Meta | ഹീബ്രു ഭാഷയിൽ 'മെറ്റ' എന്നാൽ 'മരണം'; ഫെയ്സ്ബുക്കിന്റെ പുതിയ പേരിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതികരണം
Meta | ഹീബ്രു ഭാഷയിൽ 'മെറ്റ' എന്നാൽ 'മരണം'; ഫെയ്സ്ബുക്കിന്റെ പുതിയ പേരിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതികരണം
ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിരുന്നു. ഫേസ്ബുക്ക് 'മെറ്റ' എന്ന് പേര് മാറ്റിയതിനെ സംബന്ധിച്ച് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുമുണ്ട്.
ഫേസ്ബുക്കിന്റെ പേര് മാറ്റുന്നു എന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം പേര് മാറ്റം സംബന്ധിച്ച് ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിരുന്നു. ഫേസ്ബുക്ക് 'മെറ്റ' എന്ന് പേര് മാറ്റിയതിനെ സംബന്ധിച്ച് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുമുണ്ട്. അതേ സമയം പേര് മാറ്റത്തെ കുറിച്ച് അനിഷ്ടം നിറഞ്ഞ പ്രതികരണമാണ് ഇസ്രയേലില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മെറ്റ എന്ന വാക്കിന് 'മരണം' എന്ന് അര്‍ത്ഥം വരുന്ന ഹീബ്രു വാക്കുമായി ശബ്ദ സാമ്യം ഉണ്ട് എന്നതാണ് അതിന് കാരണം.
കൃത്യമായി പറഞ്ഞാല്‍, മരണം എന്ന് അര്‍ത്ഥം വരുന്ന ഹീബ്രു പദത്തിന്റെ സ്ത്രീലിംഗം പോലെയാണ് 'മെറ്റാ' ഉച്ചരിക്കുന്നത്. FacebookDead എന്ന ഹാഷ്ടാഗിന് കീഴില്‍ നിരവധി ആളുകള്‍ ട്വിറ്ററില്‍ ഫേസ്ബുക്കിന്റെ പുതിയ പേരിനോട്പ്രതികരിക്കുന്നുണ്ട്.
In Hebrew, *Meta* means *Dead*
The Jewish community will ridicule this name for years to come.
അതേസമയം ഇതിനോട് സരസമായി പ്രതികരിച്ചവരും ഒട്ടും കുറവല്ല. ''ഹീബ്രു സംസാരിക്കുന്ന എല്ലാവര്ക്കും ചിരിക്കാന്‍ വക നല്‍കിയതിന് നന്ദി'' എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് കമന്റ് രേഖപ്പെടുത്തിയത്. എന്നാല്‍, ബ്രാന്‍ഡ് നാമങ്ങളുടെ വിവര്‍ത്തനങ്ങളുടെ പേരില്‍ പരിഹസിക്കപ്പെടുന്ന ഒരേയൊരു കമ്പനിയോ ആദ്യത്തെ കമ്പനിയോഫേസ്ബുക്കല്ല എന്ന് ബിബിസി തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഓര്‍മ്മിപ്പിക്കുന്നു.
വിവര്‍ത്തനം ചെയ്ത് വന്നപ്പോള്‍ അര്‍ത്ഥം മാറിപ്പോയ മറ്റുകമ്പനികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
'finger lickin' good' എന്ന ആപ്തവാക്യവുമായി ഇന്നും ലോകത്തിന്റെ മനം കവരുകയാണ് വ്യത്യസ്തമായ രുചിക്കൂട്ടിലുള്ള ഫ്രൈഡ് ചിക്കനുമായെത്തിയ അമേരിക്കക്കാരന് കെഎഫ്സി. 1980 കളിലായിരുന്നു കെഎഫ്സി ചൈനയില്‍ തങ്ങളുടെ ശൃംഖല സ്ഥാപിച്ചത്. എന്നാല്‍ ചൈനയിലെ പ്രാദേശിക ജനതയ്ക്ക് കെഎഫ്സിയുടെ ആ ലോക പ്രശസ്തമായ ആപ്തവാക്യം അത്ര സുഖകരമായിരുന്നില്ല. കാരണം ഇത് ചൈനയിലെ ഭാഷയായ മന്ദാരിനിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ കിട്ടുന്ന അര്‍ത്ഥം ''നിങ്ങളുടെ വിരലുകള്‍ തിന്നുക'' എന്നായിരുന്നു. അതേസമയം, കമ്പനിയ്ക്ക് വലിയ പരുക്കുകളൊന്നും ഈ പേര് കാരണം ഉണ്ടായതുമില്ല. ഇന്നും ചൈനയിലെ ഏറ്റവും വലിയ ഭക്ഷണ വിതരണ ശൃംഖലകളില്‍ ഒന്നായി തന്നെ കെഎഫ്സി നിലനില്ക്കുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
റോള്‍സ് റോയ്സ് അതിന്റെ സില്‍വര്‍ മിസ്റ്റ് കാറിലെ മിസ്റ്റ് എന്ന പദം പിന്നീട് ഒഴിവാക്കിയിരുന്നു. കാരണം മിസ്റ്റ് എന്ന വാക്കിന് ജര്‍മ്മന്‍ ഭാഷയില്‍ അര്‍ഥം ''വിസര്‍ജ്ജനം'' എന്നായിരുന്നു. ഇതിന് പകരം കാറിന്റെ പേര് സില്‍വര്‍ ഷാഡോ എന്നാണ് അവര്‍ പുനഃര്‍നാമകരണം ചെയ്തത്. അതേസമയം, 2011 ല്‍ നോക്കിയ ലൂമിയ ഫോണ്‍ പുറത്തിറക്കിയപ്പോള്‍ പ്രതീക്ഷിച്ച പ്രതികരണം അതിന് ലഭിച്ചിരുന്നില്ല. സ്പാനിഷ് ഭാഷയില്‍, ലൂമിയ എന്ന വാക്ക് 'വേശ്യ' എന്ന പദത്തിന്റെ പര്യായമായാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും, കനത്ത ജിപ്സി സ്വാധീനമുള്ള പ്രാദേശിക ഭാഷകളില്‍ മാത്രമേ ഇത് ഈ പ്രശ്നം ഉണ്ടായുള്ളൂ.
തങ്ങളുടെ ഉത്പന്നത്തിന്റെ പേര് മാറ്റിയത് മൂലം തലനാരിഴയ്ക്ക് ആക്ഷേപങ്ങളില്‍ നിന്ന് രക്ഷപെട്ടവരുടെ പട്ടികയില്‍ ഹോണ്ടയും ഉള്‍പ്പെടും. സ്വീഡിഷ് ഭാഷയില്‍ യോനിയെക്കുറിച്ച് അശ്ലീലമായ രീതിയില്‍ ഉപയോഗിക്കുന്ന 'Fitta' എന്ന പേര് ഹോണ്ട കമ്പനി അതിന്റെ പുതിയ കാറിന് നല്കിയതായിരുന്നു. എന്തായാലും ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് തന്നെ പ്രശ്നം തിരിച്ചറിഞ്ഞ ഹോണ്ട വാഹനത്തിന് ജാസ് എന്ന് പേരിടാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.