ഭൂമിയുടെ അന്തരീക്ഷത്തിലെ ഒരു പ്രധാന പാളിയാണ് മീസോസ്ഫിയർ. 50 മുതൽ 100 കിലോമീറ്റർ ഉയരമുള്ള അന്തരീക്ഷ പാളിയാണിത്. ഓരോ വർഷവും 40,000 ടൺ ഉൽക്കകളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നത് ഈ അന്തരീക്ഷ പാളിയാണ്. എന്നാൽ മീസോസ്ഫിയർ ചുരുങ്ങുന്നതായാണ് നാസയുടെ പുതിയ റിപ്പോർട്ട്. ഓരോ ദശകത്തിലും 500 മുതൽ 650 അടി വരെ ചുരുങ്ങുകയും ഈ അന്തരീക്ഷ പാളി കൂടുതൽ തണുക്കുകയും ചെയ്യുന്നുണ്ടെന്ന് നാസ ഉപഗ്രഹങ്ങൾ കണ്ടെത്തി.
മൂന്ന് നാസ ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച്, 30 വർഷത്തെ നിരീക്ഷണത്തിൽ നിന്നാണ് ഇങ്ങനെ ഒരു വിവരം ശാസ്ത്രജ്ഞർ പുറത്തു വിട്ടിരിക്കുന്നത്. ഈ വിവരങ്ങൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മീസോസ്ഫിയറിൽ ഒരു ദശകത്തിനിടെ 2.7 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് അനുഭവപ്പെടുന്നതായും കണ്ടെത്തി.
ശാസ്ത്രജ്ഞരുടെ അഭിപ്രായം അനുസരിച്ച് ചുരുങ്ങുന്ന മീസോസ്ഫിയർ അന്തരീക്ഷത്തെ ചുരുക്കുകയും ഉപഗ്രഹങ്ങളുടെ വലിച്ചിടൽ കുറയ്ക്കുകയും ചെയ്യും. ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ നിന്ന് പുറത്തേക്ക് തള്ളിവിടുന്ന അന്തരീക്ഷത്തിലെ ഘർഷണമാണ് സാറ്റലൈറ്റ് ഡ്രാഗ്.
Also Read-
സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി മോഷണം; വൈറലായി കള്ളന്റെ കുറിപ്പ്
ഹരിതഗൃഹ വാതകം പുറന്തള്ളുന്നതാണ് മീസോസ്ഫിയർ ചുരുങ്ങാൻ പ്രധാന കാരണം. പുതിയ കണ്ടെത്തലുകൾ ശാസ്ത്രജ്ഞരെ ആശ്ചര്യപ്പെടുത്തിയില്ല. കാരണം ഇത് അവർ പ്രതീക്ഷിച്ചതായിരുന്നു. ഏപ്രിൽ 20 ന് ജേണൽ ഓഫ് അറ്റ്മോസ്ഫെറിക് ആൻഡ് സോളാർ ടെറെസ്ട്രിയൽ ഫിസിക്സിൽ ഈ പഠനം പ്രസിദ്ധീകരിച്ചിരുന്നു.
ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഹരിതഗൃഹ വാതകങ്ങൾ ട്രോപോസ്ഫിയറിലെ ഏറ്റവും കൂടുതൽ താപത്തെ - അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന പാളിയിലേയ്ക്ക് കടത്തി വിടും. ഇതുകൊണ്ട് തന്നെ ഭൂമിയുടെ ഉപരിതലം, സമുദ്ര ഉപരിതലം, ട്രോപോസ്ഫിയർ എന്നിവ ചൂടാകുകയും ആഗോളതാപനത്തിന് കാരണമാവുകയും ചെയ്യുന്നു. എന്നാൽ ഇതിന്റെ മറ്റൊരു ഫലം മീസോസ്ഫിയറിൽ കുറഞ്ഞ താപം എത്തുന്നു എന്നതാണ്. അതുകൊണ്ടാണ്, മീസോസ്ഫിയറിന്റെ തണുപ്പിക്കൽ ഹരിതഗൃഹ വാതക പുറന്തള്ളലുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത്.
അടുത്തിടെ നടന്ന മറ്റൊരു കണ്ടെത്തലിൽ, മീസോസ്ഫിയറിന് താഴെയുള്ള അന്തരീക്ഷത്തിന്റെ പാളിയായ സ്ട്രാറ്റോസ്ഫിയർ ഒരു ദശകത്തിൽ 300 അടിയിലധികം കുറയുന്നുണ്ടെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. അന്തരീക്ഷത്തിലെ മറ്റൊരു നിർണായക പാളിയായ സ്ട്രാറ്റോസ്ഫിയർ ചുരുങ്ങുന്നതിന് പിന്നിലെയും പ്രധാന കാരണം ഹരിതഗൃഹ വാതകങ്ങളാണ്. സ്ട്രാറ്റോസ്ഫിയറിന്റെ ചുരുങ്ങൽ റേഡിയോ ആശയവിനിമയത്തെ വരെ സാരമായി ബാധിച്ചേക്കാം.
കഴിഞ്ഞ വർഷം മുതൽ കൊറോണ വൈറസ് വ്യാപനം ആഗോളാടിസ്ഥാനത്തിൽ വാണിജ്യ - വ്യാവസായിക മേഖലയെ പ്രതികൂലമായിബാധിച്ചിരുന്നു. ഇത് മിക്ക രാജ്യങ്ങൾക്കും സാമ്പത്തികമായി നഷ്ടമുണ്ടാക്കിയെങ്കിലും പരിസ്ഥിതിക്ക് കാര്യമായ നേട്ടം ഉണ്ടായതായാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. സതേൺ കാലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ നൈട്രജൻ ഓക്സൈഡ് (NOx) അന്തരീക്ഷത്തിൽ പുറം തള്ളുന്നതിന്റെ അളവ് കുറഞ്ഞതോടെ ഓസോൺ മലിനീകരണം 15 ശതമാനം കുറഞ്ഞതായി കണ്ടെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.