കൊച്ചിയിലെ വെള്ളപ്പൊക്കത്തിൽ മേയറെയും കോൺഗ്രസ് നേതാക്കളെയും പരിഹസിച്ച് മന്ത്രി എം.എം മണി. കഴിഞ്ഞ വർഷത്തെ പ്രളയം ഡാമുകൾ തുറന്നുവിട്ടുള്ള മനുഷ്യനിർമ്മിത ദുരന്തമാണെന്ന് കോൺഗ്രസ് വിമർശനത്തിനുള്ള മറുപടിയായാണ് കൊച്ചിയിലെ വെള്ളപ്പൊക്ക വിഷയത്തിൽ മന്ത്രിയുടെ പരിഹാസം. കൊച്ചിയിലെ വെള്ളപ്പൊക്കത്തിൽ എം.പിയുടെ വീട് ഉൾപ്പടെ വെള്ളത്തിലായത് മുല്ലപ്പള്ളിയും കൂട്ടരും ചേർന്ന് 'ചെന്നിതല ഡാം' തുറന്നുവിട്ടതുകൊണ്ടാണോയെന്നും മന്ത്രി ചോദിച്ചു.
'കഴിഞ്ഞ ദിവസം രണ്ടു മണിക്കൂർ പെയ്ത മഴയിൽ കൊച്ചി വെള്ളത്തിനടിയിലായത് കൊച്ചി മേയർക്ക് 'പ്രത്യേക പ്രതിഭാസം' മാത്രം. കഴിഞ്ഞവർഷം ഒരാഴ്ചയിലേറെ തുടർച്ചയായി പെയ്ത അതിതീവ്ര മഴയിൽ വെള്ളപ്പൊക്കമുണ്ടായത് കൊച്ചി മേയറുടെ നേതാക്കളായ ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും കൂട്ടർക്കും 'മനുഷ്യനിർമ്മിത ദുരന്തം''- മന്ത്രി മണി പറഞ്ഞു.
യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും, ദുരന്തമുഖങ്ങളിൽ പുറംതിരിഞ്ഞു നിൽക്കുകയും ചെയ്യുന്ന ഇത്തരം കോൺഗ്രസ്സുകാർ യഥാർത്ഥത്തിൽ 'പ്രത്യേക പ്രതിഭാസങ്ങളും' 'ദുരന്തങ്ങളും' ആയി മാറുകയാണെന്നും മന്ത്രി മണി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chennithala, Congress leaders, Kochi flood, Minister mm mani trolls, Mullappally