• HOME
  • »
  • NEWS
  • »
  • buzz
  • »
  • Mystery Monkey | മലേഷ്യയിലെ അജ്ഞാത കുരങ്ങ് വനനശീകരണത്തിന്റെ പ്രത്യാഘാതമെന്ന് പഠനം

Mystery Monkey | മലേഷ്യയിലെ അജ്ഞാത കുരങ്ങ് വനനശീകരണത്തിന്റെ പ്രത്യാഘാതമെന്ന് പഠനം

ഇൻറർനാഷണൽ ജേർണൽ ഓഫ് പ്രൈമറ്റോളജിയിൽ കഴിഞ്ഞയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചത്.

  • Share this:
    മലേഷ്യയിലെ ബോർണോ പ്രവിശ്യയിലുള്ള കിനബതങ്കൻ നദീതീരത്ത് കണ്ടെത്തിയ അജ്ഞാത കുരങ്ങ് (Mystery Monkey) ശാസ്ത്രജ്ഞരെ (Scientists) വലിയ കണ്ടുപിടിത്തങ്ങളിലേക്കാണ് നയിച്ചിരിക്കുന്നത്. ഒരു തരത്തിലും ഇണ ചേരാൻ സാധ്യതയില്ലാത്ത അപൂർവയിനം ആൾക്കുരങ്ങ് വിഭാഗത്തിൻെറ സങ്കരയിനമാണ് പുതിയതായി കണ്ടെത്തിയ കുരങ്ങുകളെന്ന് ശാസ്ത്രലോകം പറയുന്നു. ഇൻറർനാഷണൽ ജേർണൽ ഓഫ് പ്രൈമറ്റോളജിയിൽ കഴിഞ്ഞയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചത്.

    ഈ സങ്കരയിനം കുരങ്ങ് പ്രോബോസിസ് അല്ലെങ്കിൽ നസാലിസ് ലാർവറ്റസ് വിഭാഗങ്ങളിൽ ഒന്നിൽപെട്ട ആൺകുരങ്ങിൻെറയും സിൽവർഡ് ലീഫ് അല്ലെങ്കിൽ ട്രാച്ചിപിറ്റെക്കസ് ക്രിസ്റ്ററ്റസ് എന്നീ വിഭാഗങ്ങളിലൊന്നിൽ പെട്ട പെൺകുരങ്ങിൻെറയും സന്തതിയാവാമെന്നാണ് പഠനം പറയുന്നത്. പഠനത്തിൻെറ ഭാഗമായി സങ്കരയിനം കുരങ്ങിൻെറ ചിത്രങ്ങൾ വിശകലനം ചെയ്തു. പുതുതായി കണ്ടെത്തിയ കുരങ്ങിൻെറയും ഇതിൻെറ രക്ഷിതാക്കളാവാം എന്ന് കരുതപ്പെടുന്ന സ്പീഷിസുകളിലെ കുരങ്ങുകളുടെയും സ്വഭാവ സവിശേഷതകൾ പഠിച്ച് താരതമ്യം ചെയ്യുകയും ചെയ്തതിന് ശേഷമാണ് നിഗമനത്തിൽ എത്തിയത്. പല സ്പീഷീസുകളുടെയും സവിശേഷതകൾ അജ്ഞാത കുരങ്ങിന് ഉണ്ടെന്നും ശാസ്ത്രജ്ഞർ മനസ്സിലാക്കിയിട്ടുണ്ട്.

    ഒരേ തരത്തിലുള്ള ആവാസവ്യവസ്ഥ പങ്കിടുന്ന വിദൂര ബന്ധമുള്ള രണ്ട് ആൾക്കുരങ്ങ് സ്പീഷിസിൽ പെട്ട വിഭാഗങ്ങളുടെ സങ്കരയിനമാണ് അജ്ഞാത കുരങ്ങെന്ന് വിശകലനത്തിലൂടെ വ്യക്തമായിട്ടുണ്ട്. “ഒരേ ജനുസ്സിൽ നിന്നുള്ള വ്യത്യസ്ത ജീവിവർഗ്ഗങ്ങൾ, ഒരു ആവാസവ്യവസ്ഥ പങ്കിടുമ്പോൾ, അവ പരസ്പരം ഇടപഴകിയേക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ അവ സാധാരണയായി ഇണചേരാനുള്ള സാധ്യതയില്ല. പരിസ്ഥിതിയിലെ മാറ്റമോ ആവാസ വ്യവസ്ഥ തകരുന്നതോ കാരണമായിട്ടാവാം ഇത്തരം സങ്കരയിനം ജീവിവ‍ർഗങ്ങൾ പുതുതായി ഉണ്ടാവുന്നത്,” പഠനത്തിൻെറ രചയിതാക്കളിൽ ഒരാളും പ്രൈമറ്റോളജിസ്റ്റുമായ നദീൻ റുപ്പർട്ട് സയൻസ് ന്യൂസിനോട് പറഞ്ഞു.

    പാരിസ്ഥിതിക സമ്മർദ്ദം കാരണം ഭൂപ്രകൃതിയിലും മാറ്റമുണ്ടായതോടെയാവാം വിദൂരബന്ധമുള്ള സ്പീഷീസുകൾ തമ്മിൽ ഇണചേ‍ർന്നതെന്ന് ശാസ്ത്രജ്ഞ‍ർ പറയുന്നു. എണ്ണയ്ക്ക് വേണ്ടി പനകളുടെ വലിയ പ്ലാൻേറഷൻ നിർമ്മിച്ചതോടെ കിനബതങ്കൻ നദീതീരത്തെ പ്രോബോസിസ്, സിൽവർ ലീഫ് കുരങ്ങുകളുടെ ജീവിതം വല്ലാത്ത ബുദ്ധിമുട്ടിലായിട്ടുണ്ട്. ഇവ നദീതട വനമേഖലകളിലെ ഇടുങ്ങിയ ഭാഗങ്ങളിലേക്ക് ഒതുങ്ങി പോവേണ്ടി വന്നിരിക്കുകയാണ്. 1973 മുതൽ 2010 വരെയുള്ള കാലഘട്ടത്തിനിടയിൽ കിനബതംഗൻ നദി സ്ഥിതി ചെയ്യുന്ന സബാഹ് മേഖലയിലെ വനവിസ്തൃതിയുടെ 40 ശതമാനം കുറഞ്ഞതായി 2014ൽ പുറത്ത് വന്നിട്ടുള്ള ഒരു റിപ്പോ‍ർട്ടിൽ പറയുന്നു.

    വനനശീകരണവും എണ്ണപ്പനകളുടെ പ്ലാൻേറഷനുകളും പ്രദേശത്തെ കുരങ്ങുകളുടെ ആവാവവ്യവസ്ഥയെ തകർത്തിരിക്കുകയാണ്. അമിതമായ വനനശീകരണം പ്രകൃതിക്ക് വലിയ തോതിലുള്ള നാശമാണ് ഉണ്ടാക്കുന്നതെന്ന് ഇത് തെളിയിക്കുന്നതായി ശാസ്ത്രജ്ഞർ പറയുന്നു. ആവാസ വ്യവസ്ഥ നശിപ്പിക്കപ്പെട്ടതോടെ നിലവിലുള്ള കുരങ്ങുകൾക്ക് ഇണകൾ ഇല്ലാതെ വരുന്നു. ഇവ പലയിടങ്ങളിലേക്ക് ചിതറിപ്പോവാനുള്ള സാധ്യതയുമുണ്ട്.

    ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തതിന് ബലമേകുന്ന തരത്തിലുള്ള വിവരങ്ങൾ പ്രദേശത്തെ ടൂർ ഗൈഡുമാരിൽ നിന്നും ബോട്ട് ഓപ്പറേറ്റർമാരിൽ നിന്നും ലഭിച്ചതായി സയൻസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഒരു പ്രൊബോസ്കിസ് ഇനത്തിൽപെട്ട ആൺകുരങ്ങ് ഒരുകൂട്ടം സിൽവേർഡ് ലീഫ് പെൺകുരങ്ങുകൾക്കൊപ്പം കാട്ടിൽ വിഹരിക്കുന്നതായി കണ്ടിരുന്നുവെന്ന് ടൂർ ഗൈഡുകൾ വ്യക്തമാക്കി.
    Published by:Jayashankar Av
    First published: