• HOME
  • »
  • NEWS
  • »
  • buzz
  • »
  • Money Transfer | അബദ്ധത്തിൽ അയച്ചത് 7 ലക്ഷം; പണം തിരികെ നൽകാതെ അക്കൗണ്ട് ഉടമ; ഒടുവിൽ സംഭവിച്ചത്?

Money Transfer | അബദ്ധത്തിൽ അയച്ചത് 7 ലക്ഷം; പണം തിരികെ നൽകാതെ അക്കൗണ്ട് ഉടമ; ഒടുവിൽ സംഭവിച്ചത്?

തനിക്ക് ലോട്ടറി അടിച്ചതാണെന്നും അങ്ങനെയാണ് ഈ തുക അക്കൗണ്ടിലെത്തിയതെന്നുമായിരുന്നു അബദ്ധത്തിൽ പണം ലഭിച്ചയാൾ അവകാശപ്പെട്ടത്..

Money-transfer

Money-transfer

  • Last Updated :
  • Share this:
    ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ അബദ്ധം സംഭവിച്ചാൽ എന്ത് ചെയ്യും? അതും ലക്ഷങ്ങൾ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു പോയാൽ? മുംബൈയിലുള്ള ഒരു സ്ത്രീക്ക് പറ്റിയത് ഇത്തരത്തിൽ വലിയൊരു അബദ്ധമാണ്. ചെറിയ തുകയായിരുന്നെങ്കിൽ പിന്നെയും സമാധാനിക്കാമായിരുന്നു. ഇത് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ ട്രാൻസ്ഫർ ചെയ്തത് 7 ലക്ഷം രൂപയാണ്. എന്നാൽ വിചിത്രമായ കാര്യം എന്താണെന്ന് വെച്ചാൽ പണം ലഭിച്ച അക്കൗണ്ട് ഉടമ തുക തിരികെ ട്രാൻസ്ഫർ ചെയ്യാൻ തയ്യാറായില്ലെന്നതാണ്.

    തനിക്ക് ലോട്ടറി അടിച്ചതാണെന്നും അങ്ങനെയാണ് ഈ തുക അക്കൗണ്ടിലെത്തിയതെന്നുമായിരുന്നു അയാളുടെ വിശദീകരണം. അതുകൊണ്ട് തന്നെ ഒരു കാരണവശാലും തിരികെ പണം നൽകില്ലെന്നും അയാൾ ഉറപ്പിച്ചു. ഒടുവിൽ സൈബർ പോലീസ് കേസിൽ ഇടപെട്ടു. അതിന് ശേഷം മാത്രമാണ് സ്ത്രീക്ക് നഷ്ടമായ തുക അക്കൗണ്ടിൽ തിരികെ കിട്ടിയത്.

    2022 ജൂൺ 29നാണ് സംഭവം ഉണ്ടായത്. മുംബൈയിലെ മിരാ റോഡിൽ താമസിക്കുന്ന 38കാരിയായ സ്ത്രീ തൻെറ ബന്ധുവിൻെറ അക്കൗണ്ടിലേക്കാണ് 7 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യാൻ ശ്രമിച്ചത്. എന്നാൽ പണം ട്രാൻസ്ഫർ ചെയ്യുന്നതിനിടയിൽ അവർക്ക് വലിയൊരു അബദ്ധം സംഭവിച്ചു. ബന്ധുവിൻെറ അക്കൗണ്ട് നമ്പർ അടിച്ചപ്പോൾ ചില അക്കങ്ങൾ മാറിപ്പോയി. ഇതോടെ പണം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പോവുകയും ചെയ്തു. ബന്ധുവിന് പണം കിട്ടിയില്ലെന്ന് അറിഞ്ഞതോടെയാണ് സ്ത്രീക്ക് തനിക്ക് അബദ്ധം പറ്റിയതായി മനസ്സിലായത്. അക്കൗണ്ടിൽ നിന്ന് 7 ലക്ഷം രൂപ പോയെന്നും വ്യക്തമായിരുന്നു.

    മുംബൈ സ്വദേശിയായ മറ്റൊരാളുടെ അക്കൗണ്ടിലേക്കാണ് പണം പോയത്. അബദ്ധം പിണഞ്ഞെന്ന് വ്യക്തമായതോടെ സ്ത്രീ പെട്ടെന്ന് തന്നെ ബാങ്കിനെ വിവരം അറിയിച്ചു. എന്നാൽ അവർ വിഷയത്തിൽ കൈ മലർത്തുകയാണ് ചെയ്തത്. ഇത് അവർക്ക് സംഭവിച്ച പിഴവാണെന്നും ബാങ്കിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നുമായിരുന്നു വിശദീകരണം. ബാങ്ക് സഹായിക്കില്ലെന്ന് വ്യക്തമാക്കിയതോടെ സ്ത്രീ പ്രതിസന്ധിയിലായി.

    ഇതോടെ വാസൈ വിരാർ പോലീസിന് കീഴിലുള്ള സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു. ഈ ഘട്ടത്തിലാണ് പണം മാറി ട്രാൻസ്ഫർ ആയിപ്പോയ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ കണ്ടെത്തിയത്. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറല്ലെന്ന് അയാൾ നിലപാടെടുത്തതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി.

    തനിക്ക് ലോട്ടറി അടിച്ചിട്ടുണ്ടെന്നും അത് വഴി ലഭിച്ച പണമാണ് ഈ 7 ലക്ഷം രൂപയെന്നും അയാൾ പോലീസിനോടും പറഞ്ഞു. എന്നാൽ സൈബർ സെൽ അക്കൗണ്ട് ഉടമയെ വെറുതെ വിടാൻ തയ്യാറായിരുന്നില്ല. പണം തിരിച്ച് നൽകിയില്ലെങ്കിൽ അയാൾക്കെതിരെ കേസെടുക്കുമെന്നും ജയിലിൽ അടയ്ക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി. ഈ ഘട്ടമെത്തിയതോടെയാണ് പണം തിരികെ നൽകാൻ മുംബൈ സ്വദേശി തയ്യാറായത്. ജൂലൈ 2ന് സ്ത്രീക്ക് മുഴുവൻ പണവും തൻെറ അക്കൗണ്ടിൽ തിരികെ ലഭിച്ചു.
    Published by:Anuraj GR
    First published: