ലോക ഫുട്‍ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ലയണൽ മെസ്സി തന്റെ കായിക ജീവിതത്തിലാദ്യമായി ക്ലബ് മാറിയത് ഫുട്‌ബോളിന്റെ ഗതി തന്നെ മാറ്റുന്നതാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ പുതിയ ആതിഥേയര്‍ അവര്‍ക്കായി ഏറ്റവും മികച്ച സൗകര്യങ്ങളും ആഡംബരങ്ങളും നല്‍കുമെന്നതില്‍ സംശയമില്ല. അതുകൊണ്ടാണ് മെസ്സിയും കുടുംബവും പാരീസിലെ ആഡംബര ഹോട്ടലായ ലെ റോയല്‍ മോണ്‍സ്യൂവിലെ ഒരു രാത്രി വാസത്തിന് 1.8 മില്യണ്‍ ഡോളര്‍ (13.5 കോടി രൂപ) വിലമതിക്കുന്ന മുറിയിൽ താമസിക്കുന്നത്. അര്‍ജന്റീനിയന്‍ താരത്തിന് ഏറ്റവും മികച്ച സ്വീകരണം ഉറപ്പിക്കാനാണ് പാരീസ് സെന്റ് ജെർമെയ്ൻ (പി എസ് ജി) ഫുട്‌ബോള്‍ ക്ലബ് ആഡംബര ഹോട്ടലിൽ താമസമൊരുക്കിയത്.
ബാഴ്‌സലോണയില്‍ നടത്തിയ പത്രസമ്മേളനത്തിന് ശേഷം, പാരീസിലേക്കെത്തുന്ന മെസ്സിയെ കാത്ത് എയര്‍പോര്‍ട്ട് മുതല്‍ പാക്ക് ഡി പ്രിന്‍സസ് സ്റ്റേഡിയം വരെ ആരാധകരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. തന്നെ കാത്തുനിന്ന ആരാധകർക്കെല്ലാം അഭിവാദ്യം അർപ്പിച്ചതിന് ശേഷമാണ് അര്‍ജന്റീനയുടെ ഇതിഹാസ താരം എയര്‍പോര്‍ട്ടില്‍ നിന്നും ഹോട്ടലിലേക്ക് പോയത്. അതിന് ശേഷമാണ് പിഎസ്ജിയുമായി കരാര്‍ ഒപ്പുവെയ്ക്കുന്നതിനായി മെസ്സി സ്റ്റേഡിയത്തില്‍ എത്തിയത്.
മുന്‍ ബാഴ്‌സലോണ താരം പിഎസ്ജിയുമായി രണ്ട് വര്‍ഷത്തെ കരാറാണ് ഒപ്പു വെച്ചത്. കരാർ മൂന്നാം വര്‍ഷത്തിലേക്ക് നീട്ടുന്നതിനുള്ള സ്വാതന്ത്ര്യവും താരത്തിന് നല്‍കുന്നുണ്ട്. ഈ കരാറിലൂടെ മെസ്സിക്ക് 35 മില്യണ്‍ പൗണ്ടാണ് പ്രതിവര്‍ഷം പ്രതിഫലമായി ലഭിക്കാന്‍ പോകുന്നത്, അതായത് പ്രതിവര്‍ഷം 360 കോടി രൂപ. അതിന്റെ കൂടെ മറ്റ് ബോണസ് ആനുകൂല്യങ്ങളും ലഭിക്കും. ശമ്പളത്തിന് പുറമേ, ജേഴ്സിയിലും മറ്റും പ്രിന്റ് ചെയ്യുന്ന തന്റെ ചിത്രത്തിന്‍മേലുള്ള അവകാശവും മെസ്സി സ്വന്തമാക്കുന്നു. പിഎസ്ജിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍, മെസ്സിയുടെ ജഴ്‌സി നമ്പര്‍ 30 ആണ് എന്ന് വെളിപ്പെടുത്തി 30 മിനിറ്റിനുള്ളിൽ തന്നെ മുഴുവന്‍ ജേഴ്‌സികളും വിറ്റുപോയിരുന്നു. മെസ്സിയുടെ പേരിലുള്ള ജേഴ്‌സിയുടെ വില 92 പൗണ്ടാണ് (9440 രൂപ). ആദ്യ റിലീസില്‍ തന്നെ ഇവയെല്ലാം വിറ്റ് പോവുകയായിരുന്നു.
'മെസ്സി' എന്നത് ഉന്മാദം സൃഷ്ടിക്കുന്ന ഒരു പ്രഭാവമാണ്. മെസ്സി പിഎസ്ജിയിലേക്ക് എത്തിയതിന് ശേഷം ക്ലബ്ബിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് 20 മില്യണ്‍ ഫോളോവേഴ്‌സിനെയാണ് പുതിയതായി ലഭിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, താന്‍ ആദ്യമായി കളിച്ചതും, 17 വര്‍ഷത്തെ കായിക ഔദ്യോഗിക ജീവിതം നയിച്ചതുമായ എഫ്‌സി ബാഴ്‌സലോണയില്‍ നിന്നും മെസ്സി പിന്‍വാങ്ങി എന്ന വസ്തുത ഇപ്പോഴും ഫുട്‌ബോള്‍ ലോകം അംഗീകരിച്ച് തുടങ്ങുന്നതേയുള്ളു. 21 വർഷത്തോളമാണ് മെസ്സി ബാഴ്‌സയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞത്. ഇക്കാലയളവിൽ തന്റെ 'കാല്‍വിരുതിലൂടെ' നിരവധി റെക്കോർഡുകളാണ് താരം നേടിയെടുത്തത്.
നേരത്തെ, നെയ്മറിന്റെ നമ്പര്‍ 10 ജഴ്‌സി നിരാകരിച്ചുകൊണ്ടാണ് മെസി 30ാം നമ്പര്‍ ജഴ്‌സി സ്വന്തമാക്കിയത്. മെസ്സിയെ പിഎസ്ജിയിലേക്ക് കൊണ്ടുവരാന്‍ ഈ ബ്രസീലിയന്‍ താരം വഹിച്ച പങ്ക് വളരെ വലുതാണ്. നാല് വര്‍ഷത്തിന് ശേഷമാണ് ഇരുവരുമൊന്നിച്ച് കളിക്കളത്തില്‍ ഇറങ്ങാന്‍ പോകുന്നത്. 2017 ലോകത്തിലെ ഫുട്‌ബോള്‍ പ്രതിഫലത്തില്‍ റെക്കോഡിട്ട് 222 മില്യണ്‍ ഡോളര്‍ പ്രതിഫലം വാങ്ങിയതിന് ശേഷമാണ്, നെയ്മര്‍, എഫ്‌സി ബാഴ്‌സലോണ വിട്ട് പിഎസ്ജിയില്‍ എത്തിയത്. അതേ വര്‍ഷം തന്നെ മൊണാകോ എഫ്‌സിയില്‍ നിന്നും കിലിയന്‍ എംബാപ്പയെ സ്വന്തമാക്കാനും പിഎസ്ജിക്ക് സാധിച്ചു.
മെസ്സിയെ കൂടാതെ, മറ്റ് വമ്പന്‍ താരങ്ങളായ, റിയല്‍ മാഡ്രിഡിന്റെ സെര്‍ജിയോ റാമോസ്, എസി മിലാനിലെ ഗിയാന്‍ല്യൂജി ഡൊന്നരുമ, ലിവര്‍പൂളിന്റെ ജോര്‍ജിയോ വൈനാൾഡം തുടങ്ങിയവരെയും പിഎസ്ജി സ്വന്തമാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Barcelona, Lionel messi, Paris, PSG