നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പറന്നുയരാനൊരുങ്ങി ആദ്യ ട്രാന്‍സ് മാൻ പൈലറ്റ്

  പറന്നുയരാനൊരുങ്ങി ആദ്യ ട്രാന്‍സ് മാൻ പൈലറ്റ്

  ജീവിതം വഴിമുടക്കിയ പ്രതിസന്ധികളെ നിശ്ചയദാഢ്യം കൊണ്ട് മറികടന്ന കഥ ആദം ഹാരി പറയുന്നു

  ആദം ഹാരി

  ആദം ഹാരി

  • Share this:
   #ടി.ജി. സജിത്ത്

   ഇവള്‍ അല്ല , ഇവന്‍ ആദം ഹാരി. ആദ്യ ട്രാന്‍സ് മാൻ പൈലറ്റ്. ഒരുഘട്ടത്തില്‍ ഉപേക്ഷിച്ച ആദമിന്റെ പൈലററ് മോഹം യാഥാര്‍ത്ഥ്യമാവുകയാണ്. കൈത്താങ്ങായത് സംസ്ഥാന സാമൂഹ്യ നീതി വകുപ്പ്. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ 23 ലക്ഷം രൂപ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ ആദം പഠനം ആരംഭിക്കുകയാണ്.

   ജീവിതം വഴിമുടക്കിയ പ്രതിസന്ധികളെ നിശ്ചയദാഢ്യം കൊണ്ട് മറികടന്ന കഥ ആദം ഹാരി പറയുന്നു.

   തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനനം. ചെറുപ്പത്തിലേ തോന്നിയ പൈലറ്റ് മോഹം യാഥാര്‍ത്ഥ്യമാക്കാന്‍ വീട്ടുകാരും ഒപ്പം നിന്നു. 10 ലക്ഷം രൂപ ബാങ്ക് ലോണുമായി ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗില്‍ പ്രൈവറ്റ് പൈലറ്റ് ട്രെയിനിങ്ങ് കോഴ്‌സിന് ചേര്‍ന്നു. ഒരു വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനിടക്ക് തന്നെ വ്യക്തിത്വം തിരിച്ചടിയായി. സാമ്പത്തിക പ്രതിസന്ധി തുടര്‍ പഠനം വഴിമുടക്കിയതിനൊപ്പം നാട്ടില്‍ തിരിച്ചെത്താന്‍ വീട്ടുകാരുടെ സമ്മര്‍ദം. മുടിമുറിച്ച് ആണ്‍വേഷം ധരിച്ചെത്തിയ ആദമിന്റെ പുതിയ വ്യക്തിത്വം ഉള്‍കൊളളാന്‍ വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് വീട്ടുതടങ്കലിന്റെയും മാനസിക ശാരീരിക പീഡനങ്ങളുടേയും ദിനങ്ങളായിരുന്നെന്ന് ആദം പറയുന്നു.   'എന്റെ വ്യക്തിത്വം കുടുംബത്തിന് ബാദ്ധ്യതയാണെന്ന് മനസിലാക്കിയതോടെ വീട് വിട്ടു. കൊച്ചിയിലെ ഒരു ഏവിയേഷന്‍ അക്കാഡമിയില്‍ പരിശീലകനായി താല്‍കാലിക ജോലികിട്ടി. പക്ഷേ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് മനസിലാക്കിയതോടെ ശമ്പളം തരാന്‍ അവര്‍ തയ്യാറായില്ല. ഭക്ഷത്തിനുള്ള പണം മാത്രമായിരുന്നു പ്രതിഫലമായി തന്നത്. എങ്ങനെയും ഏവിയേഷന്‍ മേഖലയില്‍ പിടിച്ചുനില്‍കാനായിരുന്നു ശ്രമം. പക്ഷേ സഹികെട്ടപ്പോള്‍ എന്റെ പൈലറ്റ് സ്വപ്‌നങ്ങള്‍ എന്നന്നേക്കും അവസാനിക്കാന്‍ തീരുമാനമെടുത്തു.'

   കൊച്ചിയിലെ ട്രാന്‍സ് ജന്‍ഡര്‍ കൂട്ടുകാരായിരുന്നു പിന്നീട് ആദമിന്റെ സംരക്ഷകര്‍.ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നടത്തുന്ന ജൂസ്‌കടയില്‍ ജോലി.പക്ഷേ വൈകിട്ട് തലചായ്ക്കാനൊരിടമില്ല.രാത്രിയില്‍ കട വരാന്തകളിലും റെയില്‍വേസ്റ്റേഷനുകളിലുമായിരുന്നു അഭയം. ആദമിന്റെ കഥ വാര്‍ത്തയായതോടെ സഹായഹസ്തങ്ങള്‍ നീണ്ടു. പ്രൈവറ്റ് പൈലറ്റ് ലൈസന്‍സുള്ള ട്രാന്‍സ് ജന്‍ഡര്‍ യുവാവിന് സ്വയം തൊഴില്‍കണ്ടെത്താനുള്ള സാദ്ധ്യതയെകുറിച്ചായിരുന്നു ചിന്ത.

   'ട്രാന്‍സ് ജന്‍ഡര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാം എന്റെ സഹായത്തിന് എന്നും കൂടെയുണ്ടായിരുന്നു.സംസ്ഥാന സാമൂഹ്യനീതിവകുപ്പില്‍ സ്വയം തൊഴില്‍ വായ്പ തേടിയെത്തുമ്പോള്‍ പഴയ പൈലററ് മോഹം മനസില്‍പോലുമുണ്ടായിരുന്നില്ല. പക്ഷേ സാമൂഹ്യ നീതിവകുപ്പ് ഡയറക്ടര്‍ ബിജുപ്രഭാകറുടെ ഇടപെടല്‍ എന്റെ ജീവിതം വഴിതിരിച്ചുവിടുകയായിരുന്നു.'

   ആദമിന്റെ യോഗ്യത മനസിലാക്കിയ ബിജുപ്രഭാകറാണ് ഉപരിപഠനത്തിനുള്ള സാദ്ധ്യതതേടാന്‍ നിര്‍ബന്ധിച്ചത്.പക്ഷേ കൊമേഷ്യല്‍ പൈലറ്റാവണമെങ്കിലുള്ള പഠനത്തിന് ലക്ഷങ്ങളാണ് ചിലവ്.ഏതെങ്കിലും സ്‌പോണ്‍സറെ കണ്ടെത്തിയെങ്കിലേ കാര്യം നടക്കൂ.വഴിമുട്ടിയ തുടര്‍പഠനത്തിന് സര്‍ക്കാര്‍ തന്നെ കൈതാങ്ങായി.സെക്രട്ടേറിയറ്റ് കയറിയിറങ്ങിയ ദിവസങ്ങള്‍്‌ക്കൊടുവില്‍ 23 ലക്ഷം രൂപ തുടര്‍ പഠനത്തിന് പണം അനുവദിച്ചു.

   ' ട്രാന്‍ ജെന്‍ഡര്‍ വ്യക്തിത്വം അംഗീകരിക്കാന്‍ സംസ്ഥാനത്തെ പല ഏവിയേഷന്‍ അക്കാഡമികളും തയ്യാറായില്ല. ആദ്യം അപേക്ഷ സ്വീകരിച്ച പലരും ട്രാന്‍സ് ജന്‍ഡറാണെന്ന് തിരിച്ചറിഞ്ഞതോടെ എന്റെ അഡ്മിഷന്‍ നിഷേധിച്ചു.'

   തിരുവനന്തപുരത്തെ രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയാണ് ആദമിനെ അംഗീകരിക്കാന്‍ തയ്യാറായത്. ഒരു വര്‍ഷം നീളുന്ന കോഴ്‌സ് ഉടന്‍ ആരംഭിക്കും.ആദം ഹാരി പറന്നുയരാന്‍ ഒരുങ്ങുകയാണ്,ആദ്യ ട്രാന്‍ മാൻ പൈലറ്റെന്ന ചരിത്രമുഹൂര്‍ത്തത്തിലേക്ക്.

   First published: