• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഉള്ളിയേരിയുടെ ഉണ്ണിയാർച്ചയായി അടിതടവ് പഠിപ്പിക്കാൻ ഹേമലത ഗുരുക്കൾ

ഉള്ളിയേരിയുടെ ഉണ്ണിയാർച്ചയായി അടിതടവ് പഠിപ്പിക്കാൻ ഹേമലത ഗുരുക്കൾ

ബാലുശ്ശേരിയില്‍ സ്വന്തം വീടിനോട് ചേര്‍ന്നുള്ള കളരിയില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ അടവുകള്‍ പറഞ്ഞുകൊടുക്കുകയാണ് ഹേമലത

ഹേമലത ഗുരുക്കൾ

ഹേമലത ഗുരുക്കൾ

  • Share this:
    കളരിയും കളരി അഭ്യാസങ്ങളുമില്ലാത്ത ഒരു കടത്തനാടിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. വീരപുരുഷന്‍മാര്‍ക്കൊപ്പം പുത്തൂരം വീട്ടിലെ പെണ്ണുങ്ങളെക്കുറിച്ചുള്ള കഥകളും വടക്കന്‍ പാട്ടുകളിലുണ്ട്. അവരുടെ വംശം കുറ്റിയറ്റുപോയില്ലെന്ന് തെളിയിക്കുകയാണ് ബാലുശേരി മുക്കിലെ ഹേമലത ഗുരുക്കള്‍. ബാലുശ്ശേരിയില്‍ സ്വന്തം വീടിനോട് ചേര്‍ന്നുള്ള കളരിയില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ അടവുകള്‍ പറഞ്ഞുകൊടുക്കുകയാണ് ഹേമലത.

    ഉള്ളിയേരി തെരുവത്ത് കടവ് സ്വദേശിയാണ് ഹേമലത. താഴത്തയില്‍ വേലായുധന്‍റെയും യശോദയുടെയും നാലുമക്കളില്‍ ഏറ്റവും ഇളയവള്‍. അച്ഛനും അച്ഛച്ചനുമെല്ലാം പേരുകേട്ട അഭ്യാസികള്‍. ആറാം വയസില്‍ കളരി അഭ്യസിക്കാന്‍ തുടങ്ങിയതാണ് ഹേമലത. അന്ന് പെണ്‍കുട്ടികള്‍ കളരി പഠിക്കുന്നത് അത്ര അസാധാരണമായിരുന്നില്ലെന്ന് ഹേമലത പറയുന്നു. പക്ഷേ ഒരു പ്രായം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ കളരിയില്‍ പോവുന്നത് നിര്‍ത്തും. ഹേമലത ആ പതിവ് തെറ്റിച്ചു. പതിനേഴാം വയസ്സില്‍ ചേളന്നൂരിലെ സുരേന്ദ്രന്‍ ഗുരുക്കളുമായുള്ള കല്യാണത്തിന് ശേഷവും അഭ്യാസങ്ങള്‍ തുടര്‍ന്നു. സുരേന്ദ്രന്‍റെ നിര്‍ബന്ധം തന്നെയാണ് അതിന് കാരണമായതെന്ന് ഹേമലത പറയുന്നു. കളരിയില്‍ മാത്രമല്ല ഗുസ്തി, പഞ്ചഗുസ്തി, ജൂഡോ അങ്ങനെ എല്ലാ മേഖലകളിലും ഇരുവരും ഒരുമിച്ചായിരുന്നു.



    2003ലാണ് വിധി കള്ളച്ചുവടുവെച്ച് ഹേമലതയെ വീഴ്ത്തിയത്. ഭര്‍ത്താവ് സുരേന്ദ്രന്‍ ഒരു ബൈക്ക് അപകടത്തില്‍ മരിച്ചു. അതിന്‍റെ ആഘാതം രണ്ട് വര്‍ഷത്തോളം ഹേമലതയെ തളര്‍ത്തിക്കളഞ്ഞു. പക്ഷേ അങ്ങനെ തളര്‍ന്നു നില്‍ക്കാന്‍ ഹേമലതയിലെ പോരാളിക്ക് കഴിയുമായിരുന്നില്ല. ബാലുശേരി മുക്കിലെ ശ്രീ ശാസ്ത കളരി ഹേമലത ഏറ്റെടുത്തു. അന്ന് ഹേമലതയ്ക്ക് കരുത്തു നല്‍കിയത് ജീവന്‍ പോലെ കൊണ്ടുനടക്കുന്ന അഭ്യാസമുറകളാണ്. കുട്ടികളെ വളര്‍ത്തി വലുതാക്കി. ചെറുപ്പം മുതല്‍ കളരിയില്‍ വളര്‍ന്ന അഞ്ജുഷയും ഷനുത്തും ഹേമലതയ്ക്കൊപ്പമുണ്ട്.

    ഹേമലതയുടെ ശ്രീശാസ്ത കളരി സംഘത്തില്‍ ആണ്‍പെണ്‍ വ്യത്യാസമൊന്നുമില്ല. ആണും പെണ്ണും ഒരുമിച്ചു ചുവടുവച്ചു തുടങ്ങുന്നു. വൈകുന്നേരമാവുമ്പോള്‍ അഞ്ജുഷയുടെ രണ്ടര വയസുകാരന്‍ കേശു മുതല്‍ വീട്ടമ്മയായ ഗിരിജ വരെ കളരിയിലെത്തും.

    പഠിച്ചത് കടത്തനാടിന്‍റെ വടക്കന്‍ ശൈലിയാണെങ്കിലും ഹേമലതയുടെ കളരിയില്‍ തെക്കനാണ് ചിട്ട. സുരേന്ദ്രന്‍റെ തെക്കന്‍ കളരി പാരമ്പര്യം നിലനിര്‍ത്തുകയാണ് ഹേമലത. അമ്മമാരും കുട്ടികളും അടക്കം നൂറോളം പേര്‍ ഹേമലതയുടെ കളരിയില്‍ ശിഷ്യരായുണ്ട്. പ്രായം കളരി പഠിക്കാന്‍ ഒരു തടസമേയല്ലെന്ന് ഹേമലത. ഓരോ പ്രായക്കാര്‍ക്കും അനുസരിച്ചുള്ള പഠനരീതികളാണ് ആസൂത്രണം ചെയ്യുക.

    കളരിയോടുചേര്‍ന്ന് സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ നടത്തിയിരുന്നു കളരിചികിത്സയും ഹേമലത ഏറ്റെടുത്തു. ചികിത്സയ്ക്കായി ദൂരെദിക്കുകളില്‍ നിന്നടക്കം ഹേമലതയെത്തിരഞ്ഞ് ആളുകളെത്തുന്നു. രാവിലെ അഞ്ച് മണി മുതല്‍ ചികിത്സ തുടങ്ങും.
    എല്ലാവരെയും കളരി പഠിപ്പിക്കുന്നുണ്ടെങ്കിലും കൂടുതല്‍ സ്ത്രീകളെ കളരിയിലേക്ക് കൊണ്ടുവരണമെന്നാണ് ഹേമലതയുടെ ആഗ്രഹം. അതിനായി ബാലുശേരിയെന്ന നാട് മുഴുവന്‍ ഹേമലതയ്ക്കൊപ്പമുണ്ട്. പുരാവൃത്തങ്ങളിലെ ഉണ്ണിയാര്‍ച്ചമാര്‍ക്ക് ആവര്‍ത്തനങ്ങളുണ്ടാവുമ്പോള്‍ ലിംഗസമത്വം കേവലമൊരുവാക്ക് മാത്രമല്ലെന്ന് നമ്മളറിയുന്നു.​
    First published: