കാണാതായി മണിക്കൂറുകൾക്ക് ശേഷംതന്റെ ഉടമസ്ഥയുടെ അടുത്തേക്ക് ടാക്സിയിലെത്തിയ റാൽഫ് എന്ന നായയുടെ കഥയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. കാണാതായ നായ എങ്ങനെ ടാക്സിയിൽ തിരിച്ചെത്തി എന്നതാണ് ഏവരെയും ആശ്ചര്യപ്പെടുത്തുന്നത്. സംഭവം ഇങ്ങനെ ആണ്. നായ തന്റെ ഉടമസ്ഥ ജോർജിയ ക്രൂവിനോടൊപ്പം പുലർച്ചെ 5 മണിക്ക് പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു. ഇതിനിടെ വഴിയിൽ കണ്ട മറ്റൊരു പരിചയക്കാരനോട് സംസാരിക്കുന്നതിനിടയിൽ ജോർജിയയുടെ അരികിൽ നിന്നും നായ ഓടി പോകുകയായിരുന്നു. തുടർന്ന് വഴിതെറ്റി പോയ നായ മാഞ്ചസ്റ്റർ എയർപോർട്ട് വരെ എത്തി. പുറത്ത് നല്ല തണുപ്പുമായതിനാൽ ആയിരിക്കാം റാൽഫ് അവിടെ കണ്ട ഒരു ടാക്സിയിൽ കയറി ഇരിപ്പുറപ്പിച്ചു.
പിന്നീട് ടാക്സിക്കുള്ളിൽ നായയെ കണ്ട ഡ്രൈവർ അവനെ വഴിയിൽ ഇറക്കി വിട്ടില്ല. നായയെ ഉടമസ്ഥന്റെ കയ്യിൽ ഏൽപ്പിക്കാൻ തീരുമാനിച്ചു. ഇയാൾ റാൽഫിന്റെ കോളറിൽ എന്തെങ്കിലും മേൽവിലാസം ഉണ്ടോ എന്നാണ് ആദ്യം പരിശോധിച്ചത്. എന്നാൽ ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് ടാക്സിയിൽ യാത്രക്കാരെ കൊണ്ടുവിട്ടത്തിനുശേഷം നായയുടെ ഉടമസ്ഥനെ കണ്ടെത്താം എന്ന്കരുതി. അങ്ങനെയാണ് അവസാനം നായ തന്റെ ഉടമസ്ഥന്റെ അരികിൽ ടാക്സിയിൽ തിരിച്ചെത്തുന്നത്.
അതേസമയം ഇതിനിടെ നായയുടെ ഉടമ തന്റെ കാണാതായ നായയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും കണ്ടുകിട്ടുന്നവർ അറിയിക്കണമെന്ന് സഹായമഭ്യർത്ഥിക്കുകയും ചെയ്തിരുന്നു .“എന്റെ നായ റാൽഫിനെ ഗ്രെസ്‌ഫോർഡ് ക്വാറിയിൽ നിന്ന് കാണാതായിട്ട് ഒരു മണിക്കൂറോളം ആയി. നിങ്ങൾ അവനെ കണ്ടെത്തുകയാണെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക – +44 7710 595270.” എന്നാണ് കുറിച്ചിരുന്നത് .
ഈ സോഷ്യൽ മീഡിയ പോസ്റ്റ് ഡ്രൈവറുടെ സുഹൃത്ത് കാണുകയും ഇയാളെ വിവരം അറിയിക്കുകയും ചെയ്തു. ശേഷം ഉടനെ തന്നെ ടാക്സി ഡ്രൈവർ റാൽഫിന്റെ ഉടമയെ ബന്ധപ്പെടുകയും പിറ്റേദിവസം രാവിലെ ഏകദേശം 10 മണിയോടുകൂടി റാൽഫ് തന്റെ ഉടമസ്ഥയുടെ അരികിലെത്തുകയുമായിരുന്നു. എന്തായാലും ഭാവിയിൽ ഇത്തരത്തിൽ അബദ്ധം വീണ്ടും സംഭവിക്കാതിരിക്കാൻ നായയുടെ കഴുത്തിൽ പേരും വിലാസവും എഴുതിയ ഐഡിയും ജിപിഎസ് സംവിധാനും ചേർക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഉടമ.
Also Read-റെയില്‍വേ ഭൂമിയില്‍ നിന്ന് ഒഴിഞ്ഞുപോകാൻ ‘ഹനുമാന്’ നോട്ടീസ്
അതേസമയം തന്റെ നായയെ തിരിച്ചു കിട്ടിയ വിവരവും ഉടമ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. നായ ടാക്സിയിൽ എത്തിയ കാര്യവും അവർ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. ഇതിന് താഴെ നിരവധി ആളുകൾ കമന്റ് ചെയ്തിട്ടുമുണ്ട്. നിങ്ങളുടെ നായയെ തിരിച്ചു കിട്ടിയതിൽ ഞങ്ങൾക്കും സന്തോഷം ഉണ്ടെന്നായിരുന്നു പോസ്റ്റ് കണ്ട മിക്ക ആളുകളുടെയും പ്രതികരണം. കൂടാതെ റാൽഫിനൊപ്പം ടാക്സിയിൽ യാത്ര ചെയ്ത യാത്രക്കാരനും പോസ്റ്റിനു താഴെ കമന്റ് ചെയ്തിരുന്നു.” ഈ നായ എവിടെ നിന്നാണ് വന്നതെന്ന് ഞങ്ങൾ കണ്ടെത്താൻ ശ്രമിച്ചു. എന്നാൽ ചുറ്റുമുള്ള വീടുകളിൽ എല്ലാം ലൈറ്റുകൾ അണച്ചിരുന്നു. പിന്നെ ഇവനെ ഞങ്ങളുടെ കൂടെ കൊണ്ടുപോവുക എന്നതായിരുന്നു ആകെ ഉണ്ടായിരുന്ന സുരക്ഷിതമായ വഴി. എന്തായാലും അവൻ ഇപ്പോൾ സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു. ഈ പോസ്റ്റ് നൂറിലധികം പേർ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണ് ഈ നായയുടെ കഥ വൈറലായി മാറിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.