• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഭർത്താവ് മരിച്ചു; കുടുംബം പോറ്റാൻ സത്യഭാമ 53-ാം വയസിൽ ഫോട്ടോഗ്രാഫറായി

ഭർത്താവ് മരിച്ചു; കുടുംബം പോറ്റാൻ സത്യഭാമ 53-ാം വയസിൽ ഫോട്ടോഗ്രാഫറായി

'2009ലാണ് ഭർത്താവ് മരിക്കുന്നത്. അതിന് ശേഷം ഫോട്ടോ സ്റ്റുഡിയോ ഞാൻ തന്നെയാണ് നടത്തിയത്': സത്യഭാമ

  • Share this:
    ജീവിതത്തിൽ ദുരന്തങ്ങൾ വേട്ടയാടിയെങ്കിലും ഒടുവിൽ എല്ലാം തരണം ചെയ്ത് ഫോട്ടോഗ്രാഫറായി പുഞ്ചിരിച്ച് നിൽക്കുകയാണ് സേലം സ്വദേശിനിയായ സത്യഭാമ. സത്യഭാമയുടെ 40-ാം വയസ്സിലാണ് ഭർത്താവ് മരിക്കുന്നത്. ജീവിതം വഴിമുട്ടിയ സമയത്താണ് ഭർത്താവ് ചെയ്തിരുന്ന ഫോട്ടോഗ്രഫി ചെയ്യാൻ തീരുമാനിച്ചത്. അത് വരെ ഒന്നുമറിയില്ലായിരുന്നു. എന്നാൽ ജീവിതം പോറ്റാൻ ഭർത്താവിൻെറ പാത പിന്തുടർന്ന് ഫോട്ടോഗ്രഫി പഠിച്ചു. ഇന്ന് നഗരത്തിലെ പ്രധാന ഫോട്ടോഗ്രാഫർമാരിൽ ഒരാളാണ് സത്യഭാമ.

    1989ലാണ് മധുരൈ ജില്ലയിലെ ശോളവന്ദൻ സ്വദേശിനിയായ സത്യഭാമ ഫോട്ടോഗ്രഫറായ വിജയകുമാറിനെ വിവാഹം കഴിക്കുന്നത്. സേലം ജില്ലയിലെ നച്ചിനംപെട്ടി സ്വദേശിയായിരുന്നു വിജയകുമാർ. വിവാഹത്തിന് ശേഷം പത്ത് വർഷം കഴിഞ്ഞ് വിജയകുമാറിന് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങി. ഫോട്ടോ സ്റ്റുഡിയോ നടത്താൻ അദ്ദേഹത്തിന് സാധിക്കാതെയുമായി.

    2003ൽ വരാമെന്നേറ്റ ഒരു പരിപാടിക്ക് ഫോട്ടോ എടുക്കാൻ പോകാൻ അസുഖം കാരണം വിജയകുമാറിന് സാധിച്ചില്ല. എന്നാൽ ആ വരുമാനം ഉപേക്ഷിക്കാൻ സത്യഭാമ തയ്യാറായിരുന്നില്ല. പരിപാടിക്ക് പോയി പറ്റാവുന്ന തരത്തിൽ അവർ ഫോട്ടോ എടുത്തു.

    “എനിക്ക് ശരിക്കും ചിത്രങ്ങൾ എടുക്കാൻ അറിയുമായിരുന്നില്ല. ക്യാമറയുടെ പ്രവർത്തനരീതി കാര്യമായി പഠിച്ചിട്ടുമില്ല. എന്നാൽ, ഭർത്താവിൻെറ ഫിലിം ക്യാമറ ഉപയോഗിച്ച് ഞാൻ ചിത്രങ്ങൾ എടുത്ത് തുടങ്ങി. ഫോട്ടോകൾ എടുത്ത ശേഷം ഭർത്താവിനെ നെഗറ്റീവ് കാണിച്ചു. 10 ഫോട്ടോകൾ ഷെയ്ക്ക് ആയി പോയതിനാൽ ശരിയായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ബസ് സ്റ്റാൻഡിലെ ഫോട്ടോ ലാബിൽ പോയി ചിത്രങ്ങൾ ഡെവലപ്പ് ചെയ്യാൻ അദ്ദേഹം എന്നോട് പറഞ്ഞു. അവിടെ ഫോട്ടോഗ്രാഫർമാർ നന്നായി ഫോട്ടോ എടുക്കുന്ന രീതി കണ്ട് മനസ്സിലാക്കി. ഈ സംഭവം നടന്നതിന് ശേഷം അടുത്ത ദിവസം ദീവട്ടിപ്പട്ടി പോലീസ് വീട്ടിലെത്തുകയും ചിത്രങ്ങൾ എടുക്കാൻ ഭർത്താവിൻെറ സഹായം തേടുകയും ചെയ്തു. അസുഖം കാരണം അദ്ദേഹത്തിന് പോകാൻ സാധിക്കാഞ്ഞതിനാൽ ഞാൻ ആ ഉത്തരവാദിത്വം ഏറ്റെടുത്തു. ഒരു കിണറിൽ നിന്ന് ലഭിച്ച ജഡത്തിൻെറ ഫോട്ടോ ആയിരുന്നു എടുക്കേണ്ടിയിരുന്നത്. അവിടെ നിന്നാണ് എല്ലാത്തിൻെറയും തുടക്കം,” സത്യഭാമ പറഞ്ഞു.

    “2009ലാണ് ഭർത്താവ് മരിക്കുന്നത്. അതിന് ശേഷം ഫോട്ടോ സ്റ്റുഡിയോ ഞാൻ തന്നെയാണ് നടത്തിയത്. പഠനം പൂർത്തിയാക്കിയ എൻെറ മകൻ മണിക്ക് സിംഗപ്പൂരിൽ ഒരു ജോലി ലഭിച്ചിരുന്നു. എന്നാൽ, സ്റ്റുഡിയോ നടത്തുന്നതിന് സഹായിക്കുന്നതിന് അവനെ ഇവിടെ തന്നെ നിർത്തി. മകനാണ് എഡിറ്റിങും കമ്പ്യൂട്ടറുമെല്ലാം പഠിപ്പിച്ച് തന്നത്,” അവർ കൂട്ടിച്ചേർത്തു.

    “ഒരു വനിതാ ഫോട്ടോഗ്രഫർ എന്ന നിലയിൽ ജോലി ഒട്ടും എളുപ്പമായിരുന്നില്ല. പൊതുസ്ഥലത്ത് പലപ്പോഴും അപമാനത്തിന് ഇരയായിട്ടുണ്ട്. പരിപാടികൾക്ക് ഫോട്ടോ എടുക്കുമ്പോൾ പുരുഷൻമാർ എന്നെ കളിയാക്കാറുണ്ട്. എന്നാൽ ഞാൻ അവരെ അവഗണിച്ചു. ഉത്തരവാദിത്വത്തോടെ നന്നായി ജോലി ചെയ്ത് തുടങ്ങിയതോടെ ആളുകൾ എന്നെ ബഹുമാനിക്കാൻ തുടങ്ങി. രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടിയും പോലീസിന് വേണ്ടിയുമെല്ലാം നിരവധി ഫോട്ടോകൾ എടുത്തിട്ടുണ്ട്,” സത്യഭാമ വിശദീകരിച്ചു.
    Published by:user_57
    First published: