• HOME
  • »
  • NEWS
  • »
  • buzz
  • »
  • യുവതി പുരുഷവേഷം കെട്ടിയത് പത്ത് വർഷത്തോളം; താലിബാനിൽ നിന്ന് രക്ഷപ്പെടാൻ

യുവതി പുരുഷവേഷം കെട്ടിയത് പത്ത് വർഷത്തോളം; താലിബാനിൽ നിന്ന് രക്ഷപ്പെടാൻ

സ്ത്രീയായിരുന്നിട്ട് കൂടി ബുർഖയും ഹിജാബും ധരിക്കാതെയാണ് അവൾ രാജ്യത്തിന്റെ മുഴുവൻ ഭാഗങ്ങളിലും ചുറ്റിക്കറങ്ങിയത്.

  • Share this:
    അഫ്ഗാനിസ്ഥാനിലെ താലിബാന്റെ തിരിച്ചുവരവ് അവിടുത്തെ ജനങ്ങൾക്കും ലോകത്തെ മറ്റു രാജ്യങ്ങൾക്കും വലിയ തിരിച്ചടിയാണെന്നതിൽ സംശയമൊന്നുമില്ല. കാബൂൾ എയർപ്പോർട്ടിൽ ആളുകളെ ഒഴിപ്പിക്കൽ തുടരുന്നതിനിടെ ലോകത്തെ വിവിധ രാജ്യങ്ങൾ അഫ്ഗാനിസ്ഥാനിൽ നിന്ന് തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്താനുള്ള ദൗത്യങ്ങളിൽ മുഴുകിയിരിക്കുകയാണ്. രാജ്യത്തെ മോശമായി വരുന്ന സുരക്ഷാ സാഹചര്യവും താലിബാന്റെ ആളുകളോടുള്ള ശത്രുതാ മനോഭാവവുമാണ് ആളുകളെ പെട്ടെന്ന് അഫ്ഗാനിൽ നിന്ന് ഒഴിപ്പിക്കാൻ മറ്റു രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്.

    ഒരാഴ്ച മുൻപാണ് താലിബാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂൾ കീഴടക്കിയത്. 20 വർഷങ്ങൾക്കിപ്പുറം താലിബാൻ വീണ്ടും ഭരണത്തിലെത്തുമ്പോള്‍ മുൻ താലിബാൻ ഭരണ കാലത്തെ ഭീതിതമായ ഓർമ്മകൾ ആളുകൾ വീണ്ടും അയവിറക്കുന്നു. താലിബാൻ സ്ത്രീകൾക്കെതിരെ നടത്തിയ അതിക്രമങ്ങളാണ് ഇവയിൽ അധികവും.

    ഇതിൽ പ്രധാനപ്പെട്ടതാണ് നാദിയ ഗുലാം എന്ന യുവതിക്കെതിരെയുള്ള താലിബാന്റെ അതിക്രമങ്ങൾ. ലോക ശ്രദ്ധ തേടിയ ഗുലാം പത്ത് വർഷത്തോളം കാലം പുരുഷ വേഷം കെട്ടി താലിബാനെ വിഡ്ഢികളാക്കുകയായിരുന്നു. സ്ത്രീയായിരുന്നിട്ട് കൂടി ബുർഖയും ഹിജാബും ധരിക്കാതെയാണ് അവൾ രാജ്യത്തിന്റെ മുഴുവൻ ഭാഗങ്ങളിലും ചുറ്റിക്കറങ്ങിയത്.

    അഫ്ഗാൻ പൗരയായിരുന്ന നാദിയ ഗുലാമിന് താലിബാൻ ഭരണത്തിലെത്തിയതോടെ പഠിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം നഷ്ടപ്പെടുകയായിരുന്നു. അതുകൊണ്ട് തന്നെ കുടുംബം പോറ്റാൻ വേണ്ടിയാണ് അവൾ ഇത്തരമൊരു നുണ പറഞ്ഞത് എന്നു പറയുന്നു. വെറും എട്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് നാദിയ ഗുലാമിന് താലിബാൻ അംഗങ്ങൾ തന്റെവീട്ടിന് ബോംബിനിടുന്നതും സഹോദരനെ കൊല ചെയ്യുന്നതും നേരിട്ട് കാണേണ്ടി വന്നത്. ഈ അവസ്ഥ കണ്ടതിനെ തുടർന്നാണ് നാദിയ പുരുഷ വേഷം തെരെഞ്ഞെടുത്തത്.

    ഏറെ അപകടം നിറഞ്ഞതും സങ്കീർണവുമായിരുന്നു ഈ തീരുമാനം. പതിനൊന്നാം വയസ്സിലാണ് അവൾ ഈ തീരുമാനമെടുത്തത്. സാധാരണ കുട്ടികൾ കുടുംബത്തിന്റെ സംരക്ഷണത്തിൽ കഴിയുന്ന പ്രായത്തിലാണ് നാദിയ ഇത്രയും വലിയ സാഹസത്തന് മുതിർന്നത്. നിരവധി തവണ അവളുടെ യഥാർത്ഥ വ്യക്തിതം പുറത്താവാനുള്ള സാഹചര്യമുണ്ടായിരുന്നെങ്കിലും ഭാഗ്യം അവളെ തുണക്കുകയായിരുന്നു. വസ്ത്ര രീതിയും, സംസാരവുമൊക്കെ കടമെടുത്തതു കാരണം സ്ത്രീയാണെന്ന് താൻ തന്നെ പലപ്പോഴും മറന്നുപോയെന്ന് നാദിയ പറയുന്നു. ഏകദേശം പത്ത് വർഷക്കാലം കുടുംബത്തിന് വേണ്ട സാമ്പത്തിക പിന്തുണ നൽകിയത് നാദിയയാണ്. എന്നാൽ പിന്നീട് ഒരു എൻജിഒയുടെ സഹായത്തോടെ നാദിയ രാജ്യം വിട്ടു.

    നിലവിൽ സ്പെയ്നിൽ ഒരു അഫ്ഗാൻ അഭയാർത്ഥിയായി കഴിഞ്ഞു വരികയാണ് നാദിയ. മാധ്യമ പ്രവർത്തകനായ ആഗ്നസ് റോഡ്ജറോടൊത്ത് നാദിയ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു പുസ്തകം രചിച്ചിട്ടുണ്ട്. എന്റെ തലപ്പാവിന് പിന്നിലെ രഹസ്യം (El secret del meu turbant) എന്നാണ് പുസ്തകത്തിന്റെ പേര്.
    Published by:Karthika M
    First published: