അകാലത്തിൽ വിട്ടു പിരിഞ്ഞ പ്രിയപ്പെട്ടവരെ ഒന്നു കാണാനും അവരുമായി സംസാരിക്കാനും സമയം ചെലവഴിക്കാനും കഴിഞ്ഞാലോ? അത്തരത്തിൽ വര്‍ഷങ്ങൾക്ക് മുമ്പ് വിട്ടു പിരിഞ്ഞ ഏഴു വയസുള്ള മകളെ കാണുകയും സംസാരിക്കുകയും അനുഭവിക്കുകയും ചെയ്തിരിക്കുകയാണ് ഒരമ്മ. ദക്ഷിണകൊറിയയിലാണ് സംഭവം. ഒരു ദക്ഷിണകൊറിയന്‍ ടെലിവിഷന്‍ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു വികാരനിര്‍ഭരമായ പുനഃസമാഗമം.
അജ്ഞാത രോഗത്തെ തുടര്‍ന്ന് 2016ല്‍ മരിച്ചുപോയ ഏഴുവയസുകാരി നിയോണിനെയാണ് 'മീറ്റിങ് യു' എന്ന ടിവി പരിപാടിയുടെ ഭാഗമായി 'വെര്‍ച്വലി ജീവിപ്പിച്ചത്'. അമ്മയായ ജാങ് ജി സുങിന് ഈ വെര്‍ച്വല്‍ മകളെ തൊട്ടു നോക്കാനും കൈപിടിക്കാനും സംസാരിക്കാനും കളിക്കാനും സാധിച്ചു.
also read:വൈറലായി വിജയ്‌യുടെ 'കുട്ടിപ്പാട്ട്'; 24 മണിക്കൂറിനിടെ 8 മില്യണ്‍ കാഴ്ചക്കാർ
വെർച്വൽ റിയാലിറ്റി ഹെഡ് സെറ്റും പ്രത്യേകം തയാറാക്കിയ കൈയുറകളും ധരിച്ചായിരുന്നു ജാങ് ജി സുങ് മകളെ കണ്ടത്. കൊറിയൻ കമ്പനിയായ എംബിസിയാണ് നെയോണിന്റെ മുഖവും ശരീരവും ശബ്ദവും പുനഃസൃഷ്ടിച്ചത്. തിളങ്ങുന്ന പർപ്പിൾ വസ്ത്രം ധരിച്ച് ചിരിച്ചു നിൽക്കുന്ന നെയോണിനെ ഒരു പൂന്തോട്ടത്തിൽ വെച്ച് ജാങ് കണ്ടുമുട്ടി. വർഷങ്ങൾക്ക് ശേഷം സ്വന്തം മകളുടെ രൂപത്തെ കണ്ട് ജാങ് വികാരാധീനയായി.
അമ്മയെന്നെ ഓർക്കാറുണ്ടോ എന്ന് തിളങ്ങുന്ന കണ്ണുകളോടെ നെയോൺ ചോദിച്ചപ്പോൾ എപ്പോഴും എന്നായിരുന്നു അമ്മയായ ജാങിന്റെ മറുപടി. ഞാൻ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നുവെന്ന് 20പറഞ്ഞപ്പോൾ ഞാനും ഒരുപാട് മിസ് ചെയ്യുന്നുവെന്ന് ജാങും പറഞ്ഞു.
തൊടാൻ മടിച്ചുനിന്ന ജാങിനെ നെയോൺ തന്നെയാണ് തൊട്ടുനോക്കാൻ പറഞ്ഞ് പ്രേരിപ്പിച്ചത്. കൈകൾക്കുള്ളിൽ മകളുടെ കൈകൾ വെച്ചപ്പോൾ ആ അമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ ധാരധാരയായി ഒഴുകുകയായിരുന്നു. അൽപനേരത്തെ കളിചിരികൾക്കൊടുവിൽ ഒരു പൂവ് നൽകി എനിക്കിപ്പോൾ വേദനയില്ല അമ്മേ എന്ന് കൂടി നെയോൺ പറഞ്ഞു. പിന്നീട് ക്ഷീണമാകുന്നുവെന്ന് പറഞ്ഞ് നെയോണിന്റെ ഡിജിറ്റൽ രൂപം കിടന്നുറങ്ങുകയായിരുന്നു.
അതേസമയം ഈ വെർച്വൽ അഭ്യാസത്തിനെതിരെ പല കോണിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. ഇത് അത്ര നല്ലതല്ലെന്നാണ് മന:ശാസ്ത്രജ്ഞർ പറയുന്നത്. മനുഷ്യന്റെ വൈകാരികനിലയുമായി ബന്ധപ്പെട്ട ഈ കളി അത്യന്തം അപകടകരമാണെന്നാണ് അവരുടെ മുന്നറിയിപ്പ്. ഇത്തരം കാര്യങ്ങൾക്ക് ആരും മുതിരരുതെന്നും ഇത് ധാർമികമായി ശരിയല്ലെന്നുമുള്ള അഭിപ്രായങ്ങളും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.