നെറ്റ്ഫ്ളിക്സില്‍ (Netflix) ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ജനപ്രിയ സീരീസ് ആണ് സ്ക്വിഡ് ഗെയിം (squid game). ഇപ്പോള്‍ സ്ക്വിഡ് ഗെയിം മാതൃകയില്‍ റിയാലിറ്റി ടിവി ഷോ (reality tv show) പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. 456 മത്സരാര്‍ത്ഥികളായിരിക്കും റിയാലിറ്റി ഷോയില്‍ പങ്കെടുക്കുക. മത്സരത്തിലെ വിജയിക്ക് 4.56 മില്യണ്‍ യുഎസ് ഡോളറാണ് സമ്മാനമായി ലഭിക്കുക. കഴിഞ്ഞ ദിവസം സ്ക്വിഡ് ഗെയിം സീരിസിന്റെ രണ്ടാം സീസണിന്റെ പ്രഖ്യാപനവും നെറ്റ്ഫ്ളിക്സ് നടത്തിയിരുന്നു.
'സ്ക്വിഡ് ഗെയിം ദി ചാലഞ്ച്' (squid game the challenge) എന്നാണ് റിയാലിറ്റി ഷോയുടെ പേര്. 21 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം. മത്സരാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. 2023ന്റെ തുടക്കത്തിലാകും മത്സരം നടക്കുക. മത്സരത്തില്‍ നിന്ന് പുറത്താക്കുന്ന ആര്‍ക്കും പരിക്കുകൾ സംഭവിക്കില്ലെന്നും നെറ്റ്ഫ്ളിക്സ് (netflix) വ്യക്തമാക്കി. നെറ്റ്ഫ്ളിക്സിന്റെ എക്കാലത്തെയും ജനപ്രിയ സീരിസ് എന്ന റെക്കോര്‍ഡ് സ്ക്വിഡ് ഗെയിം സ്വന്തമാക്കിയിട്ടുണ്ട്. സീരീസ് സ്ട്രീം ചെയ്ത് ആദ്യ 28 ദിവസത്തിനുള്ളില്‍ തന്നെ 111 മില്യണ്‍ ഉപയോക്താക്കളാണ് സീരീസ് കണ്ടത്.
2020ല്‍ അക്കാദമി അവാര്‍ഡ് നേടിയ പാരാസൈറ്റിന്റെ വിജയ തുടര്‍ച്ചയെന്നോണമാണ് സ്ക്വിഡ് ഗെയിമിനെ വിലയിരുത്തുന്നത്. ഹ്വാങ് ഡോങ്-ഹ്യുക് ആണ് സര്‍വൈവല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ സംവിധായകൻ. ലീ ജംഗ് ജേ, പാര്‍ക് ഹേ സൂ, ജങ് ഹൂ-ഇയോണ്‍, ഓ യങ് സൂ, ഗോങ് യൂ വി ഹാ-ജൂണ്‍, അനുപം ത്രിപതി എന്നിവരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. ഡല്‍ഹി സ്വദേശിയായ അനുപം ത്രിപതി, അലി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുമായി ബന്ധമുള്ള നടന് ജോഫ്രി ജിയുലിയാനോയും പരമ്പരയില്‍ അഭിനയിച്ചിട്ടുണ്ട്.
Also Read-
ഇ-റിക്ഷയിൽ നിന്ന് ബസിന് മുന്നിലേക്ക് വീണ കുഞ്ഞിനെ രക്ഷിക്കുന്ന ട്രാഫിക് പൊലീസുകാരൻ; വീഡിയോ വൈറൽ"കഴിഞ്ഞ വർഷം സ്ക്വിഡ് ഗെയിമിന്റെ ആദ്യ സീസൺ പുറത്തിറക്കാൻ 12 വർഷമെടുത്തു. എന്നാൽ സ്ക്വിഡ് ഗെയിം എക്കാലത്തെയും ജനപ്രിയമായ നെറ്റ്ഫ്ലിക്സ് സീരീസായി മാറാൻ 12 ദിവസം മാത്രമേ എടുത്തുള്ളൂവെന്ന്" സ്ക്വിഡ് ഗെയിമിന്റെ സംവിധായകനും എഴുത്തുകാരനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ഹ്വാങ് ഡോങ്-ഹ്യൂക്ക് തിങ്കളാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു. പുറത്തിറങ്ങി നാലാം ദിനം തന്നെ പരമ്പര ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 456 വ്യക്തികള്‍ ആറു കളികളില്‍ ഏര്‍പ്പെടുന്നതാണ് ഒമ്പത് എപ്പിസോഡുകള്‍ ഉള്ള സ്ക്വിഡ് ഗെയിമിന്റെ ആദ്യ സീസണ്.
അതേസമയം, ഏപ്രിലില്‍ നെറ്റ്ഫ്ളിക്സിന് വരിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ നെറ്റ്ഫ്ളിക്സിന്റെ ഓഹരികളില്‍ 25 ശതമാനം ഇടിവും രേഖപ്പെടുത്തി. നെറ്റ്ഫ്ലിക്സ് മറ്റ് സ്ട്രീമിംഗ് എതിരാളികളിൽ നിന്ന് കടുത്ത മത്സരത്തെ അഭിമുഖീകരിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.