ഒരു ജോലി ലഭിക്കുക എന്നത് മുമ്പത്തേതിനേക്കാൾ ഇന്ന് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിരവധി കടമ്പകൾ കടന്നാൽ മാത്രമാണ് മികച്ച കമ്പനികളിൽ നിങ്ങൾക്ക് അവസരം ലഭിക്കുക. എന്നാൽ ജോലിയ്ക്ക് അപേക്ഷിക്കുന്നതിലെ ആദ്യ ഘട്ടമാണ് സിവി (CV) തയ്യാറാക്കൽ. ഒരു അപേക്ഷകൻ ഇന്റർവ്യൂ വരെ എത്തിപ്പെടാൻ സിവി പ്രധാന പങ്കുവഹിക്കുന്നു. അതുകൊണ്ട് തന്നെ സിവി ആകർഷകമാക്കുന്നതിൽ തൊഴിൽ അന്വേഷകർ ഏറെ ശ്രദ്ധിക്കുകയും വേണം.
അടുത്തിടെ ഇന്ത്യ ടുഡേയിലെ മുതിർന്ന പത്രപ്രവർത്തകൻ ശിവ് അരൂർ ട്വിറ്ററിൽ രസകരമായ പോസ്റ്റ് കുറിച്ചതിനെ തുടർന്നാണ് സിവികളിലെ പുതിയ മാറ്റങ്ങൾ ചർച്ചയായി മാറിയത്. സിവികളിൽ ‘സംഗീതം കേൾക്കും’ എന്ന പതിവ് ഹോബി ഒഴിവാക്കണം എന്നാണ് ശിവ് അരൂർ കുറിച്ചത്. ഇത് രസകരമായ ഒരു ചർച്ചയിലേയ്ക്ക് തന്നെ നയിക്കുകയും ചെയ്തു. സിവികളിൽ കണ്ടെത്തിയ വിചിത്രമായ ഹോബികളിൽ ചിലത് ട്വിറ്റർ ഉപഭോക്താക്കൾ പങ്കുവച്ചു.
ചില ആളുകൾ ഇപ്പോൾ 'സർഫിംഗ് ഇന്റർനെറ്റ്' ഒരു ഹോബിയായി എഴുതാൻ തുടങ്ങിയെന്ന് ശുക്ല ജി. എന്ന ട്വിറ്റർ ഉപഭോക്താവ് പറഞ്ഞു. തന്റെ ഓഫീസിനായി നടത്തിയ ഇന്റർവ്യൂവിൽ ഒരു ഉദ്യോഗാർത്ഥി ഇന്റർനെറ്റിലെ തിരച്ചിൽ തന്റെ ഒരു കഴിവായാണ് രേഖപ്പെടുത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിവിയിൽ താൻ നെറ്റ്ഫ്ലിക്സിന് അടിമയാണെന്ന് കുറിച്ച വിരുതന്മാരും ഉണ്ടെന്ന് മറ്റൊരു ട്വിറ്റർ ഉപഭോക്താവ് പറഞ്ഞു. എഫ്ബി, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിൽ തങ്ങളുടെ ഫോളോവേഴ്സിന്റെ എണ്ണം പരാമർശിക്കുന്ന ധാരാളം ആളുകളും ഉണ്ടെന്ന് ചിലർ കമന്റ് ചെയ്തു. സൗഹൃദത്തെ ഒരു ഹോബിയായി എഴുതിയ സിവി തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് മറ്റൊരു ഉപഭോക്താവ് കുറിച്ചു.
അരൂരിന്റെ ട്വീറ്റിന് മറുപടിയായി പലരും ചില വിചിത്രമായ ഹോബികൾ പങ്കുവച്ചു. ജോലിയിൽ പ്രവേശിക്കാൻ സഹായിച്ച സ്വന്തം സിവികളെക്കുറിച്ചും നിരവധി ആളുകൾ അഭിപ്രായപ്പെട്ടു. കുറച്ചുപേർ ‘സംഗീതം കേൾക്കും’ എന്ന ഹോബിയെ പിന്തുണച്ചും രംഗത്തെത്തി. പാട്ട് കേട്ടുകൊണ്ട് ജോലി ചെയ്യുമ്പോൾ മികച്ച പ്രവർത്തനം കാഴ്ച്ച വയ്ക്കാനാകുമെന്നാണ് ചിലരുടെ അഭിപ്രായം.
Please don't write 'listening to music' as a hobby/interest in your CV. 😭
അടുത്തിടെ, മുംബൈയിൽ നിന്നുള്ള 3 ഡി ഗ്രാഫിക്, മോഷൻ ഡിസൈനറായ അവ്കാഷ് ഷാ, ജോലി നേടാൻ ആഗ്രഹിക്കുന്ന കമ്പനിയുടെ ഒരു മോഷൻ വീഡിയോ നിർമ്മിക്കുകയും ഇന്റേൺഷിപ്പ് നേടുന്നതിനായി ലിങ്ക്ഡ്ലനിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മറ്റൊരു സംഭവത്തിൽ, ജോലി അന്വേഷിക്കുന്ന ഒരാൾ ഡോണട്ട്സിനൊപ്പം പെട്ടിയിലാക്കി തൊഴിലുടമയ്ക്ക് തന്റെ ബയോഡാറ്റ അയച്ചു നൽകി.
ഈ ഡെലിവറി മാറിപ്പോയതല്ലെന്നും തന്റെ സിവി റിക്രൂട്ട് ചെയ്യുന്നയാൾക്ക് വ്യക്തിപരമായി എത്തിച്ചു നൽകുന്നതിനാണ് ഇങ്ങനെയൊരു ഡെലിവറി നടത്തിയതെന്നും അപേക്ഷകൻ വ്യക്തമാക്കിയിരുന്നു. 'മിക്ക റെസ്യൂമെകളും ചവറ്റുകുട്ടയിൽ ഉപേക്ഷിക്കുമെന്നും, എന്നാൽ എന്റേത് നിങ്ങളുടെ വയറ്റിലെത്തുമെന്നും' അപേക്ഷകൻ കുറിച്ചിരുന്നു.
Summary: Netizens mentioned some of the most weird hobbies they found listed on CVs
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.