ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ (Yogi Adityanath) ചിത്രം പച്ചകുത്തി മുസ്ലീം യുവാവ് (Muslim youth). 23കാരനായ യമീന് സിദ്ദിഖി എന്ന യുവാവാണ് തന്റെ നെഞ്ചില്‍ യോഗിയുടെ ചിത്രം പച്ച (Tattoo) കുത്തിയിരിക്കുന്നത്. യോഗിയാണ് തന്റെ റോള്‍ മോഡല്‍. ഈ മാസം ആദ്യം അദ്ദേഹത്തിന്റെ ജന്മദിനത്തിലാണ് (birthday) ടാറ്റു ചെയ്തത്. ഇത് താന്‍ തനിക്ക് തന്നെ നല്കുന്ന സമ്മാനമാണെന്ന് സിദ്ദിഖി പറയുന്നു.
ഫറൂഖാബാദ്, മെയിന്‍പുരി ജില്ലകളുടെ അതിര്‍ത്തി ഗ്രാമത്തിലാണ് സിദ്ദിഖി താമസിക്കുന്നത്. ഇയാള്‍ ഒരു ചെരുപ്പ് കച്ചവടക്കാരനാണ്. യോഗിയുടെ ചിത്രം ടാറ്റൂ ചെയ്തതു മുതല്‍ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും തനിക്ക് ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും താന്‍ അസ്വസ്ഥനല്ലെന്ന് സിദ്ദിഖി പറയുന്നു.
'യോഗി ആദിത്യനാഥിനെ നേരിൽ കണ്ട് ഈ ടാറ്റൂ കാണിക്കണമെന്നാണ് എന്റെ ആഗ്രഹം. എനിക്ക് അദ്ദേഹത്തോട് ഒരുപാട് സ്നേഹവും ബഹുമാനവുമുണ്ട്. അധികാരത്തില്‍ വന്നതിന് ശേഷം അദ്ദേഹം ഉത്തര്‍പ്രദേശിനെ മാറ്റിമറിച്ചു. യാതൊരു വിവേചനവും കാണിക്കാത്ത വ്യക്തിയാണ് അദ്ദേഹം. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്, '' സിദ്ദിഖി പറയുന്നു. എന്നാല്‍, ഗ്യാന്‍വാപി പള്ളി, മഥുര ഈദ്ഗാഹ് തുടങ്ങിയ വിവാദ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സിദ്ദിഖി തയ്യാറായില്ല. കോടതിയാണ് അത് തീരുമാനിക്കേണ്ടതെന്ന് സിദ്ദിഖി പറഞ്ഞു.
യോഗി ആദിത്യനാഥിനെ കാണാന്‍ 10 വയസ്സുകാരിയായ അത്ലറ്റ് പ്രയാഗ് രാജില്‍ നിന്ന് ലഖ്നൗവിലേക്ക് ഓടിയതും വലിയ വാര്‍ത്തയായിരുന്നു. കാജല്‍ എന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് യോഗിയെ കാണാന്‍ 200 കിലോമീറ്ററിലധികം ഓടിയത്. പ്രയാഗ് രാജിലെ മണ്ട പൊലിസ് സ്റ്റേഷന് പരിധിയിലാണ് കാജലിന്റെ വീട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ കാജലിന് ഒരു ജോടി ഷൂസും ട്രാക്ക് സ്യൂട്ടും സ്പോര്‍ട്സ് കിറ്റും സമ്മാനമായി നല്‍കിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗൊരഖ്പൂര്‍ അര്‍ബന്‍ മണ്ഡലത്തില്‍ നിന്നാണ് യോഗി ആദിത്യനാഥ് വിജയിച്ചത്. സംസ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കി വീണ്ടും അധികാരത്തില്‍ വരുന്ന ആദ്യ മുഖ്യമന്ത്രിയും രണ്ടാമതും മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന ആദ്യ ബിജെപി നേതാവും കൂടിയാണ് അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും അഞ്ച് തവണ പാര്‍ലമെന്റ് അംഗമായിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ആദിത്യനാഥിന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞത്. 2017ല്‍ യുപിയിലെ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയപ്പോള്‍ നിയമസഭാ കൗണ്‍സിലിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിലെത്തിയത്. നിലവിലെ വിജയത്തോടെ 2007ന് ശേഷം എംഎല്‍എ ആയി മുഖ്യമന്ത്രിയാകുന്ന ആദ്യ നേതാവ് കൂടിയാണ് യോഗി ആദിത്യനാഥ്. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ മായാവതിയും സമാജ്വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവും മുഖ്യമന്ത്രിയായി സംസ്ഥാനത്തിന്റെ ചുമതല ഏറ്റെടുക്കുമ്പോള്‍ എംഎല്‍സിമാരായിരുന്നു. ഉത്തര്‍പ്രദേശിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി വിജയിക്കുന്ന അഞ്ചാമത്തെ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. എന്നിരുന്നാലും, യോഗിയുടെ മുന്ഗാമികള്ക്ക് അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: UP CM Yogi Adityanath, Viral