മീററ്റ്: കുടുംബത്തിൽ നിന്ന് സമ്മർദ്ദമുണ്ടായതിനെ തുടർന്ന് വിവാഹത്തിൽ നിന്ന് രക്ഷപ്പെടാൻ 28കാരിയായ യുവതി വീട് വിട്ടിറങ്ങി. ഏഴു വർഷത്തിനു ശേഷം പബ്ലിക് സർവീസ് കമ്മീഷന്റെ പരീക്ഷ പാസായി കൊമേഴ്സ്യൽ ടാക്സ് ഓഫീസറായി വീട്ടിലേക്ക് മടങ്ങിയെത്തി. കുടുംബത്തിന്റെ സമ്മർദ്ദത്തിന് തന്റെ ഇഷ്ടങ്ങളെ വിട്ടു കൊടുക്കാതിരുന്ന മീററ്റ് സ്വദേശിയായ സഞ്ജു റാണി വർമയാണ് ഏഴു വർഷത്തിനു ശേഷം യു പി പി എസ് സി പരീക്ഷ പാസായി കൊമേഴ്സ്യൽ ടാക്സ് ഓഫീസർ ആയത്.
ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടുന്നതിനിടെയാണ് സഞ്ജു റാണിക്ക് അമ്മയെ നഷ്ടമായത്. ഇതിനെ തുടർന്ന് പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങിയെത്തി വിവാഹിതയാകാൻ കുടുംബം നിർബന്ധിച്ചു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനെ പ്രോത്സാഹിപ്പിക്കാത്ത കുടുംബത്തിൽ ആയിരുന്നു സഞ്ജു റാണിയുടെ ജനനം. എന്നാൽ, തന്റെ സ്വപ്നം നേടുന്നതിനായുള്ള പോരാട്ടം സഞ്ജു റാണി അന്ന് തുടങ്ങി.
മീററ്റിലെ ആർജി കോളേജിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ സഞ്ജു റാണി കുടുംബത്തിൽ നിന്ന് ഉന്നതപഠനത്തിന് പിന്തുണ ലഭിക്കില്ലെന്ന് മനസിലാക്കിയതിനെ തുടർന്ന് തന്റെ വഴി സ്വയം കണ്ടെത്തി. സാമ്പത്തികപിന്തുണ ഇല്ലാത്തതിനെ തുടർന്ന് 2013ൽ ബിരുദാനന്തര പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. വാടകയ്ക്ക് ഒരു ചെറിയ അപ്പാർട്ട്മെന്റ് എടുത്ത് കുട്ടികൾക്ക് ട്യൂഷൻ ക്ലാസ്സുകൾ എടുത്തു തുടങ്ങി. സ്വകാര്യസ്ഥാപനങ്ങളിൽ പാർട്ട് ടൈം ടീച്ചിങ് ജോലികളും ചെയ്തു. ഇതിനിടയിൽ തന്നെ പി എസ് സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളും നടത്തി.
UPPSC-2018 ലെ പരീക്ഷയുടെ ഫലം കഴിഞ്ഞയാഴ്ച വന്നപ്പോൾ സഞ്ജു റാണിക്ക് അത് സ്വപ്ന സാഫല്യമായിരുന്നു.
എന്നാൽ, സഞ്ജുറാണിയുടെ കണ്ണ് സിവിൽ സർവീസ് പരീക്ഷയെഴുതി ഒരു ഡിവിഷണൽ മജിസ്ട്രേറ്റ് ആകുകയെന്നതാണ്.
You may also like:സ്വപ്നക്കൊപ്പം വനിത പൊലീസുകാരുടെ സെൽഫി; ഫോൺ നൽകിയിട്ടില്ലെന്ന് നഴ്സുമാർ [NEWS]ലൈഫ് മിഷന്‍ വിവാദം: എൻഫോഴ്സ്മെന്റ് യു വി ജോസിന്റെ മൊഴിയെടുത്തു [NEWS] ബെന്നി ബെഹനാന്‍ സമുദായത്തെ ഒറ്റി, കേരളത്തില്‍ കോ-ലീ-ബി സഖ്യം'; വിമര്‍ശിച്ച് കാന്തപുരം മുഖപത്രം [NEWS]
അതേസമയം, തന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ ആഗ്രഹിക്കുന്നെന്ന് 35കാരിയായ സഞ്ജു റാണി പറഞ്ഞു. സ്വന്തം ജീവിതം തിരഞ്ഞെടുക്കാനുള്ള മകളുടെ അവകാശത്തെ നിഷേധിച്ചവർ ഒരു ഓഫീസറായി എത്തുന്ന മകളെ കൈനീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.