• HOME
 • »
 • NEWS
 • »
 • buzz
 • »
 • Assembly Election 2021: മോദിയും മമതയും എല്ലാം ഒരു കുടക്കീഴിൽ; ഹിറ്റായി ഹൗറയിലെ ബേക്കറി

Assembly Election 2021: മോദിയും മമതയും എല്ലാം ഒരു കുടക്കീഴിൽ; ഹിറ്റായി ഹൗറയിലെ ബേക്കറി

ഖുറുട്ടു മേഖലയിലെ നേതാജി സുഭാഷ് റോഡിലുള്ള മാഗൻദേശ്വരി ബേക്കറിയിലാണ് ഈ രസകരമായ കാഴ്ച്ച. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഗോദയിലുള്ള എല്ലാ പ്രധാന നേതാക്കളുടെയും ചെറിയ രൂപം ബേക്കറിയിൽ ഒരുക്കിയിട്ടുണ്ട്.

News18 Malayalam

News18 Malayalam

 • Share this:
  കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ശക്തമായ മത്സരം നടക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. വിവിധ ഘട്ടങ്ങളിലായി 294 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ശക്തമായ വാക്പോരുകളാണ് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ നടത്തുന്നത്. എന്നാൽ ഹൗറയില്‍ എത്തിയാൽ പരസ്പരം കൊമ്പ് കോർക്കുന്ന എല്ലാ നേതാക്കളും ചിരിച്ച മുഖവുമായി ഒരു കുടക്കീഴിൽ നിൽക്കുന്നത് നിങ്ങൾക്ക് കാണാം.

  ഖുറുട്ടു മേഖലയിലെ നേതാജി സുഭാഷ് റോഡിലുള്ള മാഗൻദേശ്വരി ബേക്കറിയിലാണ് ഈ രസകരമായ കാഴ്ച്ച. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഗോദയിലുള്ള എല്ലാ പ്രധാന നേതാക്കളുടെയും ചെറിയ രൂപം ബേക്കറിയിൽ ഒരുക്കിയിട്ടുണ്ട്. പാൽക്കട്ടി ഉപയോഗിച്ചാണ് എല്ലാ രൂപവും നിർമ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി,കോൺഗ്രസ് നേതാവ് അദിർ ചൗദരി, സിപിഎം നേതാക്കളായ ബിമൻ ബോസ്, അബ്ബാസ് സിദ്ദിഖി എന്നിവരുടെ രൂപങ്ങളാണ് ബേക്കറിയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

  വീൽചെയറിൽ മൈക്കുമായി ഇരിക്കുന്ന മമതാ ബാനർജിയുടെ രൂപം നഗരത്തിലെ തന്നെ പ്രധാന ചർച്ചയാണ്. തൊട്ടടുത്ത് തന്റേതായ രീതിയിലുള്ള വസ്ത്രം ധരിച്ച് മോദിയുമുണ്ട്. ഷാൾ ചുറ്റിയുള്ള സിപിഎം നേതാവ് ബിമൻ ബോസിന്റെ രൂപവും സന്ദർശകരുടെ ശ്രദ്ധ ആകർഷിക്കുന്നു.

  Also Read- മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ചിത്രങ്ങൾ കാണാം

  മൊത്തം 15 കിലോ ഗ്രാം പാൽക്കട്ടി ഉപയോഗിച്ചാണ് എല്ലാ രൂപങ്ങളും തയ്യാറാക്കിയിരിക്കുന്നതെന്ന്  ബേക്കറി ഉടമ കെഷ്ദോ ഹൽദാർ പറയുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ ആലേപനം ചെയ്ത മധുര പലഹാരങ്ങളും കടയിൽ ഒരുക്കിയിട്ടുണ്ട്. പർപ്പിൾ , ചുവപ്പ്, പച്ച നിറങ്ങളിലുള്ള രസഗുളകളിലും പാർട്ടി ചിഹ്നങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്.

  എല്ലാ സാധാരണക്കാരായ ആളുകളെയും പോലെ സമാധാനപരമായി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കണം എന്നാണ് ഞാനും ആഗ്രഹിക്കുന്നത്. നേതാക്കളുടെ ഇത്തരം രൂപങ്ങൾ തയ്യാറാക്കുന്നതിലൂടെ മധുരവും ഒപ്പം സമാധാനവും വ്യാപിപ്പിക്കാനാകുമെന്നാണ് വിശ്വാസം- ബേക്കറി ഉടമ പറഞ്ഞു.

  എട്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് ഘട്ടങ്ങൾ ഇതിനോടകം അവസാനിച്ചു. തെരഞ്ഞെടുപ്പിനിടെ പരക്കെ അക്രമ സംഭവങ്ങൾ ബംഗാളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്നലെ നടന്ന രണ്ടാം ഘട്ട പോളിംഗിനിടെയും ബിജെപി- തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. മമതാ ബാനർജിയും ബിജെപിയുടെ സുവേന്ദു അധികാരിയും തമ്മിൽ മത്സരിക്കുന്ന നന്ദിഗ്രാമിലാണ് കഴിഞ്ഞ ദിവസം കൂടുതൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്.

  Also Read ഭർത്താവിന് കോവിഡ് 19; പ്രിയങ്ക ഗാന്ധി ക്വാറന്റീനിൽ; നേമത്ത് പ്രചരണത്തിന് എത്തില്ല

  വോട്ടർമാരെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ  അനുവദിക്കില്ലെന്ന് കാണിച്ച് മമതാ ബാനർജി ഗവർണർ ജഗദീപ് ധൻഖറെ ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു.
  അതിനിടെ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയുടെ വാഹനത്തിന് നേരെയും കല്ലേറുണ്ടായി. കേശവ്പൂരിൽ ബിജെപി യുടെ വനിതാ ബൂത്ത് ഏജൻ്റിനും മർദ്ദനമേറ്റു. ബൂത്തിലേക്ക് പോകുന്ന വോട്ടർമാരെ തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്നു എന്ന് കാണിച്ച് ഘടൽ എന്ന സ്ഥലത്ത് സിപിഎം പ്രതിഷേധിച്ചു. മെയ് 2 നാണ് ബംഗാളിലെ വോട്ടെണ്ണൽ
  Published by:Rajesh V
  First published: