യുഎസ് എയര്‍ ഫോഴ്സിന്റെ ( US Air Force) ലെഫ്റ്റനന്റ് കേണലും (Lieutenant colonel) സ്പേസ് എക്സിന്റെ (SpaceX) ആദ്യ ഫ്ലൈറ്റ് സര്‍ജനുമായ (Flight surgeon) അനില്‍ മേനോനെ (Anil Menon) അടുത്തിടെ നാസ (NASA) ട്രെയിനിയായി തിരഞ്ഞെടുത്തിരുന്നു.
ഇന്ത്യന്‍ വംശജനായ അനില്‍ മേനോന് അടുത്തവര്‍ഷം ആദ്യം മുതല്‍ പരിശീലനം ആരംഭിക്കും. ചന്ദ്രനിലേക്ക് (Moon) പറക്കാന്‍ അവസരം ലഭിച്ചേക്കാവുന്ന 10 പുതിയ ബഹിരാകാശയാത്രികരില്‍ (Astronaut) ഒരാളാണ് അനില്‍ മേനോന്.
എലോണ്‍ മസ്കിന്റെ സ്പേസ് എക്സിന്റെ 'ഡെമോ-2' (Demo-2) ദൗത്യത്തിന്റെ വിക്ഷേപണത്തിന് സഹായിക്കുകയും ഭാവി ബഹിരാകാശ ദൗത്യങ്ങളില്‍ മനുഷ്യരെ പിന്തുണയ്ക്കുന്നതിനായി ഒരു മെഡിക്കല്‍ ഓര്ഗനൈസേഷന് തുടങ്ങുകയും ചെയ്ത വ്യക്തിയാണ് അനില്‍ മേനോന്. പോളിയോ വാക്സിനേഷനെക്കുറിച്ച് പഠിക്കാനും പിന്തുണയ്ക്കാനുമായി റോട്ടറി അംബാസഡര്‍ സ്കോളര്‍ ആയി ഇന്ത്യയിലും അദ്ദേഹം ഒരു ഒരു വര്‍ഷം ചെലവഴിച്ചു. അതിനു മുമ്പ്, ബഹിരാകാശയാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്ന വിവിധ പര്യവേഷണങ്ങളുടെ ക്രൂ ഫ്ലൈറ്റ് സര്‍ജനായി നാസയുടെ കൂടെ പ്രവര്‍ത്തിച്ചു.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഇന്ത്യയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും മസാലക്കൂട്ടുകളോടും സുഗന്ധവ്യഞ്ജനങ്ങളോടുമുള്ളതന്റെ ഇഷ്ടത്തെക്കുറിച്ചും മേനോന് സംസാരിക്കുകയുണ്ടായി. സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ക്കുന്നത് കൊണ്ട് മിക്ക ബഹിരാകാശയാത്രികര്‍ക്കും ബഹിരാകാശത്ത് കഴിക്കാനിഷ്ടം ഇന്ത്യന്‍ ഭക്ഷണം ആണെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ആളുകള്‍ ബഹിരാകാശത്ത് ചെല്ലുമ്പോള്‍ ഭക്ഷണങ്ങള്‍ക്ക് വ്യത്യസ്ത രുചിയായിരിക്കും. ആ സമയത്ത് നിങ്ങള്‍ക്ക് മണമറിയാന്‍ കഴിയില്ല. ദ്രാവകങ്ങള്‍ എല്ലാം അവിടെ പൊങ്ങിക്കിടക്കും. അതിനാല്‍ അവിടെ കഴിക്കാന്‍ കൂടുതല്‍ സ്പൈസിയായ ഇന്ത്യന്‍ ഭക്ഷണമാണ് ഇഷ്ടമെന്ന് ധാരാളം ബഹിരാകാശയാത്രികര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.', അദ്ദേഹം പറഞ്ഞു.
തന്റെ പിതാവ് കേരളത്തില്‍ നിന്നുള്ളയാളായതിനാല്‍ കേരളത്തിന് തന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് മേനോന് കൂട്ടിച്ചേര്‍ത്തു. ഭാര്യയുമായി അടുത്തിടെ താന്‍ കേരളം സന്ദര്‍ശിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 'എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം കേരളത്തിനുണ്ട്. മലയാളികള്‍ ഞങ്ങളെ നല്ല രീതിയില്‍ സ്വാഗതം ചെയ്തു. അവര്‍ വളരെ സ്നേഹത്തോടെ ഞങ്ങളോട് പെരുമാറി. ഇന്ത്യയില്‍ സമയം ചെലവഴിച്ചത് ഈ ജോലിക്കായി സ്വയം സജ്ജമാകാന്‍ എന്നെ സഹായിച്ചു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനില്‍ മേനോന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ന്യൂറോബയോളജി പഠിക്കുകയും ഹണ്ടിംഗ്ടണ്‍സ് രോഗത്തെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. പിന്നീട് സ്റ്റാന്‍ഫോര്‍ഡ് മെഡിക്കല്‍ സ്കൂളില്‍ നിന്ന് എഞ്ചിനീയറിംഗും മെഡിസിനും പഠിച്ചു. തന്റെ എയ്റോസ്പേസ് പരിശീലനവേളയില്‍, പരിക്കേറ്റ യോദ്ധാക്കളെ ചികിത്സിക്കാനും കൊണ്ടുപോകാനുമുള്ള യുഎസ് എയര്‍ ഫോഴ്സ് ക്രിട്ടിക്കല്‍ കെയര്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് ടീമിനൊപ്പം അദ്ദേഹം രണ്ട് തവണ പ്രവര്‍ത്തിച്ചു. വിക്ഷേപണത്തിനും ലാന്‍ഡിംഗിനും മെഡിക്കല്‍ സഹായം നല്‍കുന്നതിനായി അദ്ദേഹം പിന്നീട് എയര്‍ ഫോഴ്സ് റിസര്‍വുകളിലേക്ക് മാറി.
2018 ല്‍, മേനോന് സ്പേസ്എക്സില്‍ ചേര്‍ന്നു, അവിടെ അദ്ദേഹം അതിന്റെ മെഡിക്കല്‍ പ്രോഗ്രാം ആരംഭിക്കുകയും മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള കമ്പനിയുടെ ദൗത്യങ്ങളില്‍ സഹായിക്കുകയും ചെയ്തു. അഞ്ച് വിക്ഷേപണങ്ങളുടെ പ്രധാന ഫ്ലൈറ്റ് സര്‍ജനായി സേവനമനുഷ്ഠിച്ച അദ്ദേഹം അവരുടെ ഗവേഷണ പ്രോഗ്രാം, സ്വകാര്യ ബഹിരാകാശ യാത്രിക പരിപാടികള്‍ എന്നിവ ആരംഭിക്കാന്‍ സഹായിക്കുകയും സ്റ്റാര്‍ഷിപ്പിന്റെ വികസനത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.