• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'സമൂഹത്തിന്റെ കണ്ണിൽ ഒന്നുമാവാതെപോയ സർഗ പ്രതിഭകളെയാണ് പുതുതലമുറ വീട്ടിലെത്തി ആദരിക്കുന്നത്'; നജീബ് മൂടാടിയുടെ കുറിപ്പ്

'സമൂഹത്തിന്റെ കണ്ണിൽ ഒന്നുമാവാതെപോയ സർഗ പ്രതിഭകളെയാണ് പുതുതലമുറ വീട്ടിലെത്തി ആദരിക്കുന്നത്'; നജീബ് മൂടാടിയുടെ കുറിപ്പ്

''വൈകിപ്പോയെങ്കിലും ‌ഇത് അർഹിക്കുന്നത് തന്നെയാണ്. പ്രിവിലേജുകൾക്ക് മേൽ അടയിരുന്നുകൊണ്ട് അവരെ അപമാനിക്കരുത്''

News18 Malayalam

News18 Malayalam

 • Share this:
  വിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന പ്രതിഭകളെ ആദരിക്കൽ പരിപാടിയെ പിന്തുണച്ച് എഴുത്തുകാരനും പ്രവാസിയുമായ നജീബ് മൂടാടി. സമൂഹത്തിന്റെ കണ്ണിൽ ഒന്നുമാവാതെ പോയ സർഗപ്രതിഭകളെയാണ് പുതുതലമുറ വീട്ടിലെത്തി ആദരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വൈകിപ്പോയെങ്കിലും ‌ഇത് അർഹിക്കുന്നത് തന്നെയാണ്. പ്രിവിലേജുകൾക്ക് മേൽ അടയിരുന്നുകൊണ്ട് അവരെ അപമാനിക്കരുതെന്നും അദ്ദേഹം എഴുതുന്നു. 'ഇതിൽ ബഹുഭൂരിപക്ഷവും ജീവിതത്തിൽ വല്ലാതെ തോറ്റു പോയ മനുഷ്യരാണ്. ഉള്ള നേരത്തിന് നാലു കാശുണ്ടാക്കി പത്രാസ്സിൽ ജീവിക്കാതെ കലയെന്നും സാഹിത്യമെന്നുമൊക്കെ പറഞ്ഞ് ജീവിതം തുലച്ചു കളയുന്നവരെ 'ഓന് പ്രാന്താണ്' എന്ന പുച്ഛത്തോടെയും പരിഹാസത്തോടെയും അല്ലാതെ സമൂഹം കണ്ടിട്ടുണ്ടോ?. പേരും പ്രശസ്തിയും പണവുമായാൽ ഇച്ചിരി മതിപ്പൊക്കെ തോന്നുമെന്നല്ലാതെ അതുവരെയും അങ്ങനെ ഉള്ളവരെ 'ഒന്നിനും കൊള്ളാത്തവൻ' എന്ന് പരിഹസിക്കുകയല്ലേ നമ്മുടെ ശീലം'- അദ്ദേഹം കുറിക്കുന്നു.

  Also Read- കണ്ണൂർ ചെറുപുഴയിൽ വിദ്യാർഥിയുടെ ആത്മഹത്യ; അധ്യാപകർക്കെതിരെ രക്ഷിതാക്കൾ

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

  ആദരിക്കപ്പെടുക തന്നെ വേണം സാർ.

  പ്രശസ്തനായ ഒരു സാഹിത്യകാരനോ കഥകളി ആചാര്യനോ ബസ്സിൽ യാത്ര ചെയ്യുകയാണ് എന്ന് കരുതുക. സഹയാത്രികരിൽ എത്ര പേർ അവരെ തിരിച്ചറിയും. കഥകളി പ്രേമികളോ സ്ഥിരമായി കഥകൾ വായിക്കുന്ന വല്ല വായനാ ഭ്രാന്തന്മാരോ മനസ്സിലാക്കിയാലായി.

