• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'ആമിന എന്ന മരിയയ്ക്കു മാതാപിതാക്കളെ കാണണം'; മുംബൈ മലയാളികൾ കൈകോർക്കണമെന്ന് മന്ത്രി എ.കെ. ബാലൻ

'ആമിന എന്ന മരിയയ്ക്കു മാതാപിതാക്കളെ കാണണം'; മുംബൈ മലയാളികൾ കൈകോർക്കണമെന്ന് മന്ത്രി എ.കെ. ബാലൻ

മുംബൈയിലെ മലയാളം മിഷന്‍ പ്രവര്‍ത്തകരും മറ്റു മലയാളികളും സഹകരിച്ചാല്‍ തദ്ദേശീയരുടെ സഹായത്തോടെ ഇവരുടെ മാതാപിതാക്കളെയോ സഹോദരങ്ങളെയോ കണ്ടെത്താന്‍ ശ്രമിക്കാനാകുമെന്നാണ് മന്ത്രി എ.കെ ബാലൻ പറയുന്നത്...

rodymon-ak balan

rodymon-ak balan

 • Last Updated :
 • Share this:
  തിരുവനന്തപുരം: എടത്വായിലെ റോഡിമോൻ വർഗീസ് ഭാര്യയുടെ വീട്ടുകാരെ തേടുന്നുവെന്ന വാർത്ത നേരത്തെ ന്യൂസ് 18 നൽകിയിരുന്നു. ഇപ്പോൾ ഇതേ ആവശ്യമുന്നയിച്ച് റോഡിമോനും ഭാര്യ ആൻ മരിയയും സാംസ്കാരികവകുപ്പ് മന്ത്രി എ.കെ ബാലനെ കാണാനെത്തി. മുംബൈ ഈസ്റ്റ് ജോഗേശ്വരിക്കടുത്തുള്ള ഏതോ സ്ഥലത്താണ് മരിയയുടെ വീടെന്ന ഏകദേശ അനുമാനം മാത്രമാണ് ഇപ്പോഴുള്ളത്. മുംബൈയിലെ മലയാളം മിഷന്‍ പ്രവര്‍ത്തകരും മറ്റു മലയാളികളും സഹകരിച്ചാല്‍ തദ്ദേശീയരുടെ സഹായത്തോടെ ഇവരുടെ മാതാപിതാക്കളെയോ സഹോദരങ്ങളെയോ കണ്ടെത്താന്‍ ശ്രമിക്കാനാകുമെന്നാണ് മന്ത്രി എ.കെ ബാലൻ ഫേസ്ബുക്കിലൂടെ പറയുന്നത്.

  മന്ത്രി എ.കെ. ബാലന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

  മനുഷ്യസ്നേഹപരമായ ഒരു കാര്യത്തിനാണ് ഈ കുറിപ്പ് എഴുതുന്നത്. ആലപ്പുഴ ജില്ലയിലെ എടത്വാ തലവടിയില്‍ നിന്നുള്ള റോഡിമോന്‍ വര്‍ഗീസും ഭാര്യ ആമിന എന്ന മരിയ ഫ്രാന്‍സിസും മക്കളും കഴിഞ്ഞ ദിവസം എന്നെ ഓഫീസില്‍ വന്നു കണ്ടു. മരിയ ഫ്രാന്‍സിസ് ബധിരയും മൂകയുമാണ്. എവിടെനിന്നോ വഴിതെറ്റി ഇടുക്കി 21 വര്‍ഷങ്ങള്‍ക്കു മുമ്പ് കട്ടപ്പനയില്‍ എത്തിയതാണ് മരിയ. എവിടെ നിന്നാണ് വന്നതെന്ന് പറഞ്ഞറിയിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഇപ്പോള്‍ അവര്‍ക്കു മാതാപിതാക്കളെയും സഹോദരങ്ങളെയും കണ്ടെത്തണമെന്ന് ആഗ്രഹം. അതിന് സഹായിക്കണമെന്നാണ് ആവശ്യം.

  മുംബൈ ഈസ്റ്റ് ജോഗേശ്വരിക്കടുത്തുള്ള ഏതോ സ്ഥലത്താണ് മരിയയുടെ വീടെന്ന ഏകദേശ അനുമാനം മാത്രമാണ് ഇപ്പോഴുള്ളത്. മുംബൈയിലെ മലയാളം മിഷന്‍ പ്രവര്‍ത്തകരും മറ്റു മലയാളികളും സഹകരിച്ചാല്‍ തദ്ദേശീയരുടെ സഹായത്തോടെ ഇവരുടെ മാതാപിതാക്കളെയോ സഹോദരങ്ങളെയോ കണ്ടെത്താന്‍ നല്ലൊരു ശ്രമം നടത്താന്‍ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്.

  റോഡിമോന്‍ പറഞ്ഞതു പ്രകാരം ഇങ്ങനെയാണ് സംഭവവികാസങ്ങള്‍: 22 വര്‍ഷങ്ങള്‍ക്കു മുമ്പ് കട്ടപ്പനയിലെ 'സ്നേഹാശ്രമം' എന്ന ഒരു അനാഥാലയത്തില്‍ വെച്ചാണ് റോഡിമോന്‍ മരിയയെ ആദ്യം കാണുന്നത്. റോഡിമോന്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്നേഹാശ്രമത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ആ നാട്ടിലെ മറ്റു ചെറുപ്പക്കാര്‍ക്കൊപ്പം പങ്കെടുത്തിരുന്നു. 1998 ല്‍ ഒരു ദിവസമാണ് കട്ടപ്പനയിലെ ബസ് സ്റ്റാന്‍റില്‍ വഴിതെറ്റി എത്തിയ നാടോടിപ്പെണ്‍കുട്ടി വൈകുന്നേരമായിട്ടും എങ്ങും പോകാനില്ലാതെ വിഷമിച്ചിരിക്കുന്നത് നാട്ടുകാര്‍ കണ്ടത്. കുറച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ അവളെ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. പോലീസാണ് അവളെ സ്നേഹാശ്രമത്തില്‍ എത്തിച്ചത്. പെണ്‍കുട്ടിയുടെ കയ്യില്‍ '786' എന്ന് പച്ച കുത്തിയിരുന്നു. കൈസഞ്ചിയില്‍ നൃത്തത്തിനുള്ള വേഷവിധാനങ്ങളുണ്ടായിരുന്നു. 14 വയസ്സ് പ്രായം തോന്നിച്ചിരുന്നു.

  2003 ലാണ് റോഡിമോന്‍ ആമിനയെ വിവാഹം കഴിച്ചത്. റോഡിമോന്‍ അവളെ മരിയ ഫ്രാന്‍സിസ് എന്നു വിളിച്ചു.

  മരിയയോട് തന്‍റെ ഭൂതകാലത്തെക്കുറിച്ച് ഇടയ്ക്ക് റോഡിമോന്‍ ചോദിക്കുമായിരുന്നു. മാതാപിതാക്കളെ കണ്ടെത്തുന്ന കാര്യം പറയുമ്പോള്‍ ആദ്യമൊന്നും മരിയ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചിരുന്നില്ല. റോഡിമോന്‍റെ തുടരെയുള്ള പ്രോല്‍സാഹനം കാരണം മരിയയിലും ആ ആഗ്രഹം തീവ്രമായി. പലപ്പോഴും കുട്ടികള്‍ക്ക് വരച്ചു കൊടുത്തിരുന്ന ഹൃദയത്തിന്‍റെ ആകൃതിയിലുള്ള വലിയ സ്തൂപത്തിന്‍റെയും ദേശീയ പതാകയുടെയും ചിത്രം ഗ്രാമത്തില്‍ അവള്‍ക്ക് ഓര്‍മ്മയുള്ള ഒരു സ്ഥലത്തിന്‍റേതായിരുന്നുവെന്ന് മരിയ പറഞ്ഞു.

