മുംബൈ: 53-ാം വയസിൽ പത്താം ക്ലാസ് പരീക്ഷ (Secondary School Certificate (SSC)) പാസായി മഹാരാഷ്ട്ര സ്വദേശിയായ വീട്ടമ്മ. സോഫ്റ്റ്വെയർ എഞ്ചിനീയറായ മകൻ പ്രസാദ് ജംഭാലെയുടെ (Prasad Jambhale) ലിങ്ക്ഡ്ഇൻ (LinkedIn) പോസ്റ്റിലൂടെയാണ് ഈ പ്രചോദനാത്മകമായ കഥ പുറംലോകം അറിഞ്ഞത്. 79.60 ശതമാനം മാർക്ക് നേടിയാണ് തന്റെ അമ്മ പത്താം ക്ലാസ് പരീക്ഷ വിജയിച്ചതെന്നും പ്രസാദ് പറയുന്നു. സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് പ്രസാദിന്റെ അമ്മക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. 37 വർഷങ്ങൾക്ക് ശേഷമാണ് അവർ തന്റെ ലക്ഷ്യം പൂർത്തീകരിച്ചത്.
ഇളയ സഹോദരങ്ങൾക്ക് പഠിക്കാനായി തന്റെ അമ്മ പഠനം പാതി വഴിയിൽ ഉപേക്ഷിച്ച് ജോലി ചെയ്യാൻ ആരംഭിക്കുകയായിരുന്നു എന്ന് പ്രസാദ് തന്റെ പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ വർഷം മഹാരാഷ്ട്ര സർക്കാരിന്റെ നൈറ്റ് സ്കൂൾ (night school) പദ്ധതിയെക്കുറിച്ച് അറിഞ്ഞപ്പോൾ അതിൽ ചേരാൻ അമ്മ തീരുമാനിച്ചു. ഓഫ്ലൈൻ, ഓൺലൈൻ പരിശീലനങ്ങൾക്കുള്ള ചെലവും പഠനോപകരണങ്ങളും സർക്കാർ സൗജന്യമായി നൽകി.
അമ്മ ക്ലാസിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് അയർലണ്ടിൽ ജോലി ചെയ്യുന്ന പ്രസാദ് അറിഞ്ഞിരുന്നില്ല. അമ്മക്കൊപ്പം, അതേ വീട്ടിൽ താമസിച്ചിരുന്ന തന്റെ അച്ഛൻ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്ന് പ്രസാദ് പറയുന്നു. "എസ്എസ്സി പാഠ്യപദ്ധതിയിൽ നിന്നുള്ള പാഠങ്ങൾ പഠിച്ചുകൊണ്ടാണ് അമ്മയുടെ ദിവസങ്ങൾ ആരംഭിച്ചിരുന്നത്. ആൾജിബ്രയിലും (Algebra) ഇംഗ്ലീഷിലും അമ്മ എത്രമാത്രം മിടുക്കിയാണെന്നറിഞ്ഞ് താൻ ആശ്ചര്യപ്പെട്ടിട്ടുണ്ട്'', പ്രസാദ് ലിങ്ഡ്ഇനിൽ കുറിച്ചു.
Also Read-
'രണ്ട് പേരെയും എനിക്കിഷ്ടമാണ്, ഉപേക്ഷിക്കാൻ കഴിയില്ല'; കാമുകിമാരെ ഒരുമിച്ച് ഒരേ വേദിയില്‍ വിവാഹം ചെയ്ത് യുവാവ്
പഠനം നിർത്തി ഇത്രയും വർഷങ്ങൾക്ക് ശേഷവും പരീക്ഷക്കുള്ള പാഠങ്ങളെല്ലാം മനസിലാക്കാൻ അമ്മക്ക് കഴിഞ്ഞെന്നും ആ ബാച്ചിലെ മിടുക്കിയായ വിദ്യാർത്ഥിയായിരുന്നു അമ്മയെന്നും പ്രസാദ് പോസ്റ്റിൽ പറയുന്നു. തന്റെ വിവാഹം നടന്നത് ഫെബ്രുവരിയിലാണ്. അമ്മയുടെ എസ്എസ്സി പരീക്ഷ നടന്നത് മാർച്ചിലും. എന്നാൽ എല്ലാക്കാര്യങ്ങളും ഒരുമിച്ച് കൊണ്ടുപോകാൻ അമ്മക്ക് കഴിഞ്ഞെന്നും പ്രസാദ് കുറിച്ചു.
അമ്മയുടെ മാർക്ക് ഷീറ്റിന്റെ സ്ക്രീൻഷോട്ടും പ്രസാദ് ലിങ്ഡിനിൽ പങ്കുവെച്ചിട്ടുണ്ട്.
''ഞാൻ എപ്പോഴും എന്റെ അമ്മയെക്കുറിച്ചോർത്ത് വളരെയധികം അഭിമാനിക്കുന്നു. അമ്മയുടെ നേട്ടം എന്നെ പഠിപ്പിച്ച പാഠം ഇതാണ്: പഠനം ഒരിക്കലും അവസാനിപ്പിക്കരുത്. എസ്എസ്സി പരീക്ഷ വിജയിക്കാൻ ചിലപ്പോൾ 53-ാം വയസു വരെ കാത്തിരിക്കേണ്ടി വന്നേക്കാം'', പ്രസാദ് കൂട്ടിച്ചേർത്തു.
ആദ്യ ശ്രമത്തില്‍ തന്നെ പത്താം ക്ലാസ് പരീക്ഷ പാസായ അൻപതു വയസുകാരനെ കുറിച്ചുള്ള വാർത്തയും കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ നിന്നും പുറത്തു വന്നിരുന്നു. കുഞ്ചിക്കോര്വ് മഷണ്ണ രാമപ്പ എന്ന ശുചീകരണ തൊഴിലാളിയാണ് കഠിനാധ്വാനത്തിലൂടെ ഈ നേട്ടം കൈവരിച്ചത്. 2022-ലെ മഹാരാഷ്ട്ര എസ്എസ്സി പരീക്ഷയില്‍ മികച്ച വിജയമാണ് രാമപ്പ കരസ്ഥമാക്കിയത്. മറാത്തി-54, ഹിന്ദി-57, ഇംഗ്ലീഷ്- 54, ഗണിതം-52, സയന്‍സ്-53, സോഷ്യല്‍ സയന്‍സ്-59 എന്നിങ്ങനെയാണ് രാമപ്പയുടെ മാർക്ക്. ദിവസവും 3 മണിക്കൂര്‍ താൻ പഠനത്തിനായി സമയം ചെലവഴിച്ചിരുന്നു എന്നും രാമപ്പ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.