ചോദിച്ചതിന്റെ അഞ്ചിരട്ടി പണം നൽകി ഒരു എടിഎം (Automated Teller Machine (ATM)). മഹാരാഷ്ട്രയിലെ നാഗ്പൂരിൽ (Nagpur) ബുധനാഴ്ച ആയിരുന്നു സംഭവം. എടിഎമ്മിൽ നിന്ന് 500 രൂപ എടുക്കാനെത്തിയ ഒരാൾക്ക് ലഭിച്ചത് 2500 രൂപയാണ്. തുടർന്ന് ഇയാൾ വീണ്ടും 500 രൂപ പിൻവലിച്ചു. അപ്പോഴും എടിഎം നൽകിയത് അഞ്ച് 500 രൂപാ നോട്ടുകൾ ആയിരുന്നു.
പെട്ടെന്നു തന്നെ സംഭവം നാട്ടിൽ പാട്ടായി. വാരിക്കോരി പണം നൽകുന്ന എടിഎമ്മിൽ നിന്നും പണമെടുക്കാൻ ആളുകൾ കൂട്ടം കൂടി. സംഭവമറിഞ്ഞ ഒരാൾ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി ആളുകളെയെല്ലാം പിരിച്ചു വിട്ട് എടിഎം പൂട്ടുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം ബാങ്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. സാങ്കേതിക തകരാറാണ് പ്രശ്നത്തിനു കാരണമെന്ന് ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തി.
100 രൂപയുടെ നോട്ടുകൾക്കു പകരം എടിഎം ട്രേയിൽ 500 രൂപയുടെ കറൻസി നോട്ടുകളാണ് ഉണ്ടായിരുന്നതെന്നും ബാങ്ക് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എടിഎമ്മിൽ നിന്ന് പുറത്തുവന്ന പണം തിരിച്ചു നൽകിയ വടക്കൻ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സിറ്റിയിലുള്ള ഒരു പതിനൊന്നുകാരനെക്കുറിച്ച് മുൻപ് വാർത്ത പുറത്തു വന്നിരുന്നു. ഒരു സൂപ്പർമാർക്കറ്റിന് അകത്തെ എടിഎമ്മിലായിരുന്നു സംഭവം നടന്നത്. എടിഎം കിയോസ്കിലെ ബട്ടണുകളിൽ അമർത്തി കളിക്കുകയായിരുന്നു ജാക്ക് ഗ്രീൻഹാൽഗ് എന്ന പയ്യൻ. പെട്ടെന്ന് പണം പുറത്തു വരുന്നത് കണ്ട ഈ കുട്ടി ഉടൻ തന്നെ അടുത്തുള്ള ഒരു ക്ലീനറെയും ഗാർഡിനെയും വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ഗാർഡ് വന്ന് പണം ശേഖരിച്ചു. 400 പൗണ്ട് (ഏകദേശം 40,000 രൂപ) ആണ് എ ടി എമ്മിൽ നിന്ന് പുറത്തുവന്നത്. ജാക്ക് എ ടി എമ്മിൽ എത്തുന്നതിന്റെ തൊട്ടു മുമ്പ് മെഷീൻ ഉപയോഗിച്ച ഒരു സ്ത്രീയുടെ അക്കൗണ്ടിൽ നിന്നാണ് ഇത്രയും പണം പിൻവലിക്കപ്പെട്ടതെന്ന് പിന്നീട് അധികൃതർ പറഞ്ഞു. എ ടി എമ്മിൽ നിന്ന് പണം വരുന്നില്ല എന്നു പറഞ്ഞ് ഈ സ്ത്രീ ഗാർഡിനോട് പരാതിപ്പെട്ടിരുന്നു.
സംഭവം അരങ്ങേറിയ ഉടനെ ജാക്ക് തന്റെ അമ്മയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് അമ്മ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പണം നഷ്ടപ്പെട്ടു എന്ന് പരാതിപ്പെട്ട സ്ത്രീയെ കണ്ടെത്താൻ വേണ്ടി ഒരു പോസ്റ്റിട്ടു. പോസ്റ്റ് കണ്ട സ്ത്രീ പിന്നീട് ജാക്കിന്റെ അമ്മയെ ബന്ധപ്പെടുകയും ബാങ്ക് അധികൃതർ വഴി പണം കൈപ്പറ്റുകയുമായിരുന്നു. തന്റെ മകനെ കുറിച്ച് ഏറെ അഭിമാനം തോന്നുന്നുവെന്നും ജാക്കിന്റ അമ്മ പറഞ്ഞിരുന്നു. ജാക്കിന്റെ നന്മ നിറഞ്ഞ പ്രവർത്തനം ഇഷ്ടപ്പെട്ട ആളുകൾ ക്രൗഡ് സോഴ്സിംഗ് വഴി പണം കണ്ടെത്തി അവന് നൽകുകയും ചെയ്തു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.