• HOME
  • »
  • NEWS
  • »
  • buzz
  • »
  • 10th Board Exam | അമ്പത്തെട്ടാം വയസ്സില്‍ പത്താം ക്ലാസ് പരീക്ഷ പാസായി ഒഡീഷ എംഎല്‍എ; 72% മാര്‍ക്ക്

10th Board Exam | അമ്പത്തെട്ടാം വയസ്സില്‍ പത്താം ക്ലാസ് പരീക്ഷ പാസായി ഒഡീഷ എംഎല്‍എ; 72% മാര്‍ക്ക്

  • Last Updated :
  • Share this:
    2022ലെ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ (10th board exam) പാസായി ഒഡീഷ എംഎല്‍എ (Odisha MLA). ഫുല്‍ബാനി നിയോജക മണ്ഡലത്തിലെ (phulbani constituency) എംഎല്‍എയായ അംഗഡ് കന്‍ഹര്‍ (Angad Kanhar) ആണ് 58-ാം വയസ്സില്‍ പരീക്ഷ പാസായത്. 500ല്‍ 363 മാര്‍ക്കാണ് (72 ശതമാനം) അദ്ദേഹത്തിന് ലഭിച്ചത്. ഗ്രേഡ് ബി1 റാങ്കും അദ്ദേഹം നേടി.

    പരീക്ഷാ ഫലം വന്നതിനു ശേഷം എംഎല്‍എ ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. ഓഫ്ലൈന്‍ ആയാണ് അദ്ദേഹം പരീക്ഷ എഴുതിയത്. രുജംഗി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ വച്ചായിരുന്നു പരീക്ഷ. കാണ്ഡമാല്‍ ജില്ലയിലെ ഫുല്‍ബാനി ബ്ലോക്കിന് കീഴിലുള്ള പിതാബരി ഗ്രാമത്തിലാണ് രുജംഗി ഹൈസ്‌ക്കൂള്‍.

    2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെഡി പാര്‍ട്ടിയില്‍ നിന്ന് ഫുല്‍ബാനി എംഎല്‍എയായാണ് കന്‍ഹാര്‍ തിരഞ്ഞെടുക്കപ്പെട്ടത്. അതിനുമുമ്പ് ജില്ലയിലെ ഫിരിംഗിയ ബ്ലോക്കില്‍ ജില്ലാ പരിഷത്ത് അംഗമായിരുന്നു. വീട്ടിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് 1978ല്‍ പഠനം ഉപേക്ഷിച്ചു. അന്ന് മെട്രിക് പരീക്ഷ എഴുതാന്‍ കഴിയാതെ വന്ന അദ്ദേഹം പിന്നീട് ഈ വർഷമാണ് പരീക്ഷ എഴുതിയത്. 1978ല്‍ എംഎല്‍എ പഠനം നിര്‍ത്തിയെന്ന് അദ്ദേഹത്തിന്റെ അടുത്ത സഹായികളില്‍ ഒരാള്‍ പറഞ്ഞിരുന്നു. 2019ല്‍ നിയമസഭാംഗമായ ശേഷം എട്ടാം ക്ലാസ് പരീക്ഷയെഴുതി.

    പിന്നീട് പഞ്ചായത്ത് അംഗങ്ങളുടെയും അദ്ദേഹത്തിന്റെ ഡ്രൈവറുടെയും പ്രോത്സാഹനത്തെ തുടര്‍ന്ന് ഈ വര്‍ഷം 10-ാം ക്ലാസ് പരീക്ഷയെഴുതി. '' പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ചില കുടുംബ പ്രശ്നങ്ങള്‍ കാരണം 1978 ല്‍ എനിക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല, പിന്നീട് 1984ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ഇപ്പോള്‍ എംഎല്‍എയായി സേവനമനുഷ്ഠിക്കുകയാണ്. ഇന്ന് വിദ്യാഭ്യാസം നേടാന്‍ പ്രായപരിധികളില്ല. ജോലി നേടുന്നതിന് മാത്രമല്ല, അറിവ് നേടാനും വിദ്യാഭ്യാസം ആവശ്യമാണ്,'' എംഎല്‍എ ന്യൂസ് 18യോട് പറഞ്ഞു.

    പരീക്ഷയെഴുതിയ 90.55 ശതമാനം വിദ്യാര്‍ത്ഥികളും വിജയിച്ചു. സംസ്ഥാനത്തെ 3,560 പരീക്ഷാ കേന്ദ്രങ്ങളിലായി 5,61,606 ഉദ്യോഗാര്‍ത്ഥികളാണ് ഒഡീഷ മെട്രിക്കുലേഷന്‍ പരീക്ഷ എഴുതിയത്. ഇതില്‍ 43 മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും 738 ഓപ്പണ്‍ സ്‌കൂള്‍ ഉദ്യോഗാര്‍ത്ഥികളും ഉള്‍പ്പെടുന്നുണ്ട്. 5,17,847 പേര്‍ പരീക്ഷയില്‍ വിജയിച്ചു. അതില്‍ 8,119 പേര്‍ എ1 ഗ്രേഡും 54,889 പേര്‍ എ2 ഗ്രേഡും സ്വന്തമാക്കി. 8699 വിദ്യാര്‍ഥികള്‍ പരീക്ഷയിൽ പരാജയപ്പെട്ടു.

    2021ലെ പത്താം ക്ലാസ് പരീക്ഷയില്‍ ഒഡീഷയിലെ മറ്റൊരു എംഎല്‍എയും മികച്ച മാര്‍ക്കോടെ വിജയം നേടിയിരുന്നു. ബിജു ജനതാദള്‍ എംഎല്‍എ പൂര്‍ണചന്ദ്ര സ്വയ്നാണ് 49-ാം വയസ്സില്‍ പത്താം ക്ലാസ് പരീക്ഷ ജയിച്ചത്. 500ല്‍ 340 മാര്‍ക്കാണ് അദ്ദേഹത്തിന് ലഭിച്ചത്. ഭാഞ്ജനഗര്‍ സുരദ ഗേള്‍സ് സ്‌കൂളിലായിരുന്നു എംഎല്‍എ പരീക്ഷയെഴുതിയത്. 80.83 ശതമാനം പേരാണ് പരീക്ഷയില്‍ ജയിച്ചത്. ഓഫ്‌ലൈനായി പരീക്ഷയെഴുതിയ 5,233 പേര്‍ വിജയിച്ചു, 141 പേര്‍ പരാജയപ്പെട്ടിരുന്നു.
    Published by:Meera Manu
    First published: