നെറ്റ്ഫ്ളിക്സില്‍ (netflix) റിലീസ് ചെയ്ത കൊറിയന്‍ ഭാഷാ പരമ്പരയാണ് സ്ക്വിഡ് ഗെയിം (squid game). വളരെയധികം ജനപ്രീതി നേടി മുന്നിട്ടു നില്ക്കുന്ന സീരീസ് ആയിരുന്നു സ്ക്വിഡ് ഗെയിം. എന്നാല്‍ ഇപ്പോള്‍ ചൈനയിലെ (china) ഇ-കൊമേഴ്സ് സൈറ്റുകളില്‍ (e-commerce site) സ്ക്വിഡ് ഗെയിമുമായി ബന്ധപ്പെട്ട എല്ലാ കീവേര്‍ഡുകളും നിരോധിച്ചിരിക്കുകയാണ് (banned). സ്ക്വിഡ് ഗെയിമുമായി ബന്ധപ്പെട്ട യാതൊരു കീവേര്‍ഡുകളും തെരഞ്ഞെടുക്കുമ്പോള്‍ ലഭിക്കുന്നില്ലെന്നാണ് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ടാബോ മാര്‍ക്കറ്റ്, ജെഡി.കോം, പിന്ഡ്വോഡുവോ എന്നീ സൈറ്റികളിലൊന്നും തന്നെ സെര്‍ച്ച് ചെയ്താല്‍ സ്ക്വിഡ് ഗെയിം ലഭിക്കുന്നില്ല. എന്നാൽ, ഉപഭോക്താക്കള്‍ അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ലഭ്യമാക്കാനുള്ള വഴികള്‍ കണ്ടെത്തിയിട്ടുണ്ട്. കൊറിയ, ഹലോവീന്‍ കോസ്റ്റിയൂം എന്നിങ്ങനെയുള്ള പകരം വാക്കുകളാണ് അവര്‍ സെര്‍ച്ച് ചെയ്യുന്നതിനായി കണ്ടെത്തിയിരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ കളിപ്പാട്ട കച്ചവടക്കാരനായ സെങ് പറയുന്നത്, സ്ക്വിഡ് ഗെയിമുമായി ബന്ധപ്പെട്ട ഉത്പ്പന്നങ്ങളൊന്നും തന്നെ ഷോയുമായി ബന്ധപ്പെട്ട കീവേര്‍ഡുകള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്നില്ലെന്നാണ്.
ചൈനയില്‍ നെറ്റ്ഫ്ളിക്സ് ലഭ്യമല്ലാത്തതുകൊണ്ട്, സ്ക്വിഡ് ഗെയിം രാജ്യത്ത് റിലീസ് ചെയ്തിട്ടില്ല. മറ്റ് പ്ലാറ്റ്ഫോമുകള്‍ക്ക് കര്‍ശനമായ ലൈസന്‍സ് നിയമങ്ങള്‍ ഉള്ളതുകൊണ്ട് അവയൊന്നും തന്നെ സീരീസ് സംപ്രേക്ഷണം ചെയ്തിട്ടില്ല താനും. എന്നാൽ അനൗദ്യോഗിക സൈറ്റുകള്‍ വഴിയും ഫയലുകള്‍ കൈമാറ്റം ചെയ്യുന്നതിലൂടെയും ചൈനയില്‍ വളരെയധികം ജനകീയമായ സീരീസ് ആയി സ്ക്വിഡ് ഗെയിം മാറിയിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ബെയ്ജിങിലെ ഒരു ബേക്കറിയില്‍ സ്ക്വിഡ് ഗെയിം തീമുമായി ബന്ധമുള്ള പലഹാരങ്ങള്‍ ഉണ്ടാക്കിയിരുന്നു. ദക്ഷിണ കൊറിയന്‍ ഷോയുടെ ജനപ്രീതി മുതലെടുക്കാന്‍ ഈ അവസരം അവര്‍ വിനിയോഗിക്കുകയായിരുന്നുവെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്.
ചൈനയിലെ ഫാക്ടറികളിലെല്ലാം ഇപ്പോള്‍ സ്ക്വിഡ് ഗെയിമുമായി ബന്ധപ്പെട്ട ഉത്പ്പന്നങ്ങള്‍ പുറത്തിറക്കാനുള്ള തിരക്കിലാണ്. പരമ്പരയെ മുതലെടുക്കാനുള്ള ശ്രമത്തിലാണ് ഇവരും. ജംപ്സ്യൂട്ടുകള്, കറുത്ത മുഖാവരണങ്ങള്‍, ട്രാക്ക് കിറ്റുകള്‍ തുടങ്ങിയ ഉത്പ്പന്നങ്ങളാണ് ഇവയില്‍ കൂടുതലും.
നേരത്തെ, സ്ക്വിഡ് ടോക്കണ്‍ (squid token) എന്ന പേരില്‍ പുതിയൊരു ടോക്കണ്‍ ക്രിപ്റ്റോകറന്‍സി പുറത്തിറക്കിയിരുന്നു. വെബ്സൈറ്റ് റിപ്പോര്‍ട്ട് പ്രകാരം ബിനാന്‍സ് സ്മാര്‍ട് ചെയിന്‍ നെറ്റ്വർക്കിന്റെ ആദ്യത്തെ ഗെയിം ടോക്കണ്‍ കൂടിയാണ് സ്ക്വിഡ് ടോക്കണ്‍. സ്ക്വിഡ് ടോക്കണ്‍ ആപ്ലിക്കേഷന്‍ പ്രൈസ് പൂള് ഉണ്ടായിരിക്കും. പെര്സെയിലില് സ്വരൂപിച്ച തുകയുടെ 2 ശതമാനമായിരിക്കും പ്രൈസ് പൂള്. കൂടാതെ നിങ്ങളില്‍ 10 പേര്‍ക്ക് ഗെയിമുകളിലും ആപ്ലിക്കേഷനിലും പങ്കെടുക്കാനും, 3 പേര്‍ക്ക് പ്രൈസ് പൂള് വിഭജിക്കാനും കഴിയും. ഈ സീരിസിലെ അതേ ഫോര്‍മാറ്റ് തന്നെയാണ് ഗെയിമിലും പിന്തുടരുന്നത്.
സെപ്റ്റംബര്‍ 17ന് ആയിരുന്നു സ്ക്വിഡ് ഗെയിം നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: China, E commerce Website, Netflix, Netflix web series