HOME » NEWS » Buzz » NASA HAS BEEN RANKED AS THE BEST PLACE TO WORK IN THE US FEDERAL GOVERNMENT MM

തുടർച്ചയായ ഒൻപതാം വർഷവും മികച്ച തൊഴിലിടം എന്ന നേട്ടവുമായി നാസ, കോവിഡിനെതിരായ പോരാട്ടത്തിലും ഒന്നാമത്

കഴിഞ്ഞ വർഷം നാസയിലെ ജീവനക്കാരുടെ സംതൃപ്തിയുടെ സൂചികയും എക്കാലത്തെയും മികച്ച നിലയിലായിരുന്നു

News18 Malayalam | news18-malayalam
Updated: July 1, 2021, 10:27 PM IST
തുടർച്ചയായ ഒൻപതാം വർഷവും മികച്ച തൊഴിലിടം എന്ന നേട്ടവുമായി നാസ, കോവിഡിനെതിരായ പോരാട്ടത്തിലും ഒന്നാമത്
ചിത്രം: IANS
  • Share this:
അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന് കീഴിൽ ജോലി ചെയ്യാൻ ഏറ്റവും മികച്ച സ്ഥാപനമായി തുടർച്ചയായി ഒൻപതാം തവണയും നാസയെ തെരഞ്ഞെടുത്തു. കോവിഡ് മഹാമാരിക്കെതിരായ പ്രവർത്തനങ്ങളിലും ചുമതലകൾ കൃത്യമായി നിറവേറ്റിയ ഏറ്റവും വലിയ ഏജൻസികളിൽ ഒന്നാം സ്ഥാനവും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസക്കുണ്ട്.

പാർട്നർഷിപ്പ് ഫോർ പബ്ലിക്ക് സർവ്വീസും ആഗോള മാനേജിംഗ് കൺസൽട്ടിംഗ് സ്ഥാപനമായ ബോസ്റ്റൺ കൺസൽട്ടിംഗ് ഗ്രൂപ്പും സംയുക്തമായി നടത്തിയ റാങ്കിംഗിലാണ് നാസക്ക് അംഗീകാരം ലഭിച്ചത്. മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നതുൾപ്പടെയുള്ള ദൗത്യങ്ങളില്‍ നാസയുടെ അർപ്പണ ബോധവും, ശ്രദ്ധയും, സമർപ്പണവും പ്രതിഫലിക്കുന്നത് കൂടിയാണ് റാങ്കിംഗ്. കഴിഞ്ഞ വർഷം നാസയിലെ ജീവനക്കാരുടെ സംതൃപ്തിയുടെ സൂചികയും എക്കാലത്തെയും മികച്ച നിലയിലായിരുന്നു.

രാജ്യം മുമ്പെങ്ങും കാണാത്ത പ്രശ്നങ്ങൾ നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോൾ നാസയിലെ ജീവനക്കാർ അർപ്പണ ബോധവും നിശ്ചയദാർഢ്യവും കാണിച്ചു എന്നതിന്റെ തെളിവാണ് ഈ നേട്ടമെന്ന് നാസയുടെ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു.



ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്മെന്റിന്റെ വർഷം തോറും നടത്തി വരുന്ന സർക്കാർ ജീവനക്കാർക്കിടിയിലുള്ള സർവ്വേയുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. 482 ഫെഡറൽ ഏജൻസികളിൽ നിന്നും 624,800 ജീവനക്കാരുടെ അഭിപ്രായങ്ങൾ ശേഖരിച്ചാണ് സർവ്വേ തയ്യാറാക്കിയിരിക്കുന്നത്. 2003 മുതൽ ആണ് ദ പാർട്നർഷിപ്പ് ഓഫ് പബ്ലിക്ക് സർവ്വീസ് മികച്ച തൊഴിലിടങ്ങളുടെ റാങ്കിംഗ് പുറത്ത് വിടാൻ ആരംഭിച്ചത്.

ആറ് ദശാബ്ദത്തോളമായി ബഹിരാകാശ മേഖലയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ ഏജൻസിയാണ് നാസ. നാഷണൽ എയറോനോട്ടിക്ക് ആൻഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷൻ എന്നാണ് നാസ എന്നതിന്റെ പൂർണ്ണ രൂപം. വിജയകരമായ ധാരാളം ബഹിരാകാശ യാത്രകൾക്കും പദ്ധതികൾക്കും നാസ രൂപം നൽകിയിട്ടുണ്ട്. ഏകദേശം 150 തവണയാണ് മനുഷ്യനെ ഭൂമിയുടെ ഭ്രമണപഥത്തിൽ നാസ എത്തിച്ചിട്ടുള്ളത്.1958-ൽ സ്ഥാപിതമായ നാസയുടെ ആസ്ഥാനം വാഷിങ്ടൺ ആണ്.

1972 ന് ശേഷം മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ വീണ്ടും ആരംഭിക്കുകയാണ് നാസ. എലോൺ മസ്ക്കിന്റെ സ്പേസ് എക്സാണ് നാസയുമായി സഹകരിക്കുന്നത്. 2.9 ബില്യണ്ന്റെ ഒരു കരാറാണ് നാസ മസ്ക്കിന് നൽകിയിരിക്കുന്നത്. 2024ഓടെ ശാസ്ത്രജ്ഞരെ ചന്ദ്രനിൽ എത്തിക്കാൻ പാകത്തിലുള്ള ബഹിരാകാശ വാഹനം സ്പേസ് എക്സ് തയ്യാറാക്കും. നാസയുടെ ആർട്ടെമിസ് പ്രോഗ്രാം പ്രകാരമാണ് നിർമ്മാണം. രണ്ട് അമേരിക്കൻ ബഹിരാകാശ ശാസ്ത്രജ്ഞരാണ് വാഹനത്തിൽ ഉണ്ടാവുക. ഒരു ക്യാബിനും രണ്ട് എയർ ലോക്കുകളും അടങ്ങിയതായിരിക്കും വാഹനം.

ശാസ്ത്രജ്ഞരുടെ കൂട്ടത്തിൽ ഒരു വനിതയും ഉണ്ടായിരിക്കും എന്നാണ് അറിയുന്നത്. മനുഷ്യരെ വഹിച്ചുള്ള യാത്രക്ക് മുമ്പ് ചന്ദ്രനിലേക്ക് ഒരു ടെസ്റ്റ് ഫ്ലൈറ്റും സ്പെയ്സ് എക്സ് അയക്കും. ചന്ദ്രനിലേക്ക് സ്ഥിരമായി സർവ്വീസ് നടത്തുന്ന ഒരു പ്ലാനും സ്പേസ് എക്സ് വിഭാവനം ചെയ്തിരുന്നു.

നേരത്തെ ജഫ് ബെസോസിന്റെ ബ്ലൂ ഒറിജിനെ മറികടന്നാണ് നാസയുമായുള്ള കരാർ എലോൺ മസ്ക്കിന്റെ സ്പേസ് എക്സിന് ലഭിച്ചത്.
Published by: user_57
First published: July 1, 2021, 10:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories