടതെന്ന് പറഞ്ഞു കൊടുത്തു. പുള്ളി അതുപോലെ ഇരുന്നു തരികയും ചെയ്തു. ശേഷം, ഞങ്ങൾ രണ്ടു പേരും സംസാരിച്ചു മേലെ കൊട്ടാരത്തിലേക്കു നടന്നു.
  “നിങ്ങടെ ഈ പുസ്തകം കിടിലമാണെന്ന് എന്റെ എഡിറ്റർ പറഞ്ഞു”
  “സന്തോഷം”
  “എഴുത്തിനെ ഇഷ്ടപ്പെടാൻ എന്താണ് കാരണം”
  “ചെറുതിലെ വായിക്കുമായിരുന്നു. അതായിരിക്കും”
  ഞാൻ ചിരിച്ചു. അല്ല ഈ ഇംഗ്ളീഷൊക്കെ എങ്ങനെയാകും ഇയാൾ പഠിച്ചിട്ടുണ്ടാകുക എന്ന് ഞാൻ അന്ന് മനസ്സിൽ ചോദിച്ചു.
  “എനിക്ക് പുസ്തകത്തിൽ ഒപ്പിട്ടു തരുമോ”
  “പിന്നെന്താ”
  എനിക്ക് പുസ്തകത്തിൽഅദ്ദേഹം ഒപ്പിട്ടു തന്നു.
  “ഈ പുസ്തകം മേടിക്കാനുള്ള കാശ് എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. പുസ്തകം മേടിക്കാതിരിക്കാനും കഴിയുമായിരുന്നില്ല”
  “പിന്നെ, എങ്ങനെ വാങ്ങി”
  “കാമുകിയോട് പൈസ കടം വാങ്ങി”
  “ആഹാ! കാമുകിമാരുണ്ടെങ്കിൽ അങ്ങനെ ചില പ്രയോജനം ഉണ്ട്”
  ഷെഹാൻ ചിരിച്ചു.
  “ആദർശ്, ഈ നഗരത്തിൽ നിന്ന് ഭാര്യക്ക് ഒരു സമ്മാനം വെങ്ങണമെന്നുണ്ട്”
  “സമ്മാനം?”
  “ഒരു സാരി വാങ്ങിയാലോ എന്നാണ്”
  “എവിടെ പോകും”
  “ബൈക്കിൽ ഇരിക്കാൻ പറ്റുമെങ്കിൽ ഞാൻ തന്നെ കൊണ്ട് പോകാം”
  “എയി ! അത് വേണ്ട. ഫെസ്റ്റിവലുകാരോട് പറഞ്ഞാൽ വണ്ടി ശരിയാക്കാമെന്ന് തോന്നുന്നു”
  ഞാനും ഷെഹാനും പിരിഞ്ഞു. പിരിയും മുൻപ് കാപ്പിപ്പൊടി നിറത്തിലുള്ള വിസിറ്റിംഗ് കാർഡ് നീട്ടി അദ്ദേഹം പറഞ്ഞു
  “പടം മെയിൽ ചെയ്യണം. എന്തെങ്കിലും മിണ്ടാനും ഈ മെയിൽ ഉപയോഗിക്കാം”
  ഞാൻ ചിരിച്ചു കൊണ്ട് അത് കൈപ്പറ്റി.
  “എനിക്കും എഴുത്തുകാരനാകണമെന്നാണ് ആഗ്രഹം” ഞാൻ പറഞ്ഞു
  ഷെഹാൻ തിരിഞ്ഞു നിന്ന് ചിരിച്ചു. ഞങ്ങൾ അങ്ങനെ പിരിഞ്ഞു.
  പിന്നീട് നീണ്ട പത്തു വർഷങ്ങൾ. അക്കാലയളവിൽ ഷെഹാൻ ഒന്നും എഴുതിയില്ല. അഥവാ, എഴുതുന്നതൊന്നും പുസ്തകമായി വന്നില്ല. എങ്കിലും അയളെക്കുറിച്ചുള്ള വാർത്തകൾ അറിയുന്നുണ്ടായിരുന്നു. ഇടക്ക്, കുട്ടികൾക്ക് വേണ്ടി പുസ്തകമെഴുതിയതായും അറിഞ്ഞു. 2020 ലാണ് ചാറ്റ്‌സ് ഓഫ് ദി ഡെഡ് എന്ന നോവലുമായി അയാൾ വീണ്ടും വരുന്നത്. കോവിഡിന് തൊട്ടു മുൻപ് ഷെഹാൻ തിരുവനന്തപുരത്തേക്ക് മടങ്ങി എത്തുകയും ചെയ്തു ഇക്കുറി മാതൃഭൂമി സാഹിത്യോത്സവത്തിൽ.
  അന്നും ഞങ്ങൾ കണ്ടു മുട്ടി. കനകക്കുന്നിലെ വലതു വശത്തെ വേദിയിലെ ഒരു സാഹിത്യ സെഷൻ കേട്ടുകൊണ്ടിരിക്കുകയിരുന്നു ഷെഹാൻ. അടുത്തെത്തി ഞാൻ പഴയ ഓർമ്മ പുതുക്കി. അയാൾക്കത് ചെറിയ ഓർമ്മയുണ്ട്.  എന്തേ എഴുത്തു വൈകാൻ കാരണമെന്ന് ഞാൻ ചോദിച്ചു. ഒരു പുസ്തകമൊക്കെ എനിക്ക് എഴുതി പൂർത്തിയാക്കാൻ പത്തു വർഷമെങ്കിലും മിനിമം വേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
  ഭാര്യക്ക് അന്ന് എന്ത് സമ്മാനം വാങ്ങി എന്നത് ഷെഹാന് ഓർമ്മയില്ല. എന്തോ വാങ്ങി. സാരി ആയിരുന്നിരിക്കണം
  “ഞാൻ ആ വിസിറ്റിംഗ് കാർഡ് സൂക്ഷിച്ചു വെച്ചിട്ടുണ്ട്”
  “ആഹാ ! ആശ്ചര്യമായിരിക്കുന്നല്ലോ? “
  ഇനി എന്നാകും വീണ്ടും വരിക
  “ഇനി ഒരു പത്തു വർഷം കൂടി കഴിഞ്ഞു കാണാം പുതിയ പുസ്തകവുമായി”
  “ശരി, ഈ നാടിന്റെ അവസ്ഥ അപ്പോൾ എന്താകുമെന്ന് ഒരു പിടിയുമില്ല”
  ഹാ! ഷെഹാൻ പറഞ്ഞു.
  ഞങ്ങൾ അന്ന് പിരിഞ്ഞു. അന്നും പുതിയ പുസ്തകം ഒപ്പിട്ടു തന്നു.
  വല്ലപ്പോഴും എഴുതണമെന്ന് പറഞ്ഞു.
  കാണാമെന്നും, എഴുതാമെന്നും ഞാനും പറഞ്ഞു.
  ഈ ഷെഹാൻ കരുണതിലകക്കാണ് ഇക്കുറി ബുക്കർ പുരസ്‌കാരം. അദ്ദേഹത്തിന്റെ ദി സെവൻ മൂൺസ് ഓഫ് മാലി അൽമായ്ഡ എന്ന നോവലിനാണ് പുരസ്‌കാരം. ഉജ്വലരായ അനവധി എഴുത്തുകാരെ സംഭാവന ചെയ്ത ശ്രീലങ്കൻ ഇംഗ്ലീഷ് സാഹിത്യത്തിന് തീർച്ചയായും പുതുവെളിച്ചം നൽകുന്നതാണ് ഈ പുരസ്‌കാരം.
  എന്തായാലും പത്തു വർഷമൊന്നും കാത്തിരിക്കേണ്ടി വരുമെന്ന് ഇനി തോന്നുന്നില്ല. ഷെഹാൻ അടുത്ത വർഷം ആദ്യം തിരുവനന്തപുരത്തു എത്തും. പഴയ, കനകക്കുന്നിൽ തന്നെ. ഇക്കുറി, അയാൾ വരിക ഒരു ലിറ്റററി സൂപ്പർസ്റ്റാർ ആയിട്ടായിരിക്കും. ചുറ്റും വായനക്കാരും കുശലം പറച്ചിലുമൊക്കെയായി. കഴിഞ്ഞ കാലങ്ങളിലേതു പോലെ എവിടെങ്കിലും മൂലക്ക് ഒറ്റക്കിരിക്കുന്ന ഷെഹാനെ കാണാൻ കഴിയില്ലെങ്കിലും ഇക്കുറിയും അയാളെ കാണാൻ പോണം.
  #shehankaurnatilaka #chatsofthedead #thesevenmoonsofmaalialmeida #bookerprize
  Published by:user_57
  First published: