• HOME
  • »
  • NEWS
  • »
  • buzz
  • »
  • First Baby Travel Influencer | ലോകം ചുറ്റുന്ന ഒരു വയസ്സുകാരൻ; ആദ്യ യാത്ര മൂന്നാഴ്ച്ച പ്രായമുള്ളപ്പോൾ; മാസവരുമാനം 75,000 രൂപ

First Baby Travel Influencer | ലോകം ചുറ്റുന്ന ഒരു വയസ്സുകാരൻ; ആദ്യ യാത്ര മൂന്നാഴ്ച്ച പ്രായമുള്ളപ്പോൾ; മാസവരുമാനം 75,000 രൂപ

കാൻസാസ്, യൂട്ട, അരിസോണ, ഫ്ലോറിഡ, അലാസ്ക, ന്യൂ മെക്സിക്കോ എന്നിവയുൾപ്പെടെ 16 യുഎസ് സംസ്ഥാനങ്ങളിലുടനീളം യാത്ര ചെയ്തു കഴിഞ്ഞു സോഷ്യൽ മീഡിയയിലെ ഈ കുട്ടിത്താരം.

Credits: whereisbriggs/Instagram

Credits: whereisbriggs/Instagram

  • Share this:
സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാർക്കിടയിൽഇന്ന് വലിയ മത്സരം തന്നെയാണ് നടക്കുന്നത്. ബ്രാൻഡ് പ്രമോഷനുകൾക്കും ഉത്പന്നങ്ങളുടെ പ്രമോഷനുകൾക്കുമൊക്കെ വലിയ ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയാണ് ഇന്ന് ഉപയോഗിക്കുന്നത്. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഈ കുട്ടി ഇൻഫ്ലുൻസറെ കണ്ടിട്ടുണ്ടോ? ഈ കുട്ടി വ്ലോഗർ നടത്തിയിരിക്കുന്ന സാഹസിക യാത്രകൾ നിരവധിയാണ്. കാൻസാസ്, യൂട്ട, അരിസോണ, ഫ്ലോറിഡ, അലാസ്ക, ന്യൂ മെക്സിക്കോ എന്നിവയുൾപ്പെടെ 16 യുഎസ് സംസ്ഥാനങ്ങളിലുടനീളം യാത്ര ചെയ്തു കഴിഞ്ഞു സോഷ്യൽ മീഡിയയിലെ ഈ കുട്ടിത്താരം. ഇതോടെ സ്പോൺസർഷിപ്പിൽ പ്രതിമാസം 75,000 രൂപയാണ് ($ 1,000) ബ്രിഗ്ഗ്സ് എന്ന ഈ ഒരു വയസ്സുകാരൻ സമ്പാദിക്കുന്നത്.

ഇപ്പോൾ ബ്രിഗ്ഗ്സിന് ഡയപ്പറുകളും വൈപ്പുകളും ഒന്നും കാശു കൊടുത്ത് വാങ്ങേണ്ട ആവശ്യമില്ല. എല്ലാം സൗജന്യമായി തന്നെ ലഭിക്കും. അടുത്തിടെ ഒരു വയസ്സ് തികഞ്ഞ ബ്രിഗ്സ് ഡാരിംഗ്ടൺ തന്റെ ട്രാവൽ ബ്ലോഗർ മാതാപിതാക്കളായ ജെസ്സിനും സ്റ്റീവിനുമൊപ്പം ഇപ്പോൾ ഇടാഹോ വെള്ളച്ചാട്ടം കാണാൻ പോയിരിക്കുകയാണ്. 2020 ഒക്ടോബർ 14 ന് ജനിച്ച ബ്രിഗ്സ്, മൂന്നാഴ്ച പ്രായമുള്ളപ്പോൾ നെബ്രാസ്കയിലേയ്ക്കാണ് തന്റെ ആദ്യത്തെ യാത്ര നടത്തിയത്. വെറും 9 ആഴ്ച പ്രായമുള്ളപ്പോൾ ആദ്യത്തെ ഫ്ലൈറ്റിൽ കയറി. അതിനുശേഷം ബ്രിഗ്ഗ് 45 വിമാനയാത്ര ഉൾപ്പടെ നടത്തി. യൂട്ടയിൽ നിന്ന് ഹവായിയിലേക്കുള്ള എട്ട് മണിക്കൂർ ദൈർഘ്യമുള്ള യാത്രയും നടത്തി.

അലാസ്കയിലെ കരടികൾ, ന്യൂ മെക്സിക്കോയിലെ ആൽബുക്കർക്കിയിലെ ബലൂൺ ഫിയസ്റ്റ, യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലെ ചെന്നായ്ക്കൾ, കാലിഫോർണിയയിലെ ബീച്ചുകൾ എന്നിങ്ങനെ ബ്രിഗ്ഗ് ഈ ചെറുപ്രായത്തിൽ കണ്ട കാഴ്ച്ചകൾ നിരവധിയാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ട്രാവൽ ഇൻഫ്ലുവൻസർ തന്റെ മകനായിരിക്കുമെന്ന് ബ്രിഗ്സിന്റെ അമ്മ, ജെസ് പറയുന്നു. ബ്രിഗ്സിന്റെ യാത്രാ വ്‌ളോഗുകൾക്ക് വലിയ ആരാധകവൃന്ദം ഉണ്ട്. ടിക് ടോക്കിൽ 250,000 ലൈക്കുകളും ഇൻസ്റ്റാഗ്രാമിൽ 34,000 ഫോളോവേഴ്സും ബ്രിഗ്ഗിനുണ്ട്.ടൂറിസം ബോർഡുകളിലൂടെയും ബ്രാൻഡുകളിലൂടെയുമുള്ള പ്രമോഷനുകൾ വഴി തന്റെ മകൻ പ്രതിമാസം 75,000 രൂപ സമ്പാദിക്കുന്നുണ്ടെന്നും മുഴുവൻ സമയ ട്രാവൽ ബ്ലോഗറായ 28 കാരിയായ ജെസ് പറയുന്നു. കൂടാതെ ബ്രിഗ്ഗിന് സൗജന്യ ഡയപ്പറുകളും വൈപ്പുകളും നൽകുന്ന ഒരു സ്പോൺസറും ഉണ്ടെന്ന് ജെസ് വ്യക്തമാക്കി.

"ഞാൻ കുറച്ച് വർഷങ്ങളായി പാർട്ട് ടൈം ടൂറിസ്റ്റുകൾ എന്ന ബ്ലോഗ് നടത്തുകയായിരുന്നു. എന്നാൽ 2020 ൽ ബ്രിഗ്സിനെ ഗർഭിണിയായപ്പോൾ, എന്റെ കരിയർ അവസാനിച്ചതിൽ ഞാൻ ശരിക്കും അസ്വസ്ഥയായിരുന്നു. അത് മാറ്റിയെടുക്കാൻ ഞാനും എന്റെ ഭർത്താവും ശരിക്കും ആഗ്രഹിച്ചു. അതിനാൽ ഞങ്ങൾ കുഞ്ഞുങ്ങളുടെ യാത്രയെക്കുറിച്ചുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരയാൻ തുടങ്ങി. എന്നാൽ ഒരെണ്ണം പോലും കണ്ടെത്താൻ കഴിഞ്ഞില്ല” ജെസ് ഡെയ്‌ലി മെയിലിനോട് പറഞ്ഞു.

പിന്നീടാണ് ഇങ്ങനെ ഒരു അവസരത്തെക്കുറിച്ച് മനസ്സിലാക്കിയത്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരംഭിക്കാൻ തീരുമാനിച്ചു. ഒരു കുഞ്ഞിനൊപ്പം യാത്ര ചെയ്യുമ്പോൾ പഠിച്ചതെല്ലാം പങ്കിടാനും മറ്റ് മാതാപിതാക്കളെ ഇതുവഴി സഹായിക്കാനും രസകരമായ ഒരു മാർഗമാണിത്. പ്രസവാനന്തര ഉത്കണ്ഠകളും വിഷാദ രോഗവും അലട്ടുന്ന അമ്മമാർക്ക് തന്റെ പോസ്റ്റുകൾ വളരെ ഉപകാരപ്രദമാകുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല, ജെസ് പറയുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർട്ട് ടൈം ടൂറിസ്റ്റുകളായി യാത്ര ചെയ്‌തിരുന്നെങ്കിലും, ബ്രിഗ്സ് വന്നതിനു ശേഷം ബ്രാൻഡുകളിലൂടെയും ടൂറിസം ബോർഡുകളിലൂടെയും കൂടുതൽ പ്രചാരം നേടി.

കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങളും മറ്റും പാലിച്ചുകൊണ്ടാണ് യാത്രകൾ നടത്തുന്നത്. തിരക്ക് കൂടിയ പ്രദേശങ്ങൾ ഒഴിവാക്കി വളരെ ലളിതവും മനോഹരവുമായ പ്രദേശങ്ങൾ ആണ് യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത്.

കുഞ്ഞിന് ആവശ്യമായ നാപ്‌കിനുകളും ഭക്ഷണവും എല്ലാം പ്രത്യേകം കരുതിയാണ് യാത്ര നടത്തുന്നതെന്നും ജെസ് പറയുന്നു. എന്തായാലും ഈ ബേബി ബ്ലോഗർ ഇന്ന് ലോകം മുഴുവനും തന്റെ യാത്ര വിശേഷങ്ങളുമായി പ്രസിദ്ധനാണ്.
Published by:Sarath Mohanan
First published: