വാക്സിൻ സ്വീകരിച്ചവർക്കെല്ലാം 'രാജ്യസ്നേഹി' ബാഡ്ജ്; വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ പുത്തൻ രീതിയുമായി മധ്യപ്രദേശ് പൊലീസ്
വാക്സിൻ സ്വീകരിച്ചവർക്കെല്ലാം 'രാജ്യസ്നേഹി' ബാഡ്ജ്; വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ പുത്തൻ രീതിയുമായി മധ്യപ്രദേശ് പൊലീസ്
വാക്സിൻ സ്വീകരിക്കാത്തവർക്ക് ധരിക്കാൻ ഒരു പോസ്റ്ററും പൊലീസ് നൽകുന്നുണ്ട്. "ഞാൻ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് എന്നിൽ നിന്ന് അകലം പാലിക്കൂ" എന്നതാണ് ആ പോസ്റ്ററിലെ സന്ദേശം.
ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ഈ വർഷം ഡിസംബറിനുള്ളിൽ വാക്സിനേറ്റ് ചെയ്യുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെടണമെങ്കിൽ ജനസംഖ്യ കൂടിയ സംസ്ഥാനങ്ങൾ വാക്സിനേഷൻ ഡ്രൈവുകളുടെ വേഗത വർധിപ്പിക്കേണ്ടതുണ്ട്. ചില സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം വാക്സിന്റെ ലഭ്യതക്കുറവാണ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതെങ്കിൽ ജനങ്ങൾക്കിടയിൽ വാക്സിനോടുള്ള ആഭിമുഖ്യക്കുറവ് വാക്സിനേഷൻ മന്ദഗതിയിലാകാനുള്ള പ്രധാന കാരണങ്ങളിലൊന്നായി ഉയർന്നു വരുന്നുണ്ട്. ഈ പ്രശ്നത്തെ മറികടക്കാൻ നൂതനമായൊരു പരിഹാര മാർഗവുമായി രംഗത്ത് വരികയാണ് മധ്യപ്രദേശ് പൊലീസ്. കൂടുതൽ ആളുകളെ വാക്സിൻ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് മധ്യപ്രദേശ് പൊലീസ് തങ്ങളുടെ സവിശേഷമായ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
കോവിഡ് വാക്സിൻ സ്വീകരിക്കുന്ന എല്ലാവർക്കും ഒരു ബാഡ്ജ് നൽകിക്കൊണ്ട് അവരോടുള്ള ആദരവ് പ്രകടിപ്പിക്കുകയാണ് മധ്യപ്രദേശിലെ നിവാരിയിലെ പൊലീസ് ഉദ്യോഗസ്ഥർ. "ഞാൻ വാക്സിൻ സ്വീകരിച്ചു, ഞാനൊരു രാജ്യസ്നേഹിയാണ്" എന്നതാണ് ആ ബാഡ്ജിൽ രേഖപ്പെടുത്തിയിട്ടുള്ള സന്ദേശം. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ അവിടംകൊണ്ട് നിർത്താൻ ഒരുക്കമല്ല. വാക്സിൻ സ്വീകരിക്കാത്തവർക്ക് ധരിക്കാൻ ഒരു പോസ്റ്ററും പൊലീസ് നൽകുന്നുണ്ട്. "ഞാൻ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് എന്നിൽ നിന്ന് അകലം പാലിക്കൂ" എന്നതാണ് ആ പോസ്റ്ററിലെ സന്ദേശം.
വാർത്താ ഏജൻസിയായ എ എൻ ഐ ഒരു ട്വീറ്റിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്. "കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് 'ഞാൻ വാക്സിൻ സ്വീകരിച്ചു, അതിനാൽ ഞാനൊരു രാജ്യസ്നേഹിയാണ്' എന്ന് എഴുതിയ ബാഡ്ജ് നൽകി മധ്യപ്രദേശിലെ നിവാരി പൊലീസ് ആദരിക്കുന്നു. വാക്സിൻ സ്വീകരിക്കാത്തവരോട് ഒരു പോസ്റ്റർ ധരിക്കാൻ ആവശ്യപ്പെടുന്നു. 'ഞാൻ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് എന്നിൽ നിന്ന് അകലം പാലിക്കൂ' എന്നതാണ് ആ പോസ്റ്ററിലെ സന്ദേശം", എ എൻ ഐ ട്വീറ്റ് ചെയ്തു.
മധ്യപ്രദേശ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഈ നടപടിയുടെ ചിത്രങ്ങളും വീഡിയോകളും എ എൻ ഐ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ അവ വൈറലായി മാറി. സമൂഹ മാധ്യമങ്ങളിൽ നിരവധി ആളുകൾ ഞെട്ടലോടെയാണ് ഈ വാർത്തയോട് പ്രതികരണം രേഖപ്പെടുത്തുന്നത്.
ഭോപ്പാലിൽ ജൂൺ 10 മുതൽ ലോക്ക്ഡൗൺ അൺലോക്കിങ് പ്രക്രിയ ആരംഭിക്കുമെന്ന് മധ്യപ്രദേശ് സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ജൂൺ 10-ന് മാർക്കറ്റുകൾ തുറക്കാൻ അനുമതി നൽകിക്കൊണ്ട് ഇളവുകളോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വരുത്തും എന്നാണ് സർക്കാർ അറിയിക്കുന്നത്. തിങ്കളാഴ്ച ഭോപ്പാൽ നഗരത്തിൽ 571 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 32 പേർ കോവിഡ് മൂലം മരണമടയുകയും ചെയ്തു. ഇതോടെ മധ്യപ്രദേശിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,85,767 ആയും മരണമടഞ്ഞവരുടെ എണ്ണം 8,369 ആയും ഉയർന്നതായി ആരോഗ്യ വകുപ്പ് അധികൃതർ പി ടി ഐയെ അറിയിച്ചു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.