പല തരത്തിലുള്ള അവധി അപേക്ഷകള്‍ നമ്മള് നല്കിയിട്ടുണ്ടാകും. സ്ക്കൂളിലും കോളേജിലും ജോലി സ്ഥാപനങ്ങളിലുമൊക്കെ അവധി അപേക്ഷകള്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നുമാണ്. പലപ്പോഴും ഈ അപേക്ഷകളില്‍ ചില കുസൃതിത്തരങ്ങളും അബദ്ധങ്ങളുമൊക്കെ കടന്നുകൂടാറുമുണ്ട്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി മധ്യപ്രദേശില്‍ നിന്നുള്ള ഒരു എഞ്ചിനീയറുടെ അതിവിചിത്രമായ ഒരു അവധി അപേക്ഷ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അസംബന്ധമെന്ന് പ്രത്യക്ഷത്തില്‍ തന്നെ തോന്നുന്ന കത്തില്‍ അദ്ദേഹം തന്റെ മേധാവിയോട് ഞായറാഴ്ചകളില്‍ അവധി ആവശ്യപ്പെട്ടിരിക്കുകയാണ്. അവധിയുടെ കാരണമായി അദ്ദേഹം പറയുന്നത്, ആ ദിവസങ്ങളില്‍ വീടുതോറും ഭിക്ഷ യാചിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. കഴിഞ്ഞ ജന്മത്തിലെ ജീവിതത്തിന്റെ ഫ്ളാഷ്ബാക്കാണ് തന്നെ ഭിക്ഷാടനത്തിന് പ്രേരിപ്പിച്ചതെന്നും മാല്‍വ ജില്ലയില്‍ ഡെപ്യൂട്ടി എഞ്ചിനീയറായി പ്രവര്‍ത്തിക്കുന്ന രാജ്കുമാര് യാദവ് അപേക്ഷയില്‍ അവകാശപ്പെടുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ അഹംബോധം/ അഹങ്കാരം (Ego) ഇല്ലാതാക്കാനുള്ള ഒരു ആത്മീയ അന്വേഷണമെന്ന നിലയില്‍ ആത്മാവിനെ തേടുവാന്‍ താന്‍ ആഗ്രഹിക്കുകയാണെന്നും യാദവ് പറയുന്നു. ആത്മാവ് ശാശ്വതമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് യാദവ് കത്തില്‍ പറയുന്നുണ്ട്. എന്നാല്‍, അഹംബോധം ഇല്ലാതാക്കുന്നതിന്റെ തുടക്കം തങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ഞായറാഴ്ചകള്‍ ചെലവിട്ടു കൊണ്ടാവരുത് എന്നാണ് കത്തിന് മറുപടിയായി യാദവിന്റെ മേലുദ്യോഗസ്ഥന് പറഞ്ഞത്.
തന്റെ മുന്ജന്മത്തില്, ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് എന്നിവര്‍ തന്റെ സുഹൃത്തുക്കളായിരുന്നുവെന്നും യാദവ് അവകാശപ്പെടുന്നു. അതുമാത്രമല്ല, രാഷ്ട്രീയ വ്യക്തിത്വങ്ങളെ അവരുടെ നിലവിലെ രൂപത്തിലല്ല മറിച്ച് മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ എന്ന നിലയിലാണ് പരിചയമെന്നും യാദവിന്റെ കത്തില്‍ പ്രസ്താവിക്കുന്നു. യാദവിന്റെ സുഹൃത്തായ നകുലനായിരുന്നു ഒവൈസിയെന്നും മോഹന്‍ ഭഗവത് 'ശകുനിയമ്മാവന്‍' ആയിരുന്നു എന്നുമാണ് ഈ എഞ്ചിനീയറുടെ വിചിത്രമായ അവകാശവാദം.
In Agar Malwa of Madhya Pradesh, a sub-engineer has written a leave application to his superior saying that he gained recollection of his past life and wanted to do Bhagavad Gita paath to know more about his life & also beg alms to erase ego every Sunday pic.twitter.com/qOmMpyZB9j
''എന്റെ മുന്‍ ജന്മത്തില് (മഹാഭാരത കാലഘട്ടത്തില്‍) ഇപ്പോഴത്തെ എഐഎംഐഎം (AIMIM) തലവന്‍ അസദുദ്ദീന്‍ ഒവൈസി പാണ്ഡവ രാജകുമാരന് നകുലനും എന്റെ അടുത്ത സുഹൃത്തുമായിരുന്നു. അതേ കാലയളവില്‍, ഇപ്പോഴത്തെ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് ശകുനിയായിരുന്നു''. കത്തിനെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. തന്റെ മുന്‍കാല ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള അന്വേഷണത്തില്‍ ഗീത പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും യാദവ് കൂട്ടിച്ചേര്‍ക്കുന്നു.
ജന്‍പദ് പഞ്ചായത്ത് സിഇഒ പരാഗ് പന്തി യാദവിനോട് തന്റെ അഹംബോധം ഇല്ലാതാക്കാന്‍ ഭിക്ഷ എടുക്കുന്നതിനു പകരം ഞായറാഴ്ചകളില്‍ ജോലി ചെയ്യണമെന്ന് ഉപദേശിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാള്‍ക്ക് അവരുടെ ഞായറാഴ്ചകള്‍ എങ്ങനെ വേണമെങ്കിലും ചെലവഴിക്കാമെന്ന് വിശ്വസിക്കുന്നത് അഹങ്കാരപരമായ ചിന്തയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ചകളില്‍ ജോലി ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ഈ ആത്മീയ പരിശ്രമത്തില്‍ പിന്തുണയ്ക്കുമെന്ന് യാദവിന്റെ മേലുദ്യോഗസ്ഥന് പറഞ്ഞു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.