‘നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല..’ കാൽ നൂറ്റാണ്ടായി മലയാളികൾക്ക് സുപരിചിതമായ ഡയലോഗ്. 1997-ൽ തീയറ്റുകളെ ഇളക്കി മറിച്ച ജോഷി സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം ലേലത്തിൽ രഞ്ജി പണിക്കർ എഴുതി എം ജി സോമൻ അനശ്വരമാക്കിയ അബ്‌കാരി കോൺട്രാക്ടർ ആനക്കാട്ടിൽ ഈപ്പച്ചന്റെ തകർപ്പൻ ഡയലോഗ് കാലത്തെ അതിജീവിച്ച് ഇന്നും നിറഞ്ഞുനിൽക്കുകയാണ്.
ഇപ്പോഴിതാ അടുത്ത അദ്ധ്യായന വർഷത്തേയ്‌ക്ക് കുട്ടികളെ വരവേൽക്കാൻ ഒരു സ്കൂളിലെ അദ്ധ്യാപകര്‍ സ്വീകരിച്ചതും ലേലത്തിലെ ആ ഡയലോഗാണ്. ഇടുക്കി ജില്ലയിലെ മുതിരപ്പുഴ ഗവ. എൽപി സ്‌കൂളാണ് രസകരമായ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ഇതിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തിയതോടൊപ്പം രഞ്ജി പണിക്കർ നന്ദിയും രേഖപ്പെടുത്തി.
‘മരംവെട്ടുകാരനായിരുന്നു എന്റെ അപ്പൻ, സ്‌കൂളിൽ വിടാനുള്ള സാമ്പത്തികമൊന്നും ഉണ്ടായിരുന്നില്ല. പിന്നെ നമ്മുടെ മുതിരപ്പുഴ ഗവ. എൽ പി സ്‌കൂൾ പോലെ സൗജന്യവും മികച്ചതുമായ വിദ്യാഭ്യാസം കൊടുക്കുന്ന സ്‌കൂൾ അന്ന് ഉണ്ടായിരുന്നെങ്കിൽ ഈപ്പച്ചൻ ഇംഗ്ലീഷ് പറഞ്ഞേനേ. ഏത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പിള്ളേരേക്കാളും നന്നായി തന്നെ’ പോസ്റ്ററിൽ പറയുന്നത് ഇങ്ങനെ അധ്യാപകർ തന്നെയാണ് ഈ പോസ്റ്ററിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഇത് വൈറൽ ആയതോടെയാണ് മന്ത്രി ശിവൻകുട്ടിയുടെ രസകരമായ മറുപടി.
Also read-‘പാഠപുസ്തകം തിരുത്തുന്നത് വിഭജന രാഷ്ട്രീയം ഒളിച്ചു കടത്താൻ’; മന്ത്രി മുഹമ്മദ് റിയാസ്
. ‘ഇതിപ്പോ ടീച്ചർമാർ ഇങ്ങനെ തുടങ്ങിയാൽ പരസ്യ കമ്പനിക്കാർ എന്ത് ചെയ്യും…! ശ്രീപ്രിയ ടീച്ചർക്കും മുതിരപ്പുഴ ഗവൺമെന്റ് എൽ പി സ്കൂളിനും അഭിനന്ദനങ്ങൾ’. എന്ന് കുറിപ്പോടെയാണ് മന്ത്രി ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
‘ഇംഗ്ലീഷ് ഭാഷാ മികവിന് ഇംഗ്ലീഷ് മീഡിയം മറ്റേതെങ്കിലും മീഡിയം എന്ന വ്യത്യാസമില്ല’ എന്നു കൂടി എഴുതി മന്ത്രി പൊളിറ്റിക്കൽ കറക്റ്റ് ആകുകയും ചെയ്തു
‘ നല്ലത്. അന്ന് ആ സീൻ അല്ലാതെ വെറെ ഒന്നും ചിന്തിച്ചിട്ടില്ല..ഇതിന് ഇക്കാലത്ത് ഇങ്ങനെ ഒരു പ്രയോഗം കണ്ടതിൽ സന്തോഷം .അതിന് ടീച്ചറിനു നന്ദി.മന്ത്രിക്കും,’ കാലം മറക്കാത്ത ആ സംഭാഷണം എഴുതിയ തിരക്കഥാകൃത്ത് രഞ്ജി പണിക്കർ ന്യൂസ് 18 മലയാളത്തോട് പ്രതികരിച്ചു.
ഒരു കാലത്ത് അൺ എയ്ഡഡ് സ്കൂളുകളുടെ വരവ് കൊണ്ട് അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ ഈ സർക്കാർ സ്കൂളിനെ പാഠ്യ, പാഠ്യേതര രംഗത്തെ മികവ് കൊണ്ട് പിടിച്ചു നിർത്തിയ അധ്യാപകർ തന്നെയാണ് പോസ്റ്ററുകൾക്ക് പിന്നിലും. സൗജന്യ യോഗ, അബാക്കസ് പരിശീലനത്തിനും സ്കൂളിൽ സൗകര്യമുണ്ട്.
അടുത്ത അധ്യയന വർഷം തസ്തിക നിർണയം പൂർത്തിയാക്കുമ്പോൾ ഡിവിഷൻ നിലനിർത്താനായില്ലെങ്കിൽ പഴയ തസ്തികകൾ നഷ്ടമാവും. അതിനാൽ തന്നെ എല്ലാ ഡിവിഷനുകളും നിലനിർത്തണമെങ്കിൽ അധ്യാപകർക്ക് ഫീൽഡ് വർക്ക് നടത്തി കൂടുതൽ കുട്ടികളെ ചേർക്കാതെ രക്ഷയില്ല. അതു കൊണ്ടാണ് പല വിധ വാഗ്ദാനങ്ങളുമായി അധ്യാപകർ അങ്കണവാടികളും വീടുകളും കേന്ദ്രീകരിച്ച് കുട്ടികളെ തേടിയിറങ്ങുന്നത്.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി നൂതന മാർഗങ്ങളാണ് വിദ്യാർഥികളെ ആകർഷിക്കാൻ സ്കൂളുകൾ സ്വീകരിക്കുന്നത്. പ്രാദേശിക ചാനലുകളിലെ പരസ്യങ്ങൾക്കൊപ്പം സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണവും കൊഴുക്കുമ്പോൾ മുതിരപ്പുഴയിലെ കൊച്ചു സ്കൂൾ കേരളം മുഴുവൻ ഹിറ്റ് ആയി. ഒരു ഹിറ്റ് ഡയലോഗിലൂടെ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.