പോലീസ് സ്റ്റേഷനില്‍ നിന്ന് വാഹനം വിട്ടുകിട്ടാന്‍ സ്വന്തം കുട്ടിയുടെ കുടുക്കയില്‍ നിന്നുള്ള പണം ചെലവഴിക്കാന്‍ തുനിഞ്ഞ ഓട്ടോ ഡ്രൈവര്‍ക്ക് പിഴത്തുക അടയ്ക്കാന്‍ പണം നല്കി നാഗ്പൂരിലെ പോലീസ് ഉദ്യോഗസ്ഥന് മാതൃകയായി. പോലീസ് ഈടാക്കിയ 2,000 രൂപ പിഴയടയ്ക്കാന്‍ ഓട്ടോ ഡ്രൈവര്‍ മകന്റെ സമ്പാദ്യത്തില്‍ നിന്നുള്ള പണമെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് ഇന്‍സ്പെക്റ്റര്‍ അജയ് മാള്‍വിയ പണം നല്കാന് തീരുമാനിച്ചത് എന്ന് നാഗ്പൂര്‍ സിറ്റി പോലീസ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു.
പാര്‍ക്കിങ് നിരോധിത സ്ഥലത്ത് ഓട്ടോ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നാണ് രോഹിത് ഖഡ്സെ എന്ന ഓട്ടോ ഡ്രൈവര്‍ക്ക് നാഗ്പൂര്‍ പോലീസ് ഓഗസ്റ്റ് 8-ന് 200 രൂപ പിഴ ചുമത്തിയത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മുമ്പ് ചുമത്തപ്പെട്ട പിഴകള്‍ കൂടി ചേര്‍ന്ന് ആകെ 2,000 രൂപയാണ് അദ്ദേഹത്തിന് അടയ്ക്കേണ്ടി വന്നത്. പിഴയടയ്ക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് രോഹിത്തിന്റെ ഓട്ടോറിക്ഷ പോലീസ് പിടിച്ചെടുത്തത്.
രോഹിത്തിന്റെ കുടുംബം ഈ ഓട്ടോ റിക്ഷയെ മാത്രം ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് വരുമാനത്തില്‍ ഇടിവുണ്ടായതോടെ രോഹിത്തിന് പിഴയൊടുക്കാനുള്ള പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാലാണ് മകന്റെ സമ്പാദ്യത്തില്‍ നിന്ന് പണമെടുക്കേണ്ടി വന്നത്. രോഹിത്തിന്റെ മകന് കുറേക്കാലമായി കുടുക്കയില്‍ സൂക്ഷിച്ചിരുന്ന നാണയങ്ങളുമായി രോഹിത്ത് പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ആ നാണയങ്ങള്‍ സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനെ തുടര്‍ന്ന് നിറകണ്ണുകളോടെ രോഹിത്ത് സീനിയര്‍ ഇന്‍സ്പെക്റ്റര്‍ അജയ് മാള്വിയയെ സമീപിച്ചു. എങ്ങനെയെങ്കിലും ഓട്ടോ തനിക്ക് വിട്ടു തരണമെന്ന് അദ്ദേഹം അപേക്ഷിച്ചു. രോഹിത്തിന്റെ കൈയിലെ നാണയങ്ങള്‍ നിറഞ്ഞ പ്ലാസ്റ്റിക് സഞ്ചി ശ്രദ്ധിച്ച ഇന്‍സ്പെക്റ്റര്‍ കാര്യമെന്താണെന്ന് വിശദമായി അന്വേഷിക്കുകയായിരുന്നു. ആ ഓട്ടോറിക്ഷ ഡ്രൈവറുടെ സാമ്പത്തികാവസ്ഥ നേരിട്ട് മനസിലാക്കിയ മാള്‍വിയ രോഹിത്തിനോട് മകന്റെ പണം തിരികെ കൊണ്ടുപോകാന്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പിഴത്തുക സ്വന്തമായി അടയ്ക്കുകയും ചെയ്തു. രോഹിത് ഖഡ്സെയുടെ കുടുംബവുമായി നില്ക്കുന്ന ഇന്‍സ്പെക്റ്റര്‍ മാള്വിയയുടെ ചിത്രവും നാഗ്പൂര്‍ പോലീസ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
മാള്വിയയുടെ മഹാമനസ്കതയെ പ്രകീര്‍ത്തിച്ചുകൊണ്ട് നിരവധി കമന്റുകള്‍ നാഗ്പൂര്‍ പോലീസിന്റെ പോസ്റ്റിന് കീഴില്‍ വരുന്നുണ്ട്. മാള്‍വിയ സാറിന്റെ പ്രവൃത്തി അഭിനന്ദനീയമാണെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു. പ്രശംസനീയമായ കാര്യമാണ് ഇന്‍സ്പെക്റ്റര്‍ മാള്‍വിയ ചെയ്തതെന്നും നാഗ്പൂര്‍ സിറ്റി പോലീസിനെ ഓര്‍ത്ത് തങ്ങള്‍ക്ക് അഭിമാനം ഉണ്ടെന്നും മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് എഴുതി. അച്ചടക്കത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉത്തമ ഉദാഹരണമാണ് മാള്വിയയുടെ പ്രവൃത്തിയെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.