ഓരോ പ്രണയകഥയും (love story) വ്യത്യസ്തമാണ്. ചുറ്റുമുള്ളവർക്ക് മനസിലാക്കാൻ പറ്റാത്ത, എന്നാൽ പ്രണയിക്കുന്നവർക്കു മാത്രം മനസിലാകുന്ന പല പ്രത്യേകതകളും ചില ബന്ധങ്ങൾക്കുണ്ടാകും. അത്തരമൊരു പ്രണയകഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
2009-ലാണ്, മെക്സിക്കൻ സ്വദേശിയും മേക്കപ്പ് ആർട്ടിസ്റ്റുമായ ലൂസ് യെസെനിയ ജെറോണിമോ സെർന (Luz Yesenia Geronimo Cerna) എന്ന യുവതി സ്വന്തമായി ഒരു വീടു പോലും ഇല്ലാത്ത ജുവാൻ മെൻഡോസ അൽവിസാറിനെ (Juan Mendoza Alvizar) കണ്ടുമുട്ടിയത്. ഒരു വർക്ക് ഷോപ്പിൽ കാർ കഴുകുകയായിരുന്നു ജുവാൻ അപ്പോൾ. അവർ തമ്മിൽ സംസാരിക്കുകയും തനിക്ക് ഒരു മെയ്ക്ക് ഓവർ ചെയ്തു തരാമോ എന്ന് ജുവാൻ ലൂസിനോട് ചോദിക്കുകയും ചെയ്തു. അവിടെ നിന്നായിരുന്നു ആ പ്രണയകഥയുടെ തുടക്കം.
രണ്ട് വർഷങ്ങൾക്കു ശേഷം ലൂസ് ജുവാനെ വിവാഹം കഴിച്ചു. അവരുടെ ദാമ്പത്യം 12 വർഷങ്ങളും പിന്നിട്ടിരിക്കുന്നു. ഇന്നവർക്ക് മൂന്നു കുട്ടികളുണ്ട്. ആദ്യ കാഴ്ചയിൽ തന്നെ ജുവാനോട് തനിക്ക് പ്രണയം തോന്നിയെന്ന് ലൂസ് പറയുന്നു. ആ സമയത്ത് ഒരു പരുക്കൻ രൂപമായിരുന്നു ജുവാന്. എന്നാൽ മറ്റുള്ളവരോടുള്ള അവന്റെ പെരുമാറ്റം ലൂസിന്റെ ഹൃദയം കീഴടക്കി.
തന്റെ പ്രണയകഥ ലൂസ് ടിക് ടോക്കിൽ പങ്കു വെച്ചിരുന്നു. ആ വീഡിയോ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും വൈറലാവുകയും ചെയ്തു. ജുവാൻ മുൻപ് ജോലി ചെയ്തിരുന്ന കടയും അവിടുത്തെ സാഹചര്യങ്ങളും ജുവാന്റെ പഴയ ചിത്രങ്ങളുമെല്ലാം വീഡിയോയിൽ ഉണ്ടായിരുന്നു. പഴയ ചിത്രങ്ങളിൽ മുഷിഞ്ഞ വേഷവും അലസമായ മുടിയും അഴുക്കു പുരണ്ട മുഖവുമായാണ് ജുവാനെ കാണുന്നത്.
എന്നാൽ മേക്ക് ഓവറിനു ശേഷം ജുവാനു സംഭവിച്ച മാറ്റം അമ്പരപ്പിക്കുന്നതായിരുന്നു. ജുവാന്റെ പഴയ രൂപവും മേയ്ക്ക് ഓവറിനു ശേഷമുള്ള രൂപവും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ലൂസ് പങ്കുവെച്ചിട്ടുണ്ട്. ജുവാന് മേക്ക് ഓവർ നൽകിയ അനുഭവത്തെക്കുറിച്ചും ലൂസ് തുറന്നു പറഞ്ഞു. ഹെയർകട്ടിനു ശേഷം അവന്റെ രൂപം മാറിയതു കണ്ട് താൻ ആശ്ചര്യപ്പെട്ടുവെന്നും ലൂസ് പറയുന്നു. എന്നാൽ ജുവാനുമായുള്ള തന്റെ പ്രണയത്തെക്കുറിച്ചു സംസാരിച്ചപ്പോഴാണ് ലൂസ് കൂടുതൽ വാചാലയായത്. ''തുടക്കം മുതൽ ഞങ്ങളുടെ ബന്ധം ഊഷ്മളമായിരുന്നു. ഞാൻ തേടി നടന്നതും അതായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവരെക്കുറിച്ചും എടുത്തു പറയണം. അവർ എന്നെ അവരുടെ സ്വന്തം മകളെപ്പോലെ കരുതുന്നു. സ്നേഹത്തോടെ എന്നോട് പെരുമാറുകയും ചെയ്യുന്നു'', ലൂസ് ദ മിററിനോട് പറഞ്ഞു.
ഒരു ഇഷ്ടികപ്പണിക്കാരനായി ജോലി ചെയ്യുകയാണ് ജുവാൻ ഇപ്പോൾ. ഒഴിവുസമയങ്ങളിൽ മൊബൈൽ ഫോണുകൾ നന്നാക്കുന്ന ജോലിയും ചെയ്യാറുണ്ട്. തങ്ങളുടെ മൂന്ന് മക്കളായ ലാറിസ (12), കിംബർലി (9), സാസിൽ (3) എന്നിവരുടെ ചിത്രങ്ങളും വൈറലായ വീഡിയോയിൽ ലൂസ് ഉൾപ്പെടുത്തിയിരുന്നു. ലൂസും ജുവാനും മക്കളും ഒരുമിച്ച് ക്യാമറയ്ക്ക് പോസ് ചെയ്യുന്നത് കാണാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.