മോഹൻലാലിന്റെ സാഗർ ഏലിയാസ് ജാക്കി, അലക്സാണ്ടർ ദ ഗ്രേറ്റ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയവേഷം ചെയ്ത മേരി മസ്ക്രോഫ്റ്റ് എന്ന ഇംഗ്ലീഷ് താരത്തിന്റെ ജീവിതം ഇപ്പോൾ തെരുവ് നായ്ക്കൾക്കൊപ്പമാണ്. മേരി മസ്ക്രോഫ്റ്റിന്റെ കോവളത്തെ വീട്ടിൽ 200 ൽ അധികം നായ്ക്കളുണ്ട് പലപ്പോഴും. എല്ലാം മേരി എടുത്തുവളർത്തുന്ന നായ്ക്കൾ തന്നെ.11 വർഷം മുമ്പ് ഇംഗ്ലണ്ടിൽ നിന്ന് കേരളത്തിൽ എത്തിയതാണ് മേരി മസ്ക്രോഫ്റ്റും ഭർത്താവ് സ്റ്റീഫ് മസ്ക്രോഫ്റ്റും.
കേരളത്തിൽ ജീവിക്കുന്നത് നായ്ക്കൾക്ക് വേണ്ടി
നായ്ക്കളോടുള്ള സ്നേഹമാണ് ഇവരെ കേരളത്തിലേക്കെത്തിച്ചത്. പല രാജ്യങ്ങൾ ചുറ്റി സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് സ്റ്റീഫ്-മേരി ദമ്പതിമാർ. ഒപ്പം നായ്ക്കളോട് വല്ലാത്ത സ്നേഹവും. കേരളത്തിലാകട്ടെ തെരുവ് നായ്ക്കൾക്ക് വേണ്ടി ആരും ഒന്നും ചെയ്യുന്നില്ല. അവരുടെ ജനനനിയന്ത്രണത്തിനായി ഒന്നും ചെയ്യാത്ത അവസ്ഥ. അതുകൊണ്ട് കേരളത്തിൽ താമസിച്ച് തെരവ് നായ്ക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചു. ഒപ്പം പല രാജ്യങ്ങൾ ചുറ്റിക്കാണാനും അവസരമുണ്ടാക്കി.
നായ്ക്കളെ സേവിക്കുക എന്നാൽ സമൂഹത്തെ സേവിക്കുക എന്നാണർഥം
തെരുവ്നായ്ക്കളുടെ വാക്സിനേഷൻ തുടങ്ങിയ ജനനനിയന്ത്രണ നടപടികൾ ഇവർ ഫലപ്രദമായി ചെയ്തു വന്നു.11 വർഷം മുമ്പ് കോവളത്ത് ഇവർ കണ്ടെത്തിയത് ഏകദേശം 600 ൽ അധികം തെരുവ് നായ്ക്കളായിരുന്നെങ്കിൽ ഇപ്പോഴത് വെറും 20 ലേക്ക് എത്തിയിരിക്കുന്നു. തെരുവ്നായ്ക്കളുടെ എണ്ണം കുറയുമ്പോൾ ഇവ മൂലം സമൂഹത്തിനുണ്ടാകുന്ന പ്രശ്നങ്ങളും കുറയുന്നുവെന്ന് മേരി മാസ്ക്രോഫ്റ്റ് പറയുന്നു.
നാല് തവണ കടിയേറ്റു, കടിച്ചത് തെരുവ് നായ്ക്കളല്ല
ഇക്കഴിഞ്ഞ 11 വർഷത്തിനിടെ മേരിക്ക് നായ്ക്കളുടെ കടിയേറ്റത് നാല് തവണ. എന്നാൽ കൂട്ടിലിട്ട് വളർത്തിയ നായ്ക്കളാണ് തന്നെ കടിച്ചതെന്നും തെരുവ് നായ്ക്കൾ ഇതുവരെ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും മേരി പറയുന്നു.
മേരിയെ കുറിച്ചുള്ള ഡോക്യമെന്ററി അന്താരാഷ്ട്രതലത്തിലേക്ക്
മേരിയുടേയും സ്റ്റീഫിന്റേയും ജീവിതം ആസ്പദമാക്കി ബാബു രാജ് അസാറിയ തയാറാക്കിയ ഡോക്യുമെന്ററി മാസ്ക്രോഫ്റ്റ് ദ സേവിയേഴ്സ് അന്താരാഷ്ട്രതലത്തിലും ശ്രദ്ധ നേടുകയാണ്. തന്നെ കുറിച്ചുള്ള ഡോക്യുമെന്ററി കണ്ടപ്പോൾ വല്ലാത്ത അമ്പരപ്പായിരുന്നെന്ന് മേരി പറയുന്നു. കോവളം ടാജിൽ ഗായിക കൂടിയായ മേരിയും ഭർത്താവും ജീവിതം തെരുവ് നായ്ക്കൾക്ക് വേണ്ടി മാറ്റിവച്ചിരിക്കുകയാണ്. അഭിനയമോഹവും ഒപ്പമുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.