  റോഡിമോന് മുംബൈ മലയാളികളുടെ സഹായം വേണം; ആമിനയുടെ മാതാപിതാക്കളെ കണ്ടെത്താൻ

  കട്ടപ്പനയില്‍ എത്തിയ യാത്രയില്‍ ഇടയ്ക്കെപ്പൊഴോ ഒരു അപകടം സംഭവിച്ചതായി അവര്‍ ഓര്‍ക്കുന്നുണ്ട്. അവരുടെ ഗ്രാമത്തില്‍ പണ്ടെന്നോ ഒരു സംഘര്‍ഷമുണ്ടായതും ഓര്‍ക്കുന്നുണ്ട്. പല നിരകളായി വീടുകളുണ്ട്. ഈ പ്രദേശത്തിന്‍റെ നാല് ചുറ്റിലും വലിയ റോഡുകള്‍ ഉണ്ട്. ഈ കോമ്പൗണ്ടിനുള്ളില്‍ ഒരു മുസ്ലിം പള്ളിയും മദ്രസയുമുണ്ട്. പിറകില്‍ റെയില്‍പാതയുണ്ട്. പല നിരയായാണ് വീടുകള്‍. ഇതിനിടയിലൂടെ ഓട്ടോയും ബൈക്കും പോവാന്‍ പറ്റിയ പാതയുണ്ട്.

  ഒരിക്കല്‍ ബോളിവുഡ് താരം അമീര്‍ഖാന്‍റെ ഫോട്ടോ കണ്ടപ്പോള്‍ താന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും ഷെയ്ക്ഹാന്‍ഡ് കൊടുത്തിട്ടുണ്ടെന്നും മരിയ റോഡി മോനോട് പറഞ്ഞിരുന്നു. റോഡിമോന്‍ ഹിന്ദി പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കൊടുക്കുമായിരുന്നു. ഇങ്ങനെ ലഭിച്ച 'അകേലേ ഹം അകേലേ തും' എന്ന പാട്ട് സീന്‍ കാണാനിടയായപ്പോള്‍ പെട്ടെന്ന് മരിയ തുള്ളിച്ചാടി. പല സംഭവങ്ങളും മരിയക്ക് ഓർമ വന്നു. ആ പാട്ട് സീന്‍ ചിത്രീകരിച്ചത് തന്‍റെ ഗ്രാമത്തിനടുത്തുള്ള ഒരു പാര്‍ക്കില്‍ നിന്നാണെന്നും അതിന്‍റെ ചിത്രീകരണത്തിനിടക്കാണ് അമീര്‍ ഖാനെ കണ്ടതും ഷെയ്ക് ഹാന്‍റ് കൊടുത്തതെന്നും മരിയ പറഞ്ഞു.

  റോഡിമോന്‍ ആ സിനിമയുടെ സംവിധായകനായ മന്‍സൂര്‍ ഖാനെ കൂനൂരില്‍ പോയി കണ്ടു. ആ പാട്ട് ചിത്രീകരിച്ചത് ജോഗേശ്വരി ഈസ്റ്റിലെ ഫാന്‍റസി ലാന്‍ഡ് എന്ന അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ വെച്ചാണെന്ന് മന്‍സൂര്‍ ഖാന്‍ പറഞ്ഞു. ആ പാര്‍ക്കില്‍ നിന്ന് അര മണിക്കൂറിനുള്ളില്‍ എത്താവുന്ന സ്ഥലത്താണ് മരിയയുടെ വീടെന്നാണ് അനുമാനിക്കുന്നത്.

  മരിയ തന്‍റെ വീട് നില്‍ക്കുന്ന സ്ഥലമെന്ന നിലയില്‍ വരച്ചിരിക്കുന്ന ചിത്രം ഇതോടൊപ്പം കൊടുക്കുന്നു. ഇതുമായി സാമ്യമുള്ള സ്ഥലങ്ങളില്‍ ഒരു അന്വേഷണം നടത്താന്‍ മലയാളം മിഷന്‍ പ്രവര്‍ത്തകരും മുംബൈയിലെ മലയാളി സുഹൃത്തുക്കളും സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. മരിയക്ക് തന്‍റെ മാതാപിതാക്കളെയും സഹോദരങ്ങളെയും വീണ്ടും കാണാന്‍ കഴിഞ്ഞാല്‍ അത് വളരെ ആഹ്ലാദകരമായ ഒരു അനുഭവമായിരിക്കും.
  First published: