മധ്യപ്രദേശിലെ ബേതുൽ ജില്ലയിലെ ഒരു പെട്രോൾ പമ്പ് ഉടമ തന്റെ കുടുംബത്തിൽ ഒരു പെൺകുഞ്ഞ് പിറന്നത് ആഘോഷിക്കാൻ സൗജന്യമായി പെട്രോൾ വിതരണം ചെയ്തു. ഒക്ടോബർ 9 നാണ് പെട്രോൾ പമ്പ് ഉടമയായ ദീപക് സൈനാനിയുടെ സഹോദരി ശിഖാ പോർവാൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് ഈ സന്തോഷം സവിശേഷമായ രീതിയിൽ തന്നെ ആഘോഷിക്കാൻ ദീപക് സൈനാനി തീരുമാനിക്കുകയായിരുന്നു.
ശുഭകരമായ നവരാത്രി ദിനങ്ങളിലൊന്നിൽ തന്നെ തൻ്റെ കുടുംബത്തിൽ ഒരു പെൺകുഞ്ഞ് കടന്നു വന്നത് പെട്രോൾ സൗജന്യമായി നൽകിക്കൊണ്ട് ദീപക് ആഘോഷമാക്കി മാറ്റി. ഇത് വിലകുറഞ്ഞ വിപണന തന്ത്രമാണെന്ന് ആളുകൾ തെറ്റിദ്ധരിക്കുമോ എന്ന് കരുതി ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നീട് ദീപക് ഈ ആശയവുമായി മുന്നോട്ട് പോവുകയായിരുന്നു.
"ഇതൊരു വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടായി ആളുകൾ കരുതണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. അതിനാലാണ് ആദ്യം ഈ ആശയത്തിൽ നിന്ന് പിന്തിരിയാൻ എനിക്ക് തോന്നിയത്. പക്ഷേ ആളുകൾ ചിന്തിക്കുന്നതെന്തായാലും അതിലും വലുത് എന്റെ കുടുംബത്തിലെ ഈ സന്തോഷമാണെന്ന വിശ്വാസം മൂലം മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു," അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഈ വർഷം ഒക്ടോബർ 13, 14, 15 തീയതികളിൽ നവരാത്രിയിലെ അഷ്ടമി, നവമി, ദസറ ദിവസങ്ങളിൽ ആളുകൾക്ക് 5 മുതൽ 10 ശതമാനം വരെ പെട്രോൾ അധികമായി നൽകാൻ ദീപക് തീരുമാനിച്ചു. ഓഫറിനെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കാൻ ഒരു സൈൻബോർഡും സ്ഥാപിച്ചു.
ദീപക് തന്റെ പമ്പിലെ തിരക്കുള്ള സമയങ്ങളിൽ പോലും ആളുകൾക്ക് ഓഫർ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തി. 100 രൂപയുടെ പെട്രോൾ വാങ്ങുന്നവർക്ക് അഞ്ച് ശതമാനവും 200 രൂപയ്ക്കും 500 രൂപയ്ക്കുമിടയിൽ വാങ്ങുന്നവർക്ക് 10 ശതമാനവും പെട്രോൾ അധികമായി നൽകി. "രാവിലെ 9 മണിക്കും 11 മണിക്കും ഇടയിലും വൈകുന്നേരം 5 നും 7 നും ഇടയിലും പമ്പിൽ വരാറുള്ള പരമാവധി ഉപഭോക്താക്കളുടെ എണ്ണം ഞാൻ നിരീക്ഷിച്ചു. അതനുസരിച്ചാണ് ഈ സമയത്ത് 5 മുതൽ 10 ശതമാനം വരെ പെട്രോൾ അധികമായി നൽകാൻ തീരുമാനിച്ചത്." ദീപക് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
സഹോദരനോടൊപ്പം സംയുക്തമായി പമ്പ് നടത്തുന്ന ദീപക്കിന്റെ അഭിപ്രായത്തിൽ, ഭിന്നശേഷിക്കാരിയായ അവരുടെ സഹോദരിക്കുള്ള സമ്മാനം കൂടിയായിരുന്നു സൗജന്യമായി പെട്രോൾ നൽകാനുള്ള തീരുമാനം.
പെൺകുട്ടികളുടെ ജനനം ആഘോഷിക്കുന്നത് അടുത്തിടെയായി വളരെ സാധാരണമായി മാറിയിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ, രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ ഇതുപോലെ ഒരു പെൺകുഞ്ഞ് പിറന്ന സന്തോഷം അസാധാരണമായ രീതിയിൽ ആഘോഷിക്കുകയുണ്ടായി. കുഞ്ഞിനെ ഹെലികോപ്റ്ററിൽ വീട്ടിലേക്ക് കൊണ്ടുവന്നു കൊണ്ടായിരുന്നു ആഘോഷം. ഹെലികോപ്റ്ററിൽ നിന്ന് കുഞ്ഞിനെ ഇറക്കിയതിനുശേഷം വീട്ടിലെത്തുംവരെ വഴിയിലുടനീളം പനിനീർ പുഷ്പങ്ങൾ വിതറിയും മറ്റും ആഘോഷം കൊഴുപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, 35 വർഷത്തിനു ശേഷം ഈ കുടുംബത്തിൽ ജനിക്കുന്ന ആദ്യത്തെ പെൺകുട്ടിയായതിനാലാണ് ഇത്ര വലിയ ആഘോഷം സംഘടിപ്പിച്ചത്. ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനും ആഘോഷം ഗംഭീരമാക്കാനും 4.5 ലക്ഷം രൂപയോളമാണ് പെൺകുഞ്ഞിന്റെ അച്ഛന് ചിലവായത്.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.