  സിനിമാക്കാരും നിരന്തരം ടെലിവിഷനിലും മറ്റ് മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്നവരും അല്ലാത്ത കലാ-സാഹിത്യ രംഗത്തുള്ള സെലിബ്രിറ്റികളുടെ പോലും അവസ്‌ഥ ഇതാണ്. അപ്പോൾ നമ്മുടെ നാട്ടിലെ സാധാരണക്കാരായ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സ്ഥിതി പറയാനുണ്ടോ?.

  അതുകൊണ്ടാണ്, വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരം ഈ ശിശുദിനം മുതൽ രണ്ടാഴ്ചക്കാലം നമ്മുടെ നാട്ടിലെ സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികളും അധ്യാപകരും അതാത് പ്രദേശത്തെ കലാ/സാഹിത്യ/ശാസ്ത്ര/കായിക രംഗത്തെ പ്രതിഭകളെ വീട്ടിൽ ചെന്ന് ആദരിക്കുന്നതിന്റെ ചിത്രങ്ങളും വാർത്തകളും കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നത്.

  ഞാൻ പഠിച്ച മൂടാടി മാപ്പിള LP സ്‌കൂൾ ആദരിക്കാൻ തെരഞ്ഞെടുത്തത് ഓട്ടൻതുള്ളൽ കലാകാരനായ സുകുമാരൻ നായരെയാണ്. ഒരു കാലത്ത് അരങ്ങിൽ നിറഞ്ഞു നിന്ന അദ്ദേഹത്തെ ഇന്ന് നാട്ടുകാരിൽ പോലും പലർക്കും-പ്രത്യേകിച്ചും യുവതലമുറക്ക്-കൂടുതൽ അറിയാൻ സാധ്യതയില്ല. അതുകൊണ്ട് തന്നെ ആ ആദരവ് ഒരു നാട് മുഴുവനും ഒരു കലാകാരന് നൽകുന്ന ആദരവിന് സമാനമായിരുന്നു.

  ഇങ്ങനെ കേരളത്തിലെ 14,000 സ്‌കൂളുകൾ അതാത് പ്രദേശങ്ങളിൽ നിന്നുള്ള പ്രതിഭകളെ വീടുകളിൽ ചെന്ന് ആദരിക്കുകയും അവർ നൽകുന്ന സന്ദേശം സ്‌കൂൾ അസംബ്ലിയിൽ വായിക്കുകയും, ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവ പുസ്തകരൂപത്തിൽ ഇറക്കുകയും ചെയ്യുന്നുവെങ്കിൽ അത് എത്രയോ അഭിനന്ദനീയമായ കാര്യമല്ലേ.

  എന്നാൽ ഇതിനെയും വിമർശിച്ചും പരിഹസിച്ചും ഫേസ്‌ബുക്കിൽ ചിലർ എഴുതിയത് കാണുമ്പോൾ ചിലതെങ്കിലും പറയാതിരിക്കാനാവുന്നില്ല.

  സമൂഹത്തിന്റെ കണ്ണിൽ ജീവിതത്തിൽ ഒന്നുമാവാതെ പോയ ഒരുപാട് സർഗ്ഗ പ്രതിഭകളെയാണ് നാട്ടിലെ പുതുതലമുറ വീട്ടിൽ എത്തി ആദരിക്കുന്നത് എന്നോർക്കണം സാർ. ഇതിൽ ബഹുഭൂരിപക്ഷവും ജീവിതത്തിൽ വല്ലാതെ തോറ്റു പോയ മനുഷ്യരാണ്.

  ഉള്ള നേരത്തിന് നാലു കാശുണ്ടാക്കി പത്രാസ്സിൽ ജീവിക്കാതെ കലയെന്നും സാഹിത്യമെന്നുമൊക്കെ പറഞ്ഞ് ജീവിതം തുലച്ചു കളയുന്നവരെ 'ഓന് പ്രാന്താണ്' എന്ന പുച്ഛത്തോടെയും പരിഹാസത്തോടെയും അല്ലാതെ സമൂഹം കണ്ടിട്ടുണ്ടോ?. പേരും പ്രശസ്തിയും പണവുമായാൽ ഇച്ചിരി മതിപ്പൊക്കെ തോന്നുമെന്നല്ലാതെ അതുവരെയും അങ്ങനെ ഉള്ളവരെ 'ഒന്നിനും കൊള്ളാത്തവൻ' എന്ന് പരിഹസിക്കുകയല്ലേ നമ്മുടെ ശീലം.

  ഇങ്ങനെ ഒരു 'പ്രാന്ത്' ഉണ്ടായതിന്റെ പേരിൽ എത്ര അവഹേളനങ്ങൾ അപമാനങ്ങൾ അവർ അനുഭവിച്ചിരിക്കും. വിദ്യാഭ്യാസം, മികച്ച ജോലി...എന്തൊക്കെ വേണ്ടെന്ന് വെച്ചിരിക്കും, ദാരിദ്ര്യവും പ്രയാസങ്ങളും സഹിച്ചിരിക്കും. ബന്ധുക്കളും നാട്ടുകാരും എത്ര പരിഹസിച്ചിരിക്കും. ചിലപ്പോൾ ജീവിത പങ്കാളിയും മക്കളും പോലും എത്രയോ വട്ടം കുറ്റപ്പെടുത്തിയിട്ടു ണ്ടായിരിക്കും.

  എന്നിട്ടും ഉള്ളിലുള്ളൊരു തീ കെടാതെ സൂക്ഷിച്ചവരാണ്. ചിലരെങ്കിലും തളർന്ന് പോയപ്പോൾ
  കുടുംബം പോറ്റാനുള്ള നെട്ടോട്ടത്തിനിടയിൽ എല്ലാ സർഗ്ഗാത്മകതയും മാറ്റി വെച്ച് ഒതുങ്ങിപ്പോയതാണ്. ഇങ്ങനെയെങ്കിലും അവരൊന്ന് ആദരിക്കപ്പെടേണ്ടേ സാർ?.

  ഈ ഒരു പരിപാടിയോടോ അതല്ലെങ്കിൽ തങ്ങൾക്ക് അനിഷ്ടമുള്ള ആരൊക്കെയോ ആദരിക്കപ്പെടുന്നതിൽ ഉള്ള അസ്കിത മൂലമോ ആണെന്ന് തോന്നുന്നു ചിലർക്ക് ഈ 'പ്രതിഭകളെ ആദരിക്കൽ' ഒട്ടും ദഹികാഞ്ഞത്.

  വിരലിൽ എണ്ണാവുന്ന സെലിബ്രിറ്റികൾ ആദരിക്കപ്പെട്ടത് മാത്രം കാണുന്നത് കൊണ്ടാണ്.
  നാളെ ചിലപ്പോൾ ചരമക്കോളത്തിൽ വായിക്കുമ്പോൾ മാത്രം 'ഓ...ഇങ്ങേര് ഇതൊക്കെ ആയിരുന്നോ!' എന്ന് നാട്ടുകാർ പോലും പറഞ്ഞേക്കാവുന്ന 14000 പേരാണ് ഇങ്ങനെ ഈ കൊച്ചു കേരളത്തിൽ ആദരിക്കപ്പെടുന്നത്!. തങ്ങളുടെ ദേശത്തെ വിദ്യാലയത്തിലെ അധ്യാപകരും മിടുക്കരായ വിദ്യാർഥികളും അവരോട് തങ്ങളുടെ അനുഭവങ്ങളെ കുറിച്ചും അടയാളപ്പെടുത്തലുകളെ കുറിച്ചും ചോദിക്കുന്നത്. എത്ര മനോഹരമായ ഒരു അനുഭവമാണത്!. എന്തിനാണ് ഇതിൽ പോലും ഇത്രക്ക് അസഹിഷ്ണുത.

  ജീവിച്ചിരുന്ന കാലത്ത് എത്രയോ ആഗ്രഹിച്ചിട്ടും നാട്ടുകാരുടെയോ പലപ്പോഴും വീട്ടുകാരുടെയോ അംഗീകാരമോ അനുമോദനമോ ലഭിക്കാതെ മരണാനന്തരം മാത്രം ബഹുമതി നൽകപ്പെട്ട എത്രയെത്ര കലാകാരന്മാർ ഈ മണ്ണിൽ...
  അതിലും എത്രയോ നല്ലതല്ലേ സാർ വളർന്നു വരുന്ന തലമുറ അതാതു പ്രദേശത്തെ പ്രതിഭകളെ അടുത്തറിയുന്നതും പരിചയപ്പെടുന്നതും.

  മികച്ച ജോലിയും ജീവിത ചുറ്റുപാടും അതിന്റെയൊക്കെ പേരിൽ അർഹിക്കുന്നതിലേറെ ആദരവും അംഗീകാരവും ലഭിക്കുന്നവർക്ക്, എന്തിന് ഒരു ഫേസ്‌ബുക്ക് ID കൊണ്ടു തന്നെ സെലിബ്രിറ്റി ആയി തിളങ്ങാൻ കഴിയുന്ന ഇക്കാലത്ത്, പ്രതിഭയും കഴിവും ഉണ്ടായിട്ടും ജീവിത പ്രാരാബ്ധങ്ങൾ കാരണം പുറം ലോകത്ത് അറിയപ്പെടാതെ അവനവനിലേക്ക് തന്നെ ഒതുങ്ങിപ്പോയ കലാകാരനെയും എഴുത്തുകാരനെയും മനസ്സിലാവണം എന്നില്ല. അരക്ഷിതമായ ജീവിത ചുറ്റുപാടിലും കലയും സാഹിത്യവും ജീവശ്വാസമായി കൊണ്ടു നടക്കുന്ന ചെറുപ്പക്കാരെ അറിയണമെന്നില്ല. കുടഞ്ഞു കളയാൻ കഴിയാത്ത നോവും കൊണ്ട് അസ്വസ്ഥരായി ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് അവർ. ആരെങ്കിലും ആദരിക്കുകയോ അംഗീകരിക്കുകയോ ചെയ്യുമ്പോൾ വിമർശിക്കാതിരിക്കാനുള്ള സന്മനസ്സെങ്കിലും കാണിച്ചൂടെ സാർ.

  ഇത്തിരി സർഗ്ഗശേഷി പ്രകടിപ്പിക്കുന്നവരെയും വേറിട്ടു ചിന്തിക്കുന്നവരെയും ചെറുപ്പം മുതൽ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരുമൊക്കെ നിരുത്സാഹപ്പെടുത്തിയും പരിഹസിച്ചും കൈവിട്ടു പോയി എന്ന് ഖേദിച്ചും, സ്വന്തം പ്രയത്നത്തിലൂടെ അവർ നാലാൾ അറിയപ്പെടുന്ന സെലിബ്രിറ്റി ഒക്കെയായി ഉയർന്നാൽ, എന്റെ ബന്ധുവാണ് നാട്ടുകാരനാണ് എന്നൊക്കെ അഭിമാനിക്കുന്നതും ആണല്ലോ നമ്മുടെ ശീലം.

  ഊതിവീർപ്പിച്ച പൊങ്ങച്ചങ്ങൾക്ക് മേൽ കൊണ്ടാടപ്പെടുന്നവരെ ഒക്കെ കാലം മറക്കും. യഥാർഥ പ്രതിഭകളെ വരാനിരിക്കുന്ന തലമുറകളെങ്കിലും കണ്ടെത്തുകയും ആദരിക്കുകയും ചെയ്യും. അതാണല്ലോ കലയുടെയും സാഹിത്യത്തിന്റെയും വിജ്ഞാനത്തിന്റെയും ചരിത്രം നമ്മെ പഠിപ്പിച്ചതും എന്ന് മറക്കാതിരിക്കുക.

  ഇത്തിരി വൈകിപ്പോയെങ്കിലും അർഹിക്കുന്നത് തന്നെയാണ് സാർ. പ്രിവിലേജുകൾക്ക് മേൽ അടയിരുന്നു കൊണ്ട് അവരെ അപമാനിക്കരുത്.   
  First